ന്യൂഡൽഹി: മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്രസർവീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ചെയ്യുന്ന നിയമം എന്നു നടപ്പാകുമെന്നതിൽ അവ്യക്തത. പ്രാബല്യത്തിലാവുന്ന തീയതി കേന്ദ്രസർക്കാർ പ്രത്യേകമായി പിന്നീട് വിജ്ഞാപനം ചെയ്യുമെന്നാണ് നിയമത്തിന്റെ ഒന്നാംവകുപ്പിൽതന്നെയുള്ളത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങൾ വ്യക്തമായി നിർവചിക്കേണ്ടതുകൊണ്ടാണ് ഉടനെ പ്രാബല്യത്തിൽ വരുത്താത്തതെന്ന് ഉന്നതവൃത്തങ്ങൾ 'മാതൃഭൂമി'യോട് പറഞ്ഞു. ഭരണപരമായ ചില നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതും കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ശനിയാഴ്ചയാണ് രാഷ്ട്രപതി ബില്ലിൽ ഭേദഗതി ഒപ്പുവെച്ചത്. വൈകീട്ടുതന്നെ ഗസറ്റിൽ വിജ്ഞാപനംചെയ്തു. മാർച്ച് ആദ്യം പൊതുതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നേക്കും. അപ്പോൾമുതൽ പെരുമാറ്റച്ചട്ടം ബാധകമാവും. അതിനുമുമ്പ് പ്രാബല്യത്തിലായില്ലെങ്കിൽ, സാമ്പത്തികസംവരണം കൊണ്ടുവന്നതിന്റെ രാഷ്ട്രീയനേട്ടം സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നഷ്ടമാവും. ഇത്രയും തിരക്കുപിടിച്ച് നിയമം പാസാക്കിയിട്ട് അതു നടപ്പാക്കുന്നത് നീണ്ടുപോകാനുള്ള സാധ്യത അതുകൊണ്ടുതന്നെ വിരളമാണ്. പാർലമെന്റ് സമ്മേളനം ഫെബ്രുവരി 13-ന് അവസാനിക്കുന്നതോടെ ഇക്കാര്യത്തിൽ തീർപ്പാകുമെന്നാണ് സൂചന. കടമ്പയായി അർഹതനിർണയിക്കൽ സാമൂഹികക്ഷേമ മന്ത്രാലയമാണ് നിയമം നടപ്പാക്കാനുള്ള തീയതി പ്രഖ്യാപിക്കേണ്ടത്. അതിനുമുന്പ് വിവിധ വകുപ്പുകളിൽ നിലവിലെ ഒഴിവുകൾ, അടുത്തുതന്നെ വരാൻ സാധ്യതയുള്ള ഒഴിവുകൾ തുടങ്ങിയവയുടെ വിവരശേഖരണം നടത്തേണ്ടതുണ്ട്. യു.പി.എസ്.സി., സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ, പേഴ്സണൽകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ വിവരങ്ങൾ ശേഖരിക്കുക. എന്നാൽ, ഈ വിവരശേഖരണത്തേക്കാളുപരി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ നിശ്ചയിക്കുന്നതിൽ വ്യക്തതവരുത്തലാണ് പ്രധാനമെന്ന് ഉന്നതവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഒ.ബി.സി., പട്ടികജാതി-വർഗ വിഭാഗങ്ങൾ ഒഴികെ എല്ലാ ജാതി, മത വിഭാഗങ്ങൾക്കും സാമ്പത്തികസംവരണം ബാധകമാവുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനത്തോളം ഈ ജാതി, മത വിഭാഗങ്ങളിലുണ്ടെന്നാണ് സാമാന്യകണക്ക്. ഈ 50 ശതമാനത്തിൽനിന്ന് സംവരണത്തിന് അർഹരായവരെ കണ്ടെത്താൻ ഏതാനും മാനദണ്ഡങ്ങൾ മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. വർഷത്തിൽ എട്ടുലക്ഷം രൂപയിൽതാഴെ വരുമാനമുള്ളവർ, അഞ്ചേക്കറിൽതാഴെ കൃഷിഭൂമിയുള്ളവർ, 1000 ചതുരശ്ര അടിയിൽതാഴെ വിസ്തീർണമുള്ള വീടുള്ളവർ തുടങ്ങിയ ഏതാനും നിബന്ധനകളാണിവ. എട്ടുലക്ഷം വരുമാനപരിധി, ആദായനികുതി അടച്ചതിനുശേഷമുള്ള വരുമാനമാണോ അതല്ല, ആകെ വരുമാനമാണോ എന്ന് നിശ്ചയിക്കണം. അഞ്ചേക്കറിൽത്താഴെ കൃഷിഭൂമിയുള്ളവർ എന്നുപറയുമ്പോൾ അത് കരപ്പറമ്പാണോ, തരിശുഭൂമിയാണോ, ചുതുപ്പുനിലമാണോ തുടങ്ങിയ കാര്യങ്ങളും നിർവചിക്കേണ്ടിവരും. ഒ.ബി.സി. സംവരണത്തിൽനിന്ന് വ്യത്യാസം 27 ശതമാനം ഒ.ബി.സി. സംവരണത്തിൽനിന്ന് മേൽത്തട്ടുകാരെ ഒഴിവാക്കുന്നത് എട്ടുലക്ഷം രൂപയെന്ന വരുമാനപരിധി മാത്രം കണക്കാക്കിയാണ്. വീടിന്റെ വിസ്തീർണമോ കൃഷിഭൂമിയുടെ പരിധിയോ മാനദണ്ഡമല്ല. ഭരണഘടനാ സാധുതയുള്ള ദേശീയ പിന്നാക്കവിഭാഗ കമ്മിഷനാണ് മേൽത്തട്ടുപരിധി കാലാകാലങ്ങളിൽ പുതുക്കിനിശ്ചയിക്കുന്നതും സംവരണത്തിന് അർഹരായ പിന്നാക്കജാതിക്കാരുടെ പട്ടിക ദേശീയതലത്തിൽ തയ്യാറാക്കുന്നതും. മുന്നാക്കവിഭാഗങ്ങളിലെ മേൽത്തട്ടുകാരെ കണ്ടെത്താനും സംവരണത്തിനുവേണ്ട മാനദണ്ഡം ശരിയായ പഠനംനടത്തി നിശ്ചയിക്കാനും പ്രത്യേക കമ്മിഷനോ സംവിധാനമോ പുതിയ ഭരണഘടനാ ഭേദഗതിയിൽ വ്യവസ്ഥ ചെയ്തിട്ടില്ല. തത്കാലം സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ മാത്രം ഉത്തരവാദിത്വമാണത്. ജനസംഖ്യയുടെ 50 ശതമാനത്തോളംവരുന്ന വിഭാഗങ്ങളുടെ കാര്യത്തിൽ മേൽത്തട്ടുകാരെ ഒഴിവാക്കുന്നതിന് ചട്ടമുണ്ടാക്കൽ തീർത്തും സങ്കീർണമാകും. Content Highlights:ambiguity in economic quota law
from mathrubhumi.latestnews.rssfeed http://bit.ly/2SS9Xjr
via
IFTTT
No comments:
Post a Comment