തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കാൻ പ്രധാനമന്ത്രി ആവാസ് യോജനയിൽ (പി.എം.എ.വൈ.) ഉൾപ്പെടുത്തി കേന്ദ്രസഹായം ലഭിച്ചേക്കും. ഇതിനായി വിശദപദ്ധതിരേഖ സമർപ്പിക്കാൻ കുടുംബശ്രീ ഡയറക്ടർക്ക് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം നിർദേശം നൽകി. നഗരസഭാ, കോർപ്പറേഷൻ പരിധിയിൽ 2479 വീടുകളാണ് തകർന്നത്. ഇതിന് വീടൊന്നിന് ഒന്നരലക്ഷം രൂപവീതം 37.18കോടി രൂപ കേന്ദ്രവിഹിതമായി ലഭിച്ചേക്കും. നേരത്തേ കേന്ദ്രം നൽകിയ സഹായത്തിനുപുറമേയാണിത്. പി.എം.എ.വൈ. പദ്ധതി നഗരമേഖലയിൽ മാത്രമാണ്. ഇത് പരിഗണിക്കാതെ പ്രളയത്തിൽ തകർന്ന എല്ലാ വീടുകളുടെയും പുനർനിർമാണത്തിന് പ്രത്യേക അനുമതിയും സഹായവും നൽകണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. 12,477 വീടുകളാണ് തകർന്നത്. ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ ഭവനപദ്ധതികളുടെ കേരളത്തിലെ നോഡൽ ഏജൻസിയെന്ന നിലയിൽ ജില്ലതിരിച്ചുള്ള കണക്കുസഹിതം കുടുംബശ്രീ ഡയറക്ടറാണ് അപേക്ഷ നൽകിയത്. പി.എം.എ.വൈ. പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശസ്ഥാപനത്തിന്റെയും വിഹിതമടക്കം നാലുലക്ഷം രൂപയാണ് വീടിന് നൽകുക. കേന്ദ്രം ഒന്നരലക്ഷവും സംസ്ഥാനം അരലക്ഷവും തദ്ദേശസ്ഥാപനം രണ്ടുലക്ഷവും. പ്രളയ സാഹചര്യം കണക്കാക്കി ഈ തുകമുഴുവൻ കേന്ദ്രം നൽകണമെന്നായിരുന്നു ആവശ്യം. അത് അംഗീകരിച്ചില്ല. ഡി.പി.ആർ. നൽകുന്നതിനനുസരിച്ച് എല്ലാ വീടിനും ഒന്നരലക്ഷംരൂപ നൽകാമെന്ന ഉറപ്പാണ് കുടുംബശ്രീക്ക് ലഭിച്ചിരിക്കുന്നത്. പ്രളയത്തിൽ തകർന്ന വീട് പുനർനിർമിക്കാൻ നാലുലക്ഷം രൂപവീതം സംസ്ഥാനസർക്കാർ നൽകും. കേന്ദ്രസഹായം ഇതിലേക്ക് മാറ്റുകയാണ് ചെയ്യുക. പി.എം.എ.വൈ. വീട് 600 ചതുരശ്ര അടിയായി നിശ്ചയിച്ചിട്ടുണ്ട്. ഈ പരിധി പ്രളയത്തിൽ തകർന്ന വീടുകൾക്ക് ബാധകമാക്കില്ല. ഓരോ നഗരസഭാ പരിധിയിലെയും വീടുകളുടെ ഡി.പി.ആർ. കുടുംബശ്രീ തയ്യാറാക്കിത്തുടങ്ങി. കേരളം നൽകിയ അപേക്ഷയിലെ മുഴുവൻ വീടുകളും പരിഗണിക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം സ്വീകരിച്ചത്. പദ്ധതിയുടെ മാനദണ്ഡം മാറ്റാനാവില്ലെന്നാണ് വിശദീകരണം. അതിനാൽ, ഗ്രാമപ്പഞ്ചായത്തുകളിൽ തകർന്ന വീടുകൾക്ക് കേന്ദ്രവിഹിതം കിട്ടില്ല. 2000 വീടുകൾ സഹകരണവകുപ്പ് ഏറ്റെടുത്ത് നിർമിക്കുന്നുണ്ട്. ഇതിൽ നഗരമേഖലയിൽ നിർമിക്കുന്ന വീടിന് കേന്ദ്രസഹായം കിട്ടും. കേന്ദ്ര-സംസ്ഥാന-നഗരസഭാ വിഹിതം ഉറപ്പുവരുത്തി വീട് നിർമിക്കണമെന്ന വ്യവസ്ഥ പുനർനിർമിക്കുന്ന വീടുകൾക്ക് നിർബന്ധമാക്കില്ല. പകരം കേന്ദ്രത്തിന്റെ വിഹിതം കൂട്ടില്ലെന്നുമാത്രം.
from mathrubhumi.latestnews.rssfeed http://bit.ly/2Fnlcw5
via
IFTTT
No comments:
Post a Comment