ശരിയത്ത്: സത്യവാങ്മൂലം വേണ്ട, വിസമ്മതപത്രം മതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 9, 2019

ശരിയത്ത്: സത്യവാങ്മൂലം വേണ്ട, വിസമ്മതപത്രം മതി

തിരുവനന്തപുരം: ശരിയത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് എല്ലാ മുസ്ലിങ്ങളും പ്രത്യേക സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ സർക്കാർ റദ്ദാക്കി. പകരം, ശരിയത്ത് നിയമം ബാധകമാക്കേണ്ടാത്തവർ വിസമ്മതപത്രം നൽകിയാൽ മതി. ഇതിനനുസരിച്ച് ശരിയത്ത് നിയമത്തിന്റെ ചട്ടത്തിൽ അടിയന്തരമായി ഭേദഗതി കൊണ്ടുവരുമെന്ന് ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.ടി. ജലീൽ 'മാതൃഭൂമി' യോട് പറഞ്ഞു. ചട്ടം സംബന്ധിച്ച് 'മാതൃഭൂമി' ചൊവാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. ഇതോടെ മുസ്ലിം വിഭാഗങ്ങൾക്കിടയിൽനിന്ന് എതിർപ്പ് വ്യാപകമായി. തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടു. കെ.ടി. ജലീലുമായി സംസാരിച്ച് എല്ലാവരും സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കാൻ നിർദേശിച്ചു. 81 വർഷം പഴക്കമുള്ള മുസ്ലിം വ്യക്തിനിയമത്തിന് (ശരിയത്ത്) ചട്ടം രൂപവത്കരിച്ച് സർക്കാർ കഴിഞ്ഞദിവസം ഗസറ്റിൽ വിജ്ഞാപനം ചെയ്തിരുന്നു. ഇതുപ്രകാരം ശരിയത്ത് നിയമത്തിന്റെ ആനുകൂല്യം വേണ്ടവർ തഹസിൽദാർക്ക് താൻ മുസ്ലിമാണെന്ന് തെളിയിക്കുന്ന രേഖകൾ സഹിതം സത്യവാങ്മൂലം നൽകണമെന്ന് നിഷ്കർഷിച്ചിരുന്നു. എല്ലാവരും സത്യവാങ്മൂലം നൽകുന്നതിനുപകരം നിയമം ബാധകമാക്കേണ്ടാത്തവർ വിസമ്മതപത്രം നൽകിയാൽമതിയെന്ന ബദൽനിർദേശം കെ.എൻ.എ. ഖാദർ എം.എൽ.എ. മുന്നോട്ടുവെച്ചു. വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങിയ വിഷയങ്ങളിൽ കാര്യങ്ങൾ മുമ്പത്തെപ്പോലെ നിർവഹിക്കപ്പെടുകയും അവയുടെ സാധുത ഈ ചട്ടപ്രകാരം ചോദ്യം ചെയ്യപ്പെടുകയും ചെയ്താൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന് അദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ചട്ടം ഭേദഗതി ചെയ്യുന്നതിന് ഇതും പ്രേരണയായി. എല്ലാവരും സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ മുസ്ലിം വിഭാഗത്തെ പൊതുവിൽ എതിരാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനത്തിൽനിന്നു പിന്നോട്ടുപോകുന്നത്. രാഷ്ട്രീയാതിപ്രസരമുള്ള മേഖലകളിൽ മഹല്ല് കമ്മിറ്റികൾ സർട്ടിഫിക്കറ്റ് നൽകുന്നതിനും മറ്റും എതിരാളികളെ ബുദ്ധിമുട്ടിക്കുമെന്നും പരാതിയുയർന്നു. നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്കും സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ ബുദ്ധിമുട്ടാകും. ചട്ട രൂപവത്കരണത്തിന്റെ പൊതുസ്വഭാവമാണ് ഇതിലും അനുവർത്തിച്ചതെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥർ നൽകുന്നത്. എന്നാൽ, വലിയ ജനസാമാന്യത്തെ ബാധിക്കുന്ന പ്രശ്നത്തിൽ സാമൂഹികയാഥാർഥ്യം ഉൾക്കൊണ്ട് ഉദ്യോഗസ്ഥർ വിവേചനബുദ്ധിയോടെ പ്രവർത്തിക്കേണ്ടിയിരുന്നെന്ന് സർക്കാർ വിലയിരുത്തി. ഉടൻ പുനർവിജ്ഞാപനം രാഷ്ട്രീയവിരോധം തീർക്കാനും മുസ്ലിം സമുദായത്തിലെ വിവിധ അവാന്തരവിഭാഗങ്ങൾ തമ്മിലുള്ള തർക്കം പ്രകടിപ്പിക്കാനും ചട്ടം ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഭേദഗതി. ശരിയത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തേണ്ട എന്നുള്ളവർ വിസമ്മതപത്രം നൽകിയാൽ മതിയാകുമെന്ന പുനർവിജ്ഞാപനം ഉടനിറക്കും. - കെ.ടി. ജലീൽ, ന്യൂനപക്ഷക്ഷേമ മന്ത്രി content highlights:shariath law


from mathrubhumi.latestnews.rssfeed http://bit.ly/2Ay1Fpt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages