ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ ഡയറക്ടറായ കമ്പനിയുടെ പേരിൽ ഒരുവർഷത്തിനുള്ളിൽ 8300 കോടി രൂപയുടെ വിദേശനിക്ഷേപം വന്നതിനെ ചോദ്യംചെയ്ത് കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസ് രംഗത്തെത്തി. നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് 13 ദിവസത്തിനുള്ളിൽ കേമെൻ ദ്വീപിൽ രൂപവത്കരിച്ച കമ്പനിയുടെ പേരിലാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡോവലിന്റെ മകൻ വിവേക് ഡയറക്ടറായ കമ്പനിയുടെ ഇടപാടുകളെക്കുറിച്ച് 'ദി കാരവൻ' മാസിക കഴിഞ്ഞദിവസം വെളിപ്പെടുത്തൽ നടത്തിയിരുന്നു. നികുതിവെട്ടിപ്പുകാർ പണം നിക്ഷേപിക്കുന്ന സ്ഥലമാണ് കരീബിയൻ കടലിലെ കേമെൻ ദ്വീപ്. പ്രധാനമന്ത്രി നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച് 13 ദിവസത്തിനുശേഷമാണ് ജി.എൻ.വൈ. ഏഷ്യ എന്ന പേരിൽ കമ്പനി രൂപവത്കരിച്ചത്. നാലാം മാസം മുതൽ ഈ കമ്പനിയിൽനിന്ന് ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വരാൻ തുടങ്ങി. 2017 ഏപ്രിൽ മുതൽ 2018 മാർച്ച് വരെയുള്ള കാലയളവിൽ നേരിട്ടുള്ള വിദേശനിക്ഷേപമായി കേമെൻ ദ്വീപിൽനിന്നെത്തിയത് 8300 കോടി രൂപയാണെന്ന് റിസർവ് ബാങ്ക് രേഖകൾ വ്യക്തമാക്കുന്നു. ഈ തുകയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 17 വർഷത്തിനിടയിൽ വിദേശനിക്ഷേപമായി വന്ന അത്രയും തുക ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിലെത്തിയതെങ്ങനെയെന്ന് ജയറാം രമേഷ് ചോദിച്ചു. കമ്പനിക്ക് രണ്ടു ഡയറക്ടർമാരുണ്ട്. ഒന്ന്, അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ. ഡോൺ ഡബ്ല്യു. ഇബാങ്ക്സ് എന്ന പേരിലാണ് രണ്ടാം ഡയറക്ടർ. ഇതാരാണെന്നു വ്യക്തമാക്കണം. ഇയാളുടെപേര് നികുതിവെട്ടിപ്പു നടത്തിയവരെക്കുറിച്ചു വെളിപ്പെടുത്തലുള്ള പാനമ രേഖകളിലുമുണ്ടെന്നും ജയറാം രമേഷ് പറഞ്ഞു. ഡോവലിന്റെ മറ്റൊരു മകൻ ശൗര്യയുടെ പേരിൽ സിയൂസ് എന്ന പേരിൽ കമ്പനിയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ജി.എൻ.വൈ. ഏഷ്യയും സിയൂസും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നു സർക്കാർ വിശദീകരിക്കണം. നികുതിവെട്ടിച്ചുള്ള നിക്ഷേപത്തിനു പേരെടുത്ത ഒരിടത്തുനിന്ന് ഇത്രയും വലിയതുക ഇന്ത്യയിൽ വിദേശനിക്ഷേപമായി വന്നത് സംശയകരമാണ്. ഇക്കാര്യം സർക്കാർ അന്വേഷിക്കണം. കള്ളപ്പണം തടയാനെന്ന പേരിൽ സർക്കാർ പ്രഖ്യാപിച്ച നോട്ട് നിരോധനത്തിനുപിന്നിൽ കള്ളത്തരമുണ്ടോയെന്നും ജയറാം രമേഷ് ചോദിച്ചു. യു.പി.എ. സർക്കാരിന്റെ കാലത്ത് 2011-ൽ ബി.ജെ.പി. പുറത്തുവിട്ട രേഖകളെയും കോൺഗ്രസ് പരിഹസിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കാൻ ബി.ജെ.പി. രൂപവത്കരിച്ച സമിതിയിൽ ഡോവലുമുണ്ടായിരുന്നു. രാജ്യം ഭരിക്കുന്ന ത്രിമൂർത്തികളിൽ ഒരാളാണ് ഡോവലെന്നും ജയറാം രമേഷ് പരിഹസിച്ചു. ആരോപണത്തിൽ അജിത് ഡോവൽ മറുപടി നൽകണമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിനുള്ള പങ്ക് വ്യക്തമാക്കുന്നരീതിയിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ട് പ്രകാരം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സംശയത്തിന്റെ നിഴലിൽതന്നെയാണെന്ന് യെച്ചൂരി പറഞ്ഞു. അദ്ദേഹം ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നുണ്ടോ എന്നു പരിശോധിക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും യെച്ചൂരി വ്യക്തമാക്കി. Content Highlights:Congress targets Ajit Doval, says NSA's son opened hedge fund in Cayman Islands after note ban
from mathrubhumi.latestnews.rssfeed http://bit.ly/2TVjAOb
via
IFTTT
No comments:
Post a Comment