ലഖ്നൗ : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഒരുമിച്ച് മത്സരിക്കാനുള്ള തീരുമാനം ബഹുജൻ സമാജ് പാർട്ടിയും (ബി.എസ്.പി.) സമാജ് വാദി പാർട്ടിയും (എസ്.പി.) ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ്സില്ലാതെയാണ് ഇരുപാർട്ടികളും സഖ്യം പ്രഖ്യാപിച്ചത്. എന്നാൽ, രാഹുൽഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും സഖ്യത്തിന് സ്ഥാനാർഥികളുണ്ടാവില്ല. ലഖ്നൗവിൽ സംയുക്ത വാർത്താസമ്മേളനത്തിലാണ് ബി.എസ്.പി. അധ്യക്ഷ മായാവതിയും എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവും ഏറെ നിർണായകമായ രാഷ്ട്രീയതീരുമാനം പ്രഖ്യാപിച്ചത്. ആകെയുള്ള 80 സീറ്റിൽ 38 സീറ്റിൽവീതം ഇരുപാർട്ടിയും മത്സരിക്കും. അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തില്ല. ഒഴിച്ചിട്ട മറ്റുരണ്ട് സീറ്റിൽ ചെറുപാർട്ടികളുമായി ചർച്ച തുടരുമെന്ന് നേതാക്കൾ പറഞ്ഞു. ബി.ജെ.പി.ക്കുനേരെ രൂക്ഷവിമർശമാണ് അഖിലേഷും മായാവതിയും നടത്തിയത്. കോൺഗ്രസിനെ വിമർശിക്കാനും മായാവതി മടിച്ചില്ല. ബി.ജെ.പി. ഭരണത്തിലെത്തിയപ്പോൾ സംസ്ഥാനത്ത് ജാതീയത കൂടുതൽ ശക്തമാകുകയാണ് ചെയ്തതെന്നും എന്തിനും ഏതിനും ജാതിചോദിക്കുന്ന സ്ഥിതിയായെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഏറ്റുമുട്ടൽ കൊലകൾ സംസ്ഥാനത്ത് അരങ്ങേറിയതിൽ പലതിലും ജാതിയുണ്ടെന്നും അഖിലേഷ് വിമർശിച്ചു. കോൺഗ്രസ് അഴിമതിക്ക് ഒട്ടും കുറവായിരുന്നില്ല. അവർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിൽ ഇപ്പോൾ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ബി.ജെ.പി. നടപ്പാക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി. രാഹുൽഗാന്ധി പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായാൽ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് യു.പി. മുമ്പും പ്രധാനമന്ത്രിയെ നൽകിയിട്ടുണ്ടെന്നും എന്നാൽ, തന്റെ 'ചോയ്സ്' എന്താണെന്ന് നിങ്ങൾക്ക് പിടികിട്ടിക്കാണുമെന്ന് കരുതുന്നുവെന്നും മായാവതിയെ ഉദ്ദേശിച്ച് അഖിലേഷ് പറഞ്ഞു. സഖ്യം വിജയം ആവർത്തിക്കുമെന്നതിൽ പൂർണമായ ആത്മവിശ്വാസമുണ്ടെന്നും ഇരുനേതാക്കളും പറഞ്ഞു. സഖ്യം കാൽനൂറ്റാണ്ടിനുശേഷം 1993-ലെ വിധാൻസഭാ തിരഞ്ഞെടുപ്പിൽ മുലായംസിങ്ങിന്റെ നേതൃത്വത്തിൽ എസ്.പി.യും മായാവതിയുടെ ബി.എസ്.പി.യും ഒരുമിച്ച് മത്സരിച്ചശേഷം കാൽനൂറ്റാണ്ട് തികഞ്ഞ 2018-ലാണ് ബി.ജെ.പി.ക്കെതിരേ ഇരുപാർട്ടിയും ഒരുമിച്ച് മത്സരിച്ചത്. 2018-ൽ നടന്ന മൂന്ന് ലോക്സഭാ ഉപതിരഞ്ഞടുപ്പിലും സഖ്യം ബി.ജെ.പി.യെ തോൽപ്പിച്ചു. അന്ന് ആർ.എൽ.ഡി.യും കോൺഗ്രസ്സും സഖ്യത്തോടൊപ്പമുണ്ടായിരുന്നു. ഇത്തവണ മുലായംസിങ് മെയിൻപുരി ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചാൽ അത് ബദ്ധവൈരിയായിരുന്ന മായാവതിയുടെ പിന്തുണയോടെയായിരിക്കുമെന്നതാണ് രാഷ്ട്രീയ കൗതുകം. മാറ്റിവെച്ച രണ്ടുസീറ്റ് അജിത്സിങ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക്ദളിന് നൽകിയേക്കുമെന്ന് സൂചനയുണ്ട്. ആർ.എൽ.ഡി. നേതാവ് ജയന്ത് ചൗധരിയുമായി അഖിലേഷ് യാദവ് നേരത്തേ സീറ്റുചർച്ച നടത്തിയിരുന്നു. ബി.എസ്.പി.-എസ്.പി. സഖ്യത്തിൽ കോൺഗ്രസ് ഉണ്ടായാലും ഇല്ലെങ്കിലും തങ്ങളുണ്ടാകുമെന്ന് അജിത് സിങ്ങും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഗൊരഖ്പുരിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയം കൊണ്ടുവന്ന നിഷാദ് പാർട്ടിയുമായും ചർച്ചനടക്കുന്നുണ്ട്. അധികാരക്കൊതിയെന്ന് ബി.ജെ.പി. അതേസമയം, സഖ്യതീരുമാനത്തിനെതിരേ ബി.ജെ.പി. നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. ജാതി താത്പര്യവും അഴിമതിയും അവസരവാദവും അധികാരക്കൊതിയുമാണ് പുതിയ സഖ്യത്തിന്റെ താത്പര്യമെന്നും വികസനമല്ലെന്നും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ബി.ജെ.പി.യുടെ സദ്ഭരണം ജനത്തിന് ബോധ്യമുണ്ടെന്നും വോട്ടർമാർ ഈ അവിശുദ്ധ കൂട്ടുകെട്ടിന് മറുപടി നൽകുമെന്നും യോഗി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, തങ്ങളില്ലാത്ത ഈ സഖ്യം അപൂർണമാണെന്നായിരുന്നു മുലായംസിങ്ങിന്റെ സഹോദരനും പ്രഗതിശീൽ സമാജ് വാദി (ലോഹ്യ) പാർട്ടി നേതാവുമായ ശിവപാൽ യാദവിന്റെ പ്രതികരണം. മതേതര പാർട്ടികളുടെ കൂട്ടായ്മയ്ക്ക് മാത്രമേ ബി.ജെ.പി.യെ തോൽപ്പിക്കാനാവൂവെന്നും ശിവപാൽ പറഞ്ഞു സഖ്യത്തെ തകർക്കാനാവില്ല വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടൊന്നും നടന്നില്ലെങ്കിൽ ബി.ജെ.പി. അധികാരത്തിൽനിന്ന് പുറത്താകും. രാഷ്ട്രീയത്തിലെ പുതിയ കണക്കുകൂട്ടലുകൾ പഠിപ്പിച്ചുതന്നത് ബി.ജെ.പി.യാണ്. ബി.ജെ.പി. എന്തുതന്ത്രം പ്രയോഗിച്ചാലും ഈ സഖ്യത്തെ തകർക്കാനാവില്ല. -അഖിലേഷ് യാദവ്, എസ്.പി. കോൺഗ്രസിനെ കൂട്ടിയാൽ വോട്ട് പോകും ഉറക്കമില്ലാത്ത രാത്രികളാണ് ഇനി മോദിക്കും അമിത് ഷായ്ക്കും. പുതിയ സഖ്യം രാജ്യത്ത് വിപ്ലവം കൊണ്ടുവരും. കോൺഗ്രസുമായി ചേർന്നാൽ സഖ്യത്തിന് കൂടുതലൊന്നും നേടാനില്ലെന്നതാണ് സ്ഥിതി. വോട്ട് അങ്ങോട്ടുപോകും, ഇങ്ങോട്ട് ലഭിക്കില്ലെന്നതാണ് അനുഭവം -മായാവതി, ബി.എസ്.പി. 2014-ൽ ആകെ സീറ്റ് 80 ബി.ജെ.പി.-അപ്നാദൾ സഖ്യം 73 (ബി.ജെ.പി. 71 അപ്നാദൾ 2) എസ്.പി. 5 കോൺഗ്രസ് 2 ബി.എസ്.പി. 0 2018-ൽ ഉപതിരഞ്ഞെടുപ്പിൽ ഗൊരഖ്പുർ, ഫുൽപ്പുർ സീറ്റുകളിൽ ബി.എസ്.പി. പിന്തുണയോടെ എസ്.പി. സ്ഥാനാർഥികൾ ബി.ജെ.പി.യെ തോൽപിച്ചു. കൈരാന മണ്ഡലത്തിൽ സഖ്യത്തിന്റെ പിന്തുണയോടെ ആർ.എൽ.ഡി.യും വിജയിച്ചു. Content Highlights:SP - BSP alliance in UP
from mathrubhumi.latestnews.rssfeed http://bit.ly/2RN0g8C
via
IFTTT
No comments:
Post a Comment