കൊച്ചിക്ക് നാണക്കേട്... റുബേയുടെ മൃതദേഹം സംസ്‌കരിക്കാനായില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 10, 2019

കൊച്ചിക്ക് നാണക്കേട്... റുബേയുടെ മൃതദേഹം സംസ്‌കരിക്കാനായില്ല

ഫോർട്ട്‌കൊച്ചി: കൊച്ചിയിൽ വച്ച് മരിച്ച ലണ്ടൻ സ്വദേശിയുടെ മൃതദേഹം ഒമ്പതാം നാളും സംസ്കരിക്കാൻ കഴിഞ്ഞില്ല. മകളോടൊപ്പം കൊച്ചി കാണാനെത്തിയ 89-കാരനായ കെന്നത്ത് വില്യം റുബേയാണ് കഴിഞ്ഞ 31-ന് ഫോർട്ട്‌കൊച്ചിയിലെ ഹോട്ടലിൽ മരിച്ചത്. പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ മരണം. പിതാവിന്റെ അപ്രതീക്ഷിത വേർപാട് മകൾ ഹിലാരിയെ തളർത്തി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൊച്ചിയിൽ തന്നെ റുബേയ്ക്ക് അന്ത്യവിശ്രമം ഒരുക്കാൻ ഹിലാരി തീരുമാനിച്ചു. അതിനു മുന്നോടിയായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. മട്ടാഞ്ചേരി ചുള്ളിക്കലുള്ള പള്ളിയിൽ ശവസംസ്കാര ശുശ്രൂഷകൾക്കു ശേഷം, ഫോർട്ട്‌കൊച്ചി വെളിയിലെ നഗരസഭയുടെ പൊതുശ്മശാനത്തിൽ മൃതദേഹം ദഹിപ്പിക്കാനായിരുന്നു തീരുമാനം.ഇതിനായി പോലീസിന്റെ സർട്ടിഫിക്കറ്റുകൾ ഇവർക്ക് ലഭിച്ചു. ഇന്ത്യയിലെ ബ്രിട്ടൻ എംബസിയും സർട്ടിഫിക്കറ്റുകൾ നൽകി. എംബസി ഉദ്യോഗസ്ഥർ കൊച്ചിയിലെത്തി. കൊച്ചി നഗരസഭയുടെ അനുമതിക്കായി അപേക്ഷയും നൽകി. ചൊവ്വാഴ്ച മൃതദേഹം സംസ്കരിക്കാനായിരുന്നു തീരുമാനം. ഇതനുസരിച്ച് റുബേയുടെ ബന്ധുക്കൾ ലണ്ടനിൽ നിന്നെത്തി. എന്നാൽ, ചൊവ്വാഴ്ച രാവിലെ സംസ്കാരത്തിനായി ഫോർട്ട്‌കൊച്ചി വെളിയിലുള്ള ശ്മശാനത്തിലെത്തിയപ്പോൾ കാര്യങ്ങൾ തകിടം മറിയുകയായിരുന്നു. മുകളിൽനിന്ന് ആരെങ്കിലും പറയാതെ മൃതദേഹം സംസ്കരിക്കാനാകില്ലെന്നായിരുന്നു ശ്മശാന കാവൽക്കാരന്റെ നിലപാട്. പണിമുടക്ക് സമരം നടക്കുന്നതിനാൽ നഗരസഭയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെടാനും കഴിഞ്ഞില്ല. കൊച്ചിയിലെ ഹോട്ടൽ സ്റ്റാഫും ചില സാമൂഹ്യപ്രവർത്തകരും ചേർന്നാണ് റുബേയുടെ മൃതദേഹം സംസ്കരിക്കുന്നതിനുള്ള സഹായങ്ങൾ ചെയ്തത്. അവർ ഓടിനടന്ന് ആംബുലൻസും സംസ്കാര ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങളുമൊക്കെ നടത്തി. അവസാന നിമിഷത്തിലാണ് അപ്രതീക്ഷിതമായി തടസ്സമുണ്ടായത്. നഗരസഭാധികൃതർ രേഖാമൂലം അനുമതി നൽകാതെ മൃതദേഹം സംസ്കരിക്കാനാകില്ലെന്ന സ്ഥിതിയാണിപ്പോൾ. ജനപ്രതിനിധികളുമായി പല തവണ ബന്ധപ്പെട്ടിട്ടും കാര്യത്തിൽ തീരുമാനമുണ്ടാകുന്നില്ലെന്ന് ഹിലാരിയെ സഹായിക്കാനെത്തിയ പൊതുപ്രവർത്തകനായ ജോസഫ് എഡ്വിൻ പറയുന്നു. ഇനി വ്യാഴാഴ്ച ഓഫീസുകൾ തുറന്ന ശേഷം അധികൃതർ തീരുമാനമെടുക്കണം. അതുവരെ മൃതദേഹം മോർച്ചറിയിലിരിക്കും. പിതാവിന്റെ മരണത്തോടെ മാനസികമായി ബുദ്ധിമുട്ടിലായ ഹിലാരി ഇപ്പോൾ, മൃതദേഹം സംസ്കരിക്കുന്നതിനായി ഓടിനടന്ന് തളർന്നിരിക്കുന്നു. നിയമപ്രകാരമുള്ള നടപടികളെല്ലാം പൂർത്തിയായിട്ടും മൃതദേഹം സംസ്കരിക്കാൻ കഴിയാത്തത്‌ തന്നെ അദ്‌ഭുതപ്പെടുത്തുന്നതായി ഹിലാരി പറയുന്നു.ടൂറിസം വികസനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന അധികൃതരൊന്നും സഞ്ചാരി മരിച്ച് ഒമ്പതു ദിവസം കഴിഞ്ഞിട്ടും ഈ പ്രശ്നത്തിൽ ഇടപെട്ടിട്ടില്ല. കൊച്ചിയുടെ അതിഥിയായെത്തിയ ഒരാൾ അപ്രതീക്ഷിത സമയത്ത് മരണപ്പെടുമ്പോൾ, അയാളുടെ മൃതദേഹം സംസ്കരിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കാൻ നഗരസഭയ്ക്ക് കഴിയാതെ വരുന്നത് കൊച്ചി നഗരത്തിന് നാണക്കേടാണ്. അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലാണ് ഈ നഗരത്തിന്റെ തല താഴ്ന്നുപോകുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2FjVTMt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages