കൊച്ചി: ഡിജിറ്റൽ യുഗത്തിലും സ്ത്രീകളുടെ അടിമത്തത്തിന് അവസാനമാകുന്നില്ലെന്ന് തമിഴ് സംവിധായകൻ പാ. രഞ്ജിത്ത്. രജനീകാന്ത് നായകനായ കബാലിയുടെയും കാലയുടെയും സംവിധായകനാണ് പാ. രഞ്ജിത്ത്. അവഗണനകൾക്കെതിരേയുള്ള പോരാട്ടം നയിക്കേണ്ടത് സ്ത്രീകൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ''രാഷ്ട്രീയപാർട്ടികൾ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചു. തമിഴ്നാട്ടിൽ അംബേദ്കർ പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടരായി ജനങ്ങൾ ബി.ജെ.പി.യുടെ ജാതി രാഷ്ട്രീയത്തിനെതിരേ ഒന്നിക്കുന്നുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും. ജനങ്ങളെ ബോധവത്കരിക്കാനാണ് കല ഞാൻ ഉപയോഗിക്കുന്നത്''. പരിയേറും പെരുമാൾ പോലെയുള്ള സിനിമകളും കാസ്റ്റ്ലെസ് കളക്ടീവ് കൂട്ടായ്മയും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ 'ആർപ്പോ ആർത്തവം' പരിപാടിക്കെത്തിയ രഞ്ജിത്തുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന്. ദൈവത്തിനു മുന്നിൽ വ്യത്യാസമില്ല ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്. ആൺ- പെൺ വ്യത്യാസമില്ല. പണക്കാരനെന്നും പാവപ്പെട്ടവനെന്നും ഭേദമില്ല. രാജ്യത്തെ അധികാര ശ്രേണിയും വർണ വ്യവസ്ഥയുമെല്ലാം നമുക്കിടയിൽ വിവേചനമുണ്ടാക്കി. ഞാൻ മുകളിൽ, നീ താഴെ എന്ന മട്ടിൽ വിവേചനം നിലനിൽക്കുന്നു. ജനങ്ങളെ പല തട്ടുകളായി വിഭജിച്ചു. മനസ്സിനുള്ളിലേക്കും ആ ഇരുട്ട് ബാധിച്ചിട്ടുണ്ട്. മനുഷ്യാവകാശമെന്നത് എല്ലാവർക്കും ഒരേ പോലെയാണ്. സ്ത്രീക്കും പുരുഷനും വ്യത്യാസമില്ല. ആർത്തവം അശുദ്ധിയല്ല ആർത്തവത്തെ അശുദ്ധിയായിക്കണ്ട് സ്ത്രീകളെ അകറ്റിനിർത്തുന്നു. സ്ത്രീയെന്നാൽ പ്രത്യുത്പാദനത്തിനുള്ള ഉപകരണം മാത്രമല്ല. മണ്ണ്, പൊന്ന്, പെണ്ണ് എന്നൊരു ചൊല്ല് തന്നെയുണ്ട്. ഇതിൽ മണ്ണിനും പൊന്നിനും ജീവനില്ല. അതുപോലെ ഉയിരുകെട്ടതാണോ പെണ്ണ് എന്ന് ചിന്തിക്കണം. ആർത്തവമില്ലെങ്കിൽ ജീവനില്ലെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് പുണ്യമായ രക്തമാണ്. അതിനെ അശുദ്ധിയായി കണ്ട് നീ ഇവിടേക്ക് കടക്കരുതെന്നു പറയുന്നത് അനുവദിക്കാനാകില്ല. ആചാരങ്ങളുടെ പേരിൽ സ്ത്രീയെ അകറ്റിനിർത്തുന്നത് ആശങ്കയുണ്ടാക്കുന്നു. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. സ്ത്രീയെ കണ്ടാൽ ദൈവത്തിന് ബ്രഹ്മചര്യം നഷ്ടമാകില്ല. അയാം സോറി അയ്യപ്പാ... ശബരിമല വിഷയം ഉയർന്നുവന്ന സമയത്താണ് കാസ്റ്റ്ലെസ് കളക്ടീവ് 'അയാം സോറി അയ്യപ്പാ' എന്ന പാട്ട് പുറത്തിറക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ടു ആ പാട്ട്. ഞങ്ങളെ എന്തിന് അകറ്റിനിർത്തുന്നുവെന്ന് ഒരു പെണ്ണ് തന്നെ ദൈവത്തിനോട് ചോദിക്കുകയാണ്. മനുഷ്യാവകാശങ്ങളെക്കുറിച്ചാണ് ആ പാട്ട് ഓർമിപ്പിക്കുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയം ജനങ്ങൾക്കിടയിൽ പിന്നാക്കമെന്നും മുന്നാക്കമെന്നും വിഭാഗങ്ങളുണ്ടാക്കി. പിന്നാക്ക വിഭാഗങ്ങളെ ജാതിയുടെ പേരിൽ വീണ്ടും വിഭജിച്ചു. ജാതീയതയ്ക്കും വേർതിരിവിനുമെതിരേ ജനങ്ങൾ ഒന്നിക്കണം. അതിന് ബോധവത്കരണം ആവശ്യമാണ്. അതിനുള്ള കൂട്ടായ്മകൾ ആവശ്യമാണ്. തമിഴ്നാട്ടിലെ 80 ശതമാനം ഗ്രാമങ്ങളിലും ജാതിയുടെ അതിർവരമ്പുകളുണ്ട്. . ഇതെന്റെ രാഷ്ട്രീയം സിനിമയിലൂടെയും മറ്റും പറയാൻ ശ്രമിക്കുന്നത് എന്റെ രാഷ്ട്രീയമാണ്. വോട്ടുബാങ്ക് ഉൾപ്പെടുന്നത് മാത്രമല്ല രാഷ്ട്രീയം. ഇവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ചർച്ചയ്ക്ക് തുടക്കമിടാൻ കഴിഞ്ഞു. അത് ശരിയായ ദിശയിലേക്ക് തിരിച്ചുവിടാനാകണം. പല വിഷയങ്ങളിലും ഞാൻ രൂക്ഷമായ വിമർശനത്തിന് വിധേയനാകുന്നുണ്ട്. വിമർശനങ്ങളെ ഭയക്കുന്നില്ല. അയ്യൻകാളി ഹീറോ പരിവേഷത്തോടെ അവതരിപ്പിക്കപ്പെടേണ്ട ജീവിതമാണ് അയ്യൻകാളിയുടേത്. അദ്ദേഹത്തെക്കുറിച്ച് ഒരു സിനിമ ചെയ്യാൻ താത്പര്യമുണ്ട്. ബഹുഭാഷാ ചിത്രമായിരിക്കും. കേരളം മാത്രമല്ല മറ്റു സംസ്ഥാനങ്ങളും അറിയണം ആ വ്യക്തിത്വത്തെ. ബിർസ മുണ്ട ജാർഖണ്ഡിൽ നിന്നുള്ള ആദിവാസി നേതാവിന്റെ ജീവിതമാണ് 'ബിർസ മുണ്ട' എന്ന േപരിൽ സിനിമയാക്കുന്നത്. ഏറെ പ്രതീക്ഷയുള്ള സിനിമയാണത്. തിരക്കഥയുടെ തിരക്കിലാണ്. നടീനടൻമാർ ഒന്നും തീരുമാനമായിട്ടില്ല. താമസിയാതെ ഷൂട്ടിങ് തുടങ്ങും. കാലയും കബാലിയും പതിവ് രീതിയിലുള്ള രജനീ ചിത്രങ്ങളായിരുന്നില്ല. എന്നിട്ടും ശ്രദ്ധിക്കപ്പെട്ടു. എന്റെ ആശയങ്ങളാണ് ഞാൻ അവതരിപ്പിക്കുന്നത്. തമിഴ്നാട്ടിൽ താരങ്ങളുടെ പിടിയിൽനിന്ന് സിനിമ ഒരു പരിധി വരെ പുറത്തുവന്നിട്ടുണ്ട്. Content Highlights:Kochi pa ranjith arpo arthavam the castles collective talks about menstruation
from mathrubhumi.latestnews.rssfeed http://bit.ly/2FtOpWn
via
IFTTT
No comments:
Post a Comment