കൊച്ചി: ശബരിമലയിൽ യുവതികളുടെ ദർശനത്തിനുപിന്നിൽ രഹസ്യ അജൻഡയുണ്ടോയെന്ന് ഹൈക്കോടതി. ഇതുൾപ്പെടെ കാര്യങ്ങൾ പരിശോധിച്ച് അടുത്ത ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോനും ജസ്റ്റിസ് എൻ. അനിൽ കുമാറുമുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വാക്കാൽ നിർദേശിച്ചു. ശബരിമലയിൽ ദർശനം നടത്തിയ രണ്ടുയുവതികൾ വിശ്വാസികളാണോയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. അതേയെന്ന് സർക്കാർ അറിയിച്ചു. ശബരിമല നിരീക്ഷകസമിതിയുടെ രണ്ടാമത്തെ റിപ്പോർട്ടിന് സർക്കാർ നൽകിയ മറുപടി പരിശോധിച്ചാണിത്. സർക്കാരിന് രഹസ്യ അജൻഡയില്ലെന്ന് വാദത്തിനിടെ അഭിഭാഷകൻ അറിയിച്ചു. സർക്കാർ ആരെയും ശബരിമലയിലേക്ക് കൊണ്ടുവന്നിട്ടില്ല. കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുമില്ല. നിലയ്ക്കൽമുതൽ പമ്പവരെ സ്വകാര്യവാഹനം അനുവദിക്കേണ്ടെന്ന് കോടതിയുടെ ഉത്തരവില്ലേയെന്ന് ആരാഞ്ഞപ്പോൾ ഇല്ലെന്നായിരുന്നു സർക്കാർ മറുപടി. വാദത്തിനിടെ കോടതിയുടെ നിരീക്ഷണങ്ങൾ * യുവതീപ്രവേശത്തിലൂടെ ശബരിമലയിലെ സമാധാനാന്തരീക്ഷം തകർത്ത് പോലീസിനെയും സർക്കാരിനെയും പഴിചാരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ? * യുവതീപ്രവേശത്തിനുപിന്നിൽ മറ്റേതെങ്കിലും ഏജൻസിയുണ്ടോ? അതേക്കുറിച്ച് പുറത്തുള്ള ഏജൻസിയുടെ അന്വേഷണം വേണോയെന്ന് പരിശോധിക്കണം * നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനം വിടേണ്ടെന്ന കോടതി ഉത്തരവുള്ളപ്പോൾ തമിഴ്നാട്ടിലെ മനിതി സംഘത്തിന്റെ വാഹനം പമ്പവരെ കടത്തിവിട്ടതെങ്ങനെ? കോടതി ഉത്തരവുണ്ടെങ്കിൽ ഹാജരാക്കണം. ഇല്ലെങ്കിൽ അക്കാര്യം അറിയിക്കണം. മനിതി അംഗങ്ങളുടെ വാഹനം കടത്തിവിട്ടതിന് പോലീസുദ്യോഗസ്ഥരുടെ പേരിൽ കോടതിയലക്ഷ്യനടപടി ആവശ്യമുണ്ടോയെന്ന് വിശദീകരിക്കണം * മനിതി അംഗങ്ങളുടെ വാഹനം പമ്പവരെ അനുവദിച്ചതിനെപ്പറ്റി സർക്കാരിന്റെ വിശദീകരണത്തിൽ വൈരുധ്യമുണ്ട്. യുവതികൾ നിലയ്ക്കലിലിറങ്ങിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നതാണ് കാരണമായി പറയുന്നത്. യുവതികൾ വാഹനമിറങ്ങുന്നത് പമ്പയിലായാൽ അവിടെയും നിലയ്ക്കലേതുപോലെ പ്രശ്നമുണ്ടാവില്ലേ? പമ്പയിലില്ലാത്ത എന്തുപ്രശ്നമാണ് നിലയ്ക്കലിലുള്ളത്? * നിലയ്ക്കലിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് പറയുന്ന സർക്കാർതന്നെ തിരക്കുനിയന്ത്രിക്കാൻ പോലീസിന് വൈദഗ്ധ്യമുണ്ടെന്ന് സത്യവാങ്മൂലത്തിൽ മറ്റൊരിടത്ത് പറയുന്നത് വൈരുധ്യമാണ്. * ശബരിമല തീർഥാടകർക്കുള്ള സ്ഥലമാണ്. സർക്കാരിനോ പോലീസിനോ മറ്റേതെങ്കിലും കക്ഷികൾക്കോ പ്രകടനത്തിനുള്ള സ്ഥലമല്ല. * കോടതിയുടെ ഇടപെടലിനെത്തുടർന്ന് ശബരിമലയിൽ എല്ലാം തികച്ചും സുഗമമായിരുന്നു. ദിവസം ഒരുലക്ഷം ഭക്തർവരെയെത്തി. അവിടത്തെ സമാധാനാന്തരീക്ഷം തകർക്കാനും പ്രശ്നമുണ്ടാക്കാനും മറ്റാർക്കെങ്കിലും രഹസ്യ അജൻഡയുണ്ടോ? content highlights:sabarimala women entry
from mathrubhumi.latestnews.rssfeed http://bit.ly/2M0q4IX
via
IFTTT
No comments:
Post a Comment