ന്യൂഡൽഹി: സ്വരൂപ് രാജിന് ഹരിദ്വാറിൽ ഗംഗാതീരത്ത് സഹോദരൻ തിങ്കളാഴ്ച ബലിയിടും. ഇപ്പോഴും കണ്ണീരുണങ്ങാത്ത മിഴികളോടെ അച്ഛനമ്മമാരും ബന്ധുക്കളും ഒപ്പമുണ്ടാകും. ആചാരപ്രകാരം ചടങ്ങിനുപോകാനാവാത്ത ഭാര്യ കൃതി ശ്രീവാസ്തവ അന്നും സൂരജ്പുർ പോലീസ് സ്റ്റേഷനിലെത്തും; തൊഴിലിടത്തും ജീവിതത്തിലും വിജയം മാത്രം നേടിയ സ്വരൂപിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച ചതിചെയ്തവർക്കെതിരേ കൊടുത്ത പരാതിയിൽ അന്വേഷണം എവിടെവരെയെത്തിയെന്നറിയാൻ. ലൈംഗികാതിക്രമങ്ങൾ മറയില്ലാതെ തുറന്നുപറയാൻ സ്ത്രീകളെ പ്രേരിപ്പിച്ച മീടൂ പ്രചാരണം ദുരുപയോഗം ചെയ്തതിന്റെ ഇരയാണ് കോതമംഗലം സ്വദേശിയായ സ്വരൂപ്. ബഹുരാഷ്ട്ര കമ്പനിയായ ജെൻപാക്ടിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായിരുന്നു മുപ്പത്തിയഞ്ചുകാരനായ അദ്ദേഹം. ലൈംഗികാരോപണത്തിന്റെപേരിൽ കമ്പനി സസ്പെൻഡ് ചെയ്തതിനാൽ ഈ മാസം 18-നാണ് അദ്ദേഹം നോയ്ഡയിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്. “11 വർഷമായി എന്റെ ഭർത്താവ് ജെൻപാക്ടിൽ ജോലിചെയ്യുന്നു. പെട്ടെന്നൊരു ദിവസം മുന്നറിയിപ്പില്ലാതെ സസ്പെൻഡ് ചെയ്യുകയായിരുന്നു. പ്രോസസ് ഡെവലപ്പർ എന്ന താഴ്ന്നതസ്തികയിൽ തുടങ്ങിയ അദ്ദേഹം നിരന്തര പരിശ്രമത്തിലൂടെ രണ്ടുമാസം മുമ്പാണ്, 45,000 പേരോളം ജോലിചെയ്യുന്ന കമ്പനിയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായത്. മൂന്നുവർഷമായി ഞാനും ഇതേ കമ്പനിയിൽ ജോലിചെയ്യുന്നു. എല്ലാവരും ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ വളർച്ചയിൽ അസൂയപൂണ്ടവരുടെ ഗൂഢാലോചനയാണ് ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങൾക്കുപിന്നിൽ. അതു വെളിച്ചത്തുകൊണ്ടുവരുംവരെ ഞാൻ വെറുതെയിരിക്കില്ല. സൂരജ്പുർ പോലീസിനും യു.പി. മുഖ്യമന്ത്രിക്കും പരാതിനൽകിയിട്ടുണ്ട്. പക്ഷേ, അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്” -ഉത്തർപ്രദേശുകാരിയായ കൃതി പറഞ്ഞു. എന്നും വൈകീട്ട് നാലുമണിയോടെ സ്വരൂപും കൃതിയും ഒന്നിച്ചാണ് ജോലിക്കുപോകാറ്. ജീവനൊടുക്കിയ അന്ന് ഉച്ചയ്ക്ക് മീറ്റിങ്ങിനെന്നു പറഞ്ഞ് സ്വരൂപിനെ ഓഫീസിലേക്ക് വിളിപ്പിച്ചു. “അന്നു വൈകീട്ട് ഓഫീസിലെ ഞങ്ങളുടെ പൊതുസുഹൃത്ത് വിളിച്ച് ഫ്ളാറ്റിന്റെ താക്കോൽ സ്വരൂപിനു വേണമെന്നു പറഞ്ഞു. തിരക്കായതിനാൽ കൂടുതൽ അന്വേഷിച്ചില്ല. രാത്രി പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോൾ തുറക്കാത്തതിനാൽ സംശയമായി. സുഹൃത്തിനെ വിളിച്ചപ്പോൾ, രണ്ടു സഹപ്രവർത്തകമാരുടെ പരാതിയിൽ സ്വരൂപിനെ അന്ന് സസ്പെൻഡ് ചെയ്തുവെന്നും അതിന്റെ വിഷമത്തിലാണ് നേരത്തേ വീട്ടിലേക്കു പോന്നതെന്നും അറിഞ്ഞു. വാതിൽ തുറന്ന് അകത്തുകടക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു” -കൃതി പറഞ്ഞു. എറണാകുളം കോതമംഗലത്തെ കറുകടം പുത്തൻപുര കുമാരൻ രാജന്റെയും ആറ്റിങ്ങൽ സ്വദേശി ഉഷയുടെയും മകനാണ് സ്വരൂപ്. 1991-ൽ ഗാർമെന്റ് എക്സ്പോർട്ട് ഹൗസിൽ ജോലിക്കായാണ് രാജൻ ഡൽഹിയിലെത്തിയത്. കോതമംഗലം എം.എ. കോളേജിലെ പഠനശേഷം ഡൽഹിയിലെത്തി എം.ബി.എ. പൂർത്തിയാക്കിയാണ് സ്വരൂപ് നോയിഡയിലെ കമ്പനിയിൽ ജോലിക്കുചേർന്നത്. സഹോദരൻ അരൂപ് രാജ് ഗുഡ്ഗാവിലാണ്. അരൂപിന് ചെറിയ കുഞ്ഞുള്ളതിനാൽ രാജനും ഉഷയും അവിടെയാണ് താമസം. മരിക്കുന്നതിനു തൊട്ടുമുമ്പ് സ്വരൂപ് അമ്മയെ വിളിച്ചിരുന്നു. “അവൻ പാവമാണ്. ടെൻഷനൊന്നും താങ്ങാൻ പറ്റുന്ന ആളായിരുന്നില്ല” -രാജനും ഉഷയും പറഞ്ഞു. ഏറ്റവും കൂടുതൽക്കാലം ജെൻപാക്ടിൽ ജോലിചെയ്തതിനും മികച്ച സേവനത്തിനും കഴിഞ്ഞവർഷം കമ്പനി സ്വരൂപിനെ ആദരിച്ചിരുന്നു. “35 വയസ്സിനുള്ളിൽ മുപ്പത്തഞ്ചിലധികം വിദേശരാജ്യങ്ങൾ സ്വരൂപ് സന്ദർശിച്ചിട്ടുണ്ട്. 24 ലക്ഷത്തിലധികം രൂപ വർഷം ശമ്പളം വാങ്ങിയിരുന്നു. കമ്പനിയിൽ ഈയിടെ എത്തിയവരാണ് സ്വരൂപിനെതിരേ പരാതിപറഞ്ഞത്. ആരാണവരെന്ന് കമ്പനി പറയുന്നില്ല. ഡിസംബർ 15-ന് സംഭവം നടന്നുവെന്നാണ് പറയുന്നത്. അന്ന് കമ്പനി അവധിയാണ്. എന്നിട്ടാണ് ഒരു നടപടിക്രമവും പാലിക്കാതെ പെട്ടെന്നു വിളിപ്പിച്ച്, കമ്പനിയിലോ വീട്ടിലോ ഇനി ജോലിചെയ്യരുതെന്ന് നിർദേശിച്ചത്” -കൃതി പറഞ്ഞു. തങ്ങൾ ഡൽഹിയിലായതിനാലാണ് ആരും സഹായിക്കാനില്ലാത്തതെന്നും മലയാളികളൊന്നും യാഥാർഥ്യമറിയാത്തതിനാലാണ് തങ്ങൾക്കു നീതികിട്ടാൻ ശ്രമിക്കാത്തതെന്നും രാജൻ വിതുമ്പലോടെ പറഞ്ഞു. ഭാര്യയ്ക്ക് കത്തെഴുതിവെച്ചാണ് സ്വരൂപ് മരിച്ചത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്തസ്സോടെ ജീവിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. അന്വേഷണപുരോഗതി വെളിപ്പെടുത്താനാകില്ല മനീത് പ്രതാപ് സിങ് എന്ന ഇൻസ്പെക്ടറാണ് കേസന്വേഷിക്കുന്നതെന്നും അദ്ദേഹമിപ്പോൾ അവധിയിലാണെന്നും അന്വേഷണപുരോഗതിയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും സൂരജ്പുർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. മുനീഷ് ചൗഹാൻ 'മാതൃഭൂമി'യോട് പറഞ്ഞു. കൃതിയുടെ പരാതിയെക്കുറിച്ച് ജെൻപാക്ട് കമ്പനിയുടെ പ്രതികരണത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കമ്പനിക്കയച്ച ഇ-മെയിലിനും വാർത്തയെഴുതുംവരെ മറുപടി കിട്ടിയിട്ടില്ല. content highlights:Genpact Assistant V-P Swaroop Raj Commits Suicide in Noida over Accusations of Sexual Harassment
from mathrubhumi.latestnews.rssfeed http://bit.ly/2RqIN5q
via
IFTTT
No comments:
Post a Comment