തൃശ്ശൂർ: പ്രളയശേഷമുള്ള നവകേരള നിർമാണത്തിന് ചെലവുചുരുക്കുമെന്നു പറഞ്ഞ സർക്കാർ നാലുകോടിയോളം രൂപ ചെലവാക്കി പഞ്ചായത്ത് ദിനം ആഘോഷിക്കുന്നു. ഇപ്പോഴും ആൾക്കാർ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന തൃശ്ശൂർ ജില്ലയിൽ, വൻകിട കൺവെൻഷൻ സെന്ററിലാണ് രണ്ടുദിവസത്തെ പരിപാടി. നൂറുവീടെങ്കിലും വെച്ചുകൊടുക്കാനുള്ള പണമാണ് ഇത്തരത്തിൽ പൊടിക്കുന്നത്. 4000 പ്രതിനിധികളാണ് ഇതിൽ പങ്കെടുക്കുക. സെമിനാറുകളാണ് പ്രധാന അജൻഡ. 15 കമ്മിറ്റികൾ രൂപവത്കരിച്ചു, അവലോകനങ്ങളും നടക്കുന്നു. വരുന്നവർ സംതൃപ്തിയോടെ മടങ്ങണമെന്നാണ് കമ്മിറ്റികൾക്ക് നൽകിയിരിക്കുന്ന നിർദേശം. പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്ന മുൻ ഗുജറാത്ത് മുഖ്യമന്ത്രി ബൽവന്ത് റായ് മേത്തയുടെ ജൻമദിനമായ ഫെബ്രുവരി 19 ആണ് പഞ്ചായത്ത് ദിനാഘോഷമായി നടത്തുന്നത്. കേരളംമാത്രമാണ് ഇങ്ങനെയൊരു ആഘോഷം നടത്തുന്നത്. ഇക്കുറി ഫെബ്രുവരി 18, 19 തീയതികളിൽ തൃശ്ശൂർ പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിലാണ് ആഘോഷം. കഴിഞ്ഞവർഷം തദ്ദേശമന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ ജില്ലയായ മലപ്പുറത്തായിരുന്നു, ഇക്കൊല്ലം എ.സി. മൊയ്തീൻ മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ ജില്ലയിൽ നടക്കുന്നു എന്ന വ്യത്യാസംമാത്രം. പങ്കെടുക്കുന്നത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംമാത്രം 941 ഗ്രാമപ്പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറുകോർപ്പറേഷനുകൾ, ഒരു ടൗൺഷിപ്പ്, 14 ജില്ലാപഞ്ചായത്തുകൾ, 14 ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകൾ, ഡയറക്ടർ ഓഫീസ്, മന്ത്രിയുടെ ഓഫീസ് എന്നിവടങ്ങളിൽനിന്ന് രണ്ടുപേരെങ്കിലും വന്നാൽ തന്നെ 2432 പേർ ആകും. എന്നാൽ അതായിരിക്കില്ല അവസ്ഥ. ആയിരത്തോളം ഡ്രൈവർമാർതന്നെ ഉണ്ടാവും. ചുരുങ്ങിയത് നാലായിരം പേരെങ്കിലും എത്തും എന്ന കണക്കിലാണ് സ്വാഗതസംഘത്തിന്റെ പ്രവർത്തനം. ചെലവുവരുന്ന വഴി ഇങ്ങനെ 30 ലക്ഷം രൂപയുടെ ഭക്ഷണമാണ് രണ്ടുദിവസം മൂന്നുനേരവും വിളമ്പുക. രണ്ടായിരം രൂപയെങ്കിലും വിലമതിക്കുന്ന ഉപഹാരം എല്ലാവർക്കും ഉണ്ടാവും. രണ്ടുദിവസത്തെ ഹാളിന്റെ വാടക 10 ലക്ഷം രൂപ. താമസത്തിന് തൃശ്ശൂർ നഗരത്തിലെ ഹോട്ടൽമുറികൾക്കായി 20 ലക്ഷം രൂപ അഡ്വാൻസ് നൽകി. മൊത്തം വാടക അരക്കോടി രൂപയോളം വരും. തൃശ്ശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽനിന്നുള്ള ചുരുക്കം ചിലരൊഴിച്ച് എല്ലാവരും താമസസൗകര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങളുടെ ഇന്ധനച്ചെലവ് സ്ഥാപനങ്ങളുടെ ഫണ്ടിൽനിന്ന്. പങ്കെടുക്കുന്ന ഉദ്യോഗസ്ഥർക്ക് ടി.എ., ഡി.എ. എന്നിവ സർക്കാർ വക. ജനപ്രതിനിധികൾ ഇത് ഫണ്ടിൽനിന്ന് എഴുതിയെടുക്കും. കലാപരിപാടികൾ, തേക്കിൻകാട് മൈതാനത്ത് പ്രദർശനം എന്നിവയുമുണ്ട്. ആതിഥേയ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഒഴിച്ചുള്ളവയെല്ലാം 15,000 രൂപ തനത് ഫണ്ടിൽനിന്ന് എടുത്താണ് കഴിഞ്ഞവർഷം ആഘോഷം നടത്തിയത്. ആതിഥേയജില്ലയ്ക്ക് 20,000 രൂപയായിരുന്നു ഇത്. 40,000 രൂപ വരെ ചെലവഴിക്കാനുള്ള അനുമതിയും കൊടുത്തിരുന്നു. ഇക്കൊല്ലം ഇതുസംബന്ധിച്ച ഉത്തരവ് വന്നിട്ടില്ല. എന്നാൽ, തുകയിൽ വ്യത്യാസമുണ്ടാവാൻ സാധ്യതയില്ല. സർക്കാർ ഇങ്ങനെയും ചെയ്തിരുന്നു *ആറുകോടിയുടെ സംസ്ഥാന സ്കൂൾ കലോത്സവം രണ്ടുകോടിക്ക് നടത്തി. *ഭിന്നശേഷി ദിനാചരണവും കലോത്സവവും നടത്തിയില്ല. *തദ്ദേശവകുപ്പ് നടത്താറുള്ള കേരളോത്സവം നടത്തിയില്ല. *ചലച്ചിത്രമേള ആറര കോടിക്കുപകരം മൂന്നരകോടി രൂപയ്ക്കു നടത്തി. *അന്താരാഷ്ട്ര നാടകോത്സവം 2.1 കോടിക്കു പകരം 95 ലക്ഷം രൂപയ്ക്ക് നടത്താൻ ഒരുങ്ങുന്നു. content highlights: 4 crore worth Panchayat day celebration to be held at Thrissur
from mathrubhumi.latestnews.rssfeed http://bit.ly/2QIPStG
via
IFTTT
No comments:
Post a Comment