ന്യൂഡൽഹി: പ്രതിരോധമന്ത്രി നിർമലാ സീതാരാമനെക്കുറിച്ചുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പരാമർശം വിവാദമായി. വനിതാമന്ത്രിയെ അധിക്ഷേപിക്കുന്നതാണ് പരാമർശമെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റു ബി.ജെ.പി. നേതാക്കളും രംഗത്തെത്തി. പരാമർശത്തിൽ വിശദീകരണംതേടി ദേശീയ വനിതാകമ്മിഷൻ രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ചു. ഏത് സാഹചര്യത്തിലായിരുന്നു പരാമർശമെന്ന് വെള്ളിയാഴ്ച രാവിലെ വ്യക്തമാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. പൊതുപ്രവർത്തകനെന്ന നിലയിൽ അദ്ദേഹം ഇത്തരത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തരുതായിരുന്നുവെന്നും വനിതാകമ്മിഷൻ അധ്യക്ഷ രേഖ ശർമ പറഞ്ഞു. അതിനിടെ, മോദിക്ക് ശക്തമായ മറുപടിയുമായി രാത്രി രാഹുൽ വീണ്ടും രംഗത്തെത്തി. 'മോദിജിയോട് എല്ലാ ബഹുമാനവും നിലനിർത്തി പറയുന്നു, നമ്മുടെ സംസ്കാരമനുസരിച്ച് സ്ത്രീകളോടുള്ള ബഹുമാനം വീടുകളിൽ തുടങ്ങുന്നു' എന്നായിരുന്നു രാഹുലിന്റെ ട്വിറ്ററിലെ മറുപടി. ജയ്പുരിൽനടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന. “റഫാൽ വിഷയത്തിൽ ഞങ്ങൾ പൊതുജനങ്ങളുടെ കോടതിയിൽ ചില ചോദ്യങ്ങളുന്നയിച്ചു. തന്നെ പ്രതിരോധിക്കാനുള്ള ചുമതല ഒരു മഹിളയ്ക്ക് നൽകി 56 ഇഞ്ച് നെഞ്ചളവുള്ള കാവൽക്കാരൻ ഓടിയൊളിച്ചു. അതെയെന്നോ അല്ലെന്നോ ഉത്തരംപറയാനുള്ള ചോദ്യമാണ് ഞാനുന്നയിച്ചത്. പക്ഷേ, രണ്ടരമണിക്കൂർ പ്രസംഗിച്ചിട്ടും അവർക്ക് കാവൽക്കാരനെ രക്ഷിക്കാനായില്ല” -എന്നായിരുന്നു പരാമർശം. രാജ്യത്തെ ആദ്യ വനിതാ പ്രതിരോധമന്ത്രിയെ പ്രതിപക്ഷം അപമാനിച്ചെന്ന് ഇതിനുമറുപടിയായി ആഗ്രയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ഓരോ നുണയും പുറത്തുകൊണ്ടുവന്നതിന് രാജ്യത്തെ ആദ്യ വനിതാ പ്രതിരോധമന്ത്രിയായ നിർമലാ സീതാരാമനെ പ്രതിപക്ഷം അപമാനിച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ വനിതകളെയും സ്ത്രീശക്തിയെയും വെല്ലുവിളിക്കുന്നതാണ്. ഇത്തരത്തിൽ നിരുത്തരവാദിത്തപരമായി പെരുമാറുന്ന നേതാക്കൾ കനത്ത വിലനൽകേണ്ടിവരും -മോദി പറഞ്ഞു. ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായും രാഹുലിനെതിരേ രംഗത്തെത്തി. നിർമലയുടെ മറുപടിയിൽ കോൺഗ്രസിന് ഉത്തരംമുട്ടിയതായും അദ്ദേഹം പറഞ്ഞു. content highlights:Rahul Gandhis sexist remark over Nirmala Sitharaman
from mathrubhumi.latestnews.rssfeed http://bit.ly/2Fi03UX
via
IFTTT
No comments:
Post a Comment