മനുഷ്യക്കടത്ത് സംഘം വാങ്ങിയത് 12,000 ലിറ്റര്‍ ഡീസൽ; സംഘത്തില്‍ ഗര്‍ഭിണികളും നവജാത ശിശുക്കളും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

മനുഷ്യക്കടത്ത് സംഘം വാങ്ങിയത് 12,000 ലിറ്റര്‍ ഡീസൽ; സംഘത്തില്‍ ഗര്‍ഭിണികളും നവജാത ശിശുക്കളും

കൊച്ചി: മുനമ്പത്തുനിന്ന് കഴിഞ്ഞദിവസം ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയതിനുപിന്നിൽ മനുഷ്യക്കടത്തെന്ന് സംശയം. 42 പേർ മുനമ്പം വഴി ബോട്ടിൽ പുറപ്പെട്ടെന്നാണ് കരുതുന്നത്. എന്നാൽ, സംഘത്തിലുള്ളവരുടെ എണ്ണം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായും പോലീസ് സംശയിക്കുന്നു. അതിനിടെ, കൊടുങ്ങല്ലൂരും സമാനരീതിയിൽ ഉപേക്ഷിക്കപ്പെട്ട 52 ബാഗുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. തീരസേനയുടെ രണ്ടും നാവികസേനയുടെയും ഒരു കപ്പലുമാണ് ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നത്. ആയിരക്കണക്കിന് മീൻപിടിത്തബോട്ടുകൾ കടലിൽ ഉള്ളതിനാൽ പെട്ടെന്ന് ഇവരുടെ ബോട്ട് കണ്ടെത്തുക എളുപ്പമല്ല. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്താണ് സാധാരണ മനുഷ്യക്കടത്തുസംഘങ്ങൾ ഇങ്ങനെ അഭയാർഥികളെ കൊണ്ടുപോവാറുള്ളത്. 12,000 ലിറ്റർ ഡീസൽ, 150 ബ്ലോക്ക് ഐസ് കൊച്ചി: മുനമ്പം സംഭവവുമായി ബന്ധപ്പെട്ട് കുറേ വിവരങ്ങൾ കിട്ടിയിട്ടുണ്ടെങ്കിലും ഇവതമ്മിൽ പൊരുത്തപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ്. ഇവർ പോയ ബോട്ട് ഏതാണെന്ന് കണ്ടെത്താനായിട്ടില്ല. 12,000 ലിറ്ററോളം ഇന്ധനം വാങ്ങിയതായി ഒരു പമ്പ് ജീവനക്കാരന്റെ മൊഴിയുണ്ട്. ഇതിനായി പത്തുലക്ഷത്തോളം രൂപ മുടക്കി. ഈ മാസം ഏഴിനും 11-നും ഇടയിലായിരുന്നു ഇത്. 150 ബ്ലോക്ക് ഐസും ബോട്ടിൽ നിറച്ചത്രെ. സാധാരണ മീൻപിടിത്ത ബോട്ടുകൾ 6000 ലിറ്റർ ഡീസലും 300 ബ്ലോക്കോളം ഐസുമാണ് കരുതുക. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളാണ് സംഘത്തിലുണ്ടായിരുന്നവർ സംസാരിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എല്ലാ മൊഴികളും വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. മുനമ്പം സ്വദേശിയിൽനിന്ന് ദേവമാത എന്ന ബോട്ട് വാങ്ങിയത് കുളച്ചൽ സ്വദേശിയാണ്. 1.20 കോടി രൂപയ്ക്കായിരുന്നു വിൽപ്പന. 13 കുടുംബങ്ങളുടെ സംഘം പോകുന്നതിനുമുമ്പ് ചെറായിയിലെ ചെറുകിട റിസോർട്ടുകളിലാണ് കഴിഞ്ഞത്. ഇവർ നൽകിയ തിരിച്ചറിയൽ രേഖകൾ പോലീസ് പരിശോധിക്കുകയാണ്. ഇവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങളും നോക്കുന്നുണ്ട്. ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് ഇവർ എത്തിയതെന്ന് കരുതുന്നു. നാലു ഗർഭിണികളും നവജാതശിശുവും സംഘത്തിലുണ്ടെന്ന് സംശയിക്കുന്നുണ്ട്. സംഘത്തിൽ ഗർഭിണികളും നവജാത ശിശുക്കളും ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച യുവതിയും സംഘത്തിലുണ്ടെന്നാണ് പറയുന്നത്. 29-ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 25-കാരി ഡൽഹി സ്വദേശി ഒന്നാംതീയതി പ്രസവിച്ചെന്നും മൂന്നാംതീയതി ആശുപത്രി വിട്ടെന്നുമാണ് രേഖകളിലുള്ളത്. നവജാതശിശുവിനെ കുഴിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുചെന്നതായും പറയുന്നു. സംഘത്തിലുള്ള 80 പേരോളം ചോറ്റാനിക്കരയിലെ വിവിധ ലോഡ്ജുകളിൽ കഴിഞ്ഞതായും പറയുന്നു. ഇതിൽ പകുതിയോളം പേരാണ് പുറപ്പെട്ടതായി വിവരമുള്ളത്. ഡൽഹി വിലാസമാണ് എല്ലാവരും ലോഡ്ജുകളിൽ നൽകിയിരിക്കുന്നത്. ക്ഷേത്രനഗരിയായതിനാൽ ഭക്തരെന്നമട്ടിലാണ് ഇവർ കഴിഞ്ഞത്. മാല്യങ്കരയിലെ ജെട്ടിയിൽനിന്നാണ് സംഘം പോയതെന്ന് കരുതുന്നു. സംഘത്തിൽ തമിഴ് വംശജരാണ് കൂടുതൽ. ജെട്ടിക്ക് സമീപം ഒഴിഞ്ഞപറമ്പിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ 13 ബാഗുകൾ കണ്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. മുനമ്പം ഹാർബറിന് സമീപത്തുനിന്ന് ആറു ബാഗുകൾ കിട്ടി. ഉണക്കിയ പഴങ്ങൾ, തുണികൾ, വെള്ളം, ഫോട്ടോകൾ, ബിസ്കറ്റുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവയാണ് ഇതിലുണ്ടായിരുന്നത്. ഇതോടെയാണ് അനധികൃത മനുഷ്യക്കടത്താണോയെന്ന സംശയം ഉയർന്നത്. മാല്യങ്കരയിൽനിന്ന് ലഭിച്ച ബാഗിൽനിന്നാണ് വിമാന ടിക്കറ്റ് ലഭിച്ചത്. ഈ യാത്രക്കാരന്റെ വിവരങ്ങൾ വിമാനത്താവളത്തിൽനിന്ന് ശേഖരിക്കും. ആരാണ് ഇവരെ കൊണ്ടുവന്നത്, എത്രപേരുണ്ട്, എന്തുകൊണ്ട് മുനമ്പം തിരഞ്ഞെടുത്തു, ഇത്രയധികം ബാഗുകൾ ഉപേക്ഷിക്കാൻ കാരണമെന്താണ്, ഇത്രവലിയ സംഘത്തെ ഒരുമിച്ച് വിദേശത്തേക്ക് കടത്താനാവുമോ തുടങ്ങി നിരവധി ചോദ്യങ്ങൾക്കാണ് പോലീസ് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നത്. അന്വേഷണത്തിന് എറണാകുളം റൂറൽ അഡ്മിനിസ്ട്രേറ്റീവ് ഡിവൈ.എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തിൽ 16 പേരുടെ പ്രത്യേകസംഘത്തെ നിയോഗിച്ചു. വടക്കേക്കര എസ്.ഐ. സ്പെറ്റോ ജോണാണ് അന്വേഷണോദ്യോഗസ്ഥൻ. മനുഷ്യക്കടത്താണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആലുവ റൂറൽ എസ്.പി. രാഹുൽ ആർ. നായർ പറഞ്ഞു. 2015-ലും കേസ്; പറ്റിക്കലും പതിവ് മുനമ്പത്തുനിന്ന് മനുഷ്യക്കടത്ത് നടത്തിയതിന് 2015-ൽ കേസുണ്ടായിരുന്നു. ശ്രീലങ്കൻ അഭയാർഥികളെയാണ് കൊണ്ടുവന്നത്. ഇപ്പോഴത്തെ സംഭവത്തിനുപിന്നിൽ ഇതേസംഘമാണോയെന്ന് അന്വേഷിക്കും. കടത്തിന്റെ പേരിലുള്ള തട്ടിപ്പുകളും വ്യാപകമാണ്. നാടോടിക്കാറ്റ് സിനിമയിൽ മാമുക്കോയയുടെ ഗഫൂർക്കദോസ്ത് എന്ന കഥാപാത്രം ദാസനെയും വിജയനെയും പറ്റിക്കുന്നതുപോലുള്ള സംഭവങ്ങൾ ഇപ്പോഴും കടലിൽ നടക്കാറുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദൂരെക്കിടക്കുന്ന ബോട്ട് ചൂണ്ടിക്കാട്ടി അതാണ് പുറപ്പെടാനുള്ള ബോട്ടെന്ന് ഇടനിലക്കാർ പറയും. തുടർന്ന് അയ്യോ പോലീസ് എന്ന് പറഞ്ഞ് ഇവർ ഓടും. വിദേശത്തേക്ക് പോകാമെന്നുകരുതി പണം നൽകുന്ന പാവങ്ങൾ പറ്റിക്കപ്പെടുകയും ചെയ്യും. എന്നാൽ, ഇങ്ങനെ വിദേശത്തേക്കുപോയ സംഭവങ്ങളുമുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഓസ്ട്രേലിയയിൽ ഇങ്ങനെ എത്തുന്നവരെ അഭയാർഥികളാക്കും എന്നു വിശ്വസിപ്പിച്ചാണ് കൊണ്ടുപോകുന്നത്. കൊടുങ്ങല്ലൂർ നഗരമധ്യത്തിൽ 52 ബാഗുകൾ ഉപേക്ഷിച്ച നിലയിൽ കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ തെക്കേനടയിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 52 ബാഗുകൾ കണ്ടെത്തി. മുനമ്പം കേന്ദ്രീകരിച്ചുള്ള മനുഷ്യക്കടത്തുമായി ഇതിനു ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പോലീസ്. കഴിഞ്ഞദിവസം മുനമ്പം ഭാഗത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ 42 ബാഗുകൾ കണ്ടെത്തിയിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് ക്ഷേത്രത്തിന്റെ തെക്കേ മൈതാനിയിലെ സ്റ്റേജിനോട് ചേർന്ന് ബാഗുകൾ കണ്ടെത്തിയത്. ദീർഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ബാഗുകളാണിവ. ഉണക്ക പഴവർഗങ്ങൾ, പച്ചക്കറികൾ, അച്ചാർ, കുബ്ബൂസ് തുടങ്ങി അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണപദാർഥങ്ങളും പുതിയ വസ്ത്രങ്ങളും ബാഗുകളിൽ ഉണ്ടായിരുന്നു. ഒരു ബാഗിൽനിന്ന് ലൈഫ് ജാക്കറ്റും കണ്ടെത്തി. ഞായറാഴ്ച രാത്രി മുനമ്പം കേന്ദ്രീകരിച്ച് 42 പേർ ഓസ്ട്രേലിയയിലേക്ക് കടന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ് ബാഗുകൾ കണ്ടെത്തിയ വിവരം പോലീസ് ഗൗരവത്തിലെടുക്കുന്നത്. ഡൽഹി സ്വദേശിയായ ദീപക് എന്നയാൾ കന്യാകുമാരിയിലെ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ രേഖകളും ശ്രീലങ്കൻ ഭാഷയിലുള്ള ജനന സർട്ടിഫിക്കറ്റും ഏതാനും ഫോൺനമ്പറുകളും ബാഗുകളിൽനിന്ന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഫോണുകളെല്ലാം സ്വിച്ച് ഓഫാണ്. ഒരു ടെമ്പോ ട്രാവലറിലും കാറിലുമായി എത്തിയ അമ്പതോളംപേർ വരുന്ന സംഘത്തിൽ സ്ത്രീകളും നാലുമാസം പ്രായമായ കുട്ടിയും ഉണ്ടായിരുന്നതായി ജില്ലാ പോലീസ് സൂപ്രണ്ട് എം.കെ. പുഷ്കരൻ പറഞ്ഞു. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാൾ അപകടത്തിൽപ്പെട്ട് മരിച്ചതിനെത്തുടർന്ന് തിരിച്ചുപോകുന്നുവെന്ന് പറഞ്ഞ് ബാഗുകളും മറ്റും ഇവിടെ ഇറക്കിവെച്ച് കരഞ്ഞുകൊണ്ടാണ് ഇവർ വാഹനത്തിൽ കയറിപ്പോയതെന്ന് ദൃക്സാക്ഷിയായ തിരുവനന്തപുരം സ്വദേശി പോലീസിനോട് പറഞ്ഞു. കണ്ടെത്തിയ ബാഗുകൾ പോലീസ് സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ സീൽചെയ്ത് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് സംഘം: ഞെട്ടലോടെ ചോറ്റാനിക്കരക്കാർ കൊച്ചി: ക്രിമിനലുകൾ, തട്ടിപ്പുകാർ, മാല മോഷ്ടാക്കൾ, ഇപ്പോൾ മനുഷ്യക്കടത്തുകാരും. ചോറ്റാനിക്കര ഇത്തരക്കാർക്ക് താവളമാകുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കേൾക്കുന്ന വാർത്തകളാണിവ. മനുഷ്യക്കടത്ത് സംഘം താമസിച്ച വാർത്ത ഞെട്ടലോടെയാണ് ചോറ്റാനിക്കരക്കാർ അറിഞ്ഞത്. കേരളത്തിലെ പ്രധാന ക്ഷേത്രമായ ചോറ്റാനിക്കര ഭവഗതീ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇവിടെനിന്ന് ഇത്തരത്തിൽ വാർത്തകൾ തുടരെ വരുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് സംശയിക്കുന്ന 80-ൽപ്പരം പേർ ഇവിടെ ഒരാഴ്ചയോളം വിവിധ ഹോട്ടലുകളിൽ താമസിച്ചു. സമീപത്തെ ആശുപത്രിയിൽ ഇവരിലെ ഒരു യുവതി പ്രസവിക്കുകയും ചികിത്സ കഴിഞ്ഞ് പോയിട്ടും അധികൃതർ അറിഞ്ഞില്ലെന്നത് ഗുരുതരം തന്നെയാണ്. ഡൽഹി സ്വദേശികൾ ഇത്രയും പേർ കൂട്ടമായെത്തി മുറിയെടുത്തിട്ടും ആരും സംശയിച്ചില്ല. ക്ഷേത്രദർശനത്തിനെത്തി എന്നു പറഞ്ഞാൽ പോലും ഇത്രയും ദിവസം ഇവർ തങ്ങിയത് ഹോട്ടലുടമകൾ ശ്രദ്ധിക്കാതിരുന്നതും ഗൗരവമായി കാണേണ്ടതുണ്ട്. കൂട്ടമായി ഓട്ടോറിക്ഷ വിളിച്ചാണ് ഇവർ പോയത് എന്ന് പറയുന്നു. വൈക്കത്ത് ഉണ്ടായ ഒരു കൊലക്കേസിലെ പ്രതികളെ ഏതാനും ആഴ്ച മുമ്പാണ് ഇവിടത്തെ ഒരു ലോഡ്ജിൽ നിന്ന് വൈക്കം പോലീസ് പിടികൂടിയത്. തൃശ്ശൂരിലെ ഒരു തട്ടിപ്പുവീരനും ഏതാനും മാസം മുമ്പ് ഹോട്ടലിൽനിന്ന് പിടിക്കപ്പെട്ടിരുന്നു. ഹോട്ടലുകളിൽ പരിശോധനകൾ കർശനമാക്കണമെന്നും പോലീസ് പട്രോളിങ്ങും മറ്റും ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അന്ന് പിടിയിലായത് പുലികൾക്കായി പണിത ബോട്ട് പി.ജി. ലാലൻ ചെറായി: മുനമ്പം-മാല്യങ്കര തീരപ്രദേശങ്ങളിൽ എൽ.ടി.ടി.ഇ. തമിഴ് പുലികൾ ബന്ധപ്പെടുന്നതിന്റെ സൂചനയുണ്ടായത് 2008-ലാണ്. പുലികൾക്കു വേണ്ടി മുനമ്പത്ത് നിർമാണം നടത്തിക്കൊണ്ടിരുന്ന ബോട്ട് തമിഴ്നാട് ക്യൂ ബ്രാഞ്ച് പോലീസ് അന്ന് പിടികൂടി. ഈ ബോട്ട് ഇപ്പോഴും മുനമ്പത്തെ യാർഡിൽ ജീർണിച്ച് ഇരിപ്പുണ്ട്. നൂറ് അടിയോളം നീളമുള്ള കൂറ്റൻ ബോട്ടിൽ എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തിയായിരുന്നു നിർമാണം. നിർമാണത്തിനിടെ പോലീസിന്റെ പിടിയിലായതോടെ ബോട്ട് നിർമാണം ഏറ്റെടുത്ത കരാറുകാർക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നു. തമിഴ് പുലികൾക്കു വേണ്ടി ഒരു ഏജൻസിയാണ് കരാറുകാരെ നിർമാണം ഏല്പിച്ചിരുന്നത്. എന്നാൽ എൽ.ടി.ടി.ഇ.ക്കു വേണ്ടിയാണ് ബോട്ട് നിർമിക്കുന്നതെന്ന് യാർഡ് ഉടമയ്ക്ക് അറിവുണ്ടായിരുന്നില്ല. സാധാരണ നിലയിൽ പുതിയ ബോട്ട് നിർമിക്കുന്നതിനും പഴയത് റിപ്പെയർ ചെയ്യാനും പ്രവർത്തിക്കുന്ന ഈ യാർഡിൽ ക്യൂ ബ്രാഞ്ച് പോലീസ് അന്വേഷണത്തിന് വന്നപ്പോഴാണ് യാർഡ് ഉടമ വിവരം അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മാല്യങ്കര, കുഞ്ഞിത്തൈ, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ഒന്നര മാസത്തോളം അന്വേഷണം നടന്നു. യാർഡ് ഉടമയ്ക്കോ തൊഴിലാളികൾക്കോ തമിഴ് പുലികളുമായി ബന്ധമില്ലെന്നു കണ്ടെത്തി. തുടർന്ന് 2008 മാർച്ചിൽ ഈ ബോട്ട് ഫിഷറീസ് ജോയിന്റ് ഡയറക്ടറെ ഏല്പിക്കുകയായിരുന്നു. മുനമ്പത്ത് കള്ളക്കടത്തുമുണ്ടെന്ന് ബോട്ടുടമാ സംഘം ചെറായി: മുനമ്പം മത്സ്യബന്ധന തുറമുഖം കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് മാത്രമല്ല വൻ കള്ളക്കടത്തും നടക്കുന്നുണ്ടെന്ന് ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ വെളിപ്പെടുത്തൽ. വർഷങ്ങൾക്കു മുമ്പ് വെള്ളിക്കടത്തും സ്പിരിറ്റ് കടത്തും ഇവിടെ പോലീസ് പിടികൂടിയിട്ടുണ്ട്. മുനമ്പത്ത് വന്നുപോകുന്ന നൂറുകണക്കിന് ബോട്ടുകളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരുടേതാണ്. പണിക്കാരും മറുനാട്ടുകാർ തന്നെ. മത്സ്യബന്ധനത്തിന്റെ പേരിലാണ് യാനങ്ങളും തൊഴിലാളികളും എത്തുന്നതെങ്കിലും ഇവർ മറ്റു പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാൻ ഹാർബറിൽ സംവിധാനങ്ങളില്ല. സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ചയാണ് മുനമ്പത്ത് മനുഷ്യക്കടത്തും കള്ളക്കടത്തും പോലുള്ളവ ആവർത്തിക്കാൻ കാരണമെന്ന് ബോട്ടുടമാ സംഘം ചെയർമാൻ പി.പി. ഗിരീഷ് അഭിപ്രായപ്പെടുന്നു. ഇതിന്റെ പേരിൽ നിരപരാധികളാണ് പലപ്പോഴും പോലീസന്റെ വിരട്ടലിനും ചോദ്യം ചെയ്യലിനുമൊക്കെ ഇരയാകുന്നത്. സുരക്ഷയുടെ ഭാഗമായി ഹാർബറിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്ന ബോട്ടുടമകളുടെ ആവശ്യം ഹാർബർ മാനേജ്മെന്റ് സൊസൈറ്റി ഇതുവരെ നടപ്പാക്കിയിട്ടില്ല. പുലർച്ചെ മൂന്നുമുതൽ സജീവമാകുന്ന ഹാർബറിൽ മതിയായ വെളിച്ചം നൽകാനും അധികൃതർ സംവിധാനം ഉണ്ടാക്കുന്നില്ല. ഈ സാഹചര്യത്തിൽ ബോട്ടുടമകൾ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ചെയർമാൻ സൂചന നൽകി. content highlights:Munambam Human trafficking ,Australia,crime


from mathrubhumi.latestnews.rssfeed http://bit.ly/2AHLeHd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages