കോട്ടയം: ജലപരിസ്ഥിതിയിലെ വ്യതിയാനവും മറ്റും മൂലം കേരളതീരത്തെ കടൽമീനുകളുടെ തൂക്കം കുറയുന്നതായി മത്സ്യബന്ധനവകുപ്പിന്റെ പഠനം. എല്ലായിനം മീനുകളുടേയും തൂക്കം കുറയുന്നുണ്ട്. മത്സ്യബന്ധനനയം രൂപവത്കരിക്കുന്നതിനായി, വകുപ്പിന്റെ ഗവേഷണവിഭാഗമാണ് മത്സ്യസമ്പത്തിനെക്കുറിച്ച് പഠിച്ചത്. പത്തുവർഷത്തിനിടെ പിടിക്കുന്ന മീനിന്റെ തൂക്കത്തിൽ 75,000 ടണ്ണിന്റെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. മത്സ്യത്തിന്റെ വലിപ്പം കുറയുന്നതാണ് പ്രധാനപ്രശ്നം. എല്ലാ ഇനങ്ങളുടേയും വലിപ്പം കുറയുന്നുണ്ട്. ചൂടിന്റെ ഏറ്റക്കുറച്ചിൽ, സമുദ്രമേഖലയിലെ ആശാസ്യമല്ലാത്ത ജൈവ-ഭൗതിക പ്രവർത്തനങ്ങൾ, മലിനീകരണം എന്നിവ കാരണമാണ്. താപനിലയിലെ വർധനമൂലം സമുദ്രനിരപ്പ് ഉയരുന്നു. തിര, വേലിയേറ്റം, വേലിയിറക്കം, കാറ്റ്, ഭൂമിയുടെ ചരിവ് എന്നിവയിലുണ്ടാകുന്ന മാറ്റവും മത്സ്യങ്ങളുടെ സ്വാഭാവികവളർച്ചയേയും വ്യാപനത്തെയും തടയുന്നു. ഇതുമൂലം, മറ്റ് സ്ഥലങ്ങളിൽനിന്ന് ഇവിടേക്കുള്ള മത്സ്യങ്ങളുടെ വരവും പോക്കും കുറയുന്നെന്നും കണ്ടെത്തി. സംസ്ഥാനത്ത് പിടിക്കുന്ന മീനിന്റെ 72 ശതമാനവും 590 കിലോമീറ്റർ ദൈർഘ്യമുള്ള കടലോരത്തുനിന്നാണ്. കായൽ, പുഴ മത്സ്യങ്ങൾ, വളർത്തുമീനുകൾ എന്നിവ എല്ലാംകൂടി 28 ശതമാനമേയുള്ളൂ. കടൽമീനിന്റെ ദേശീയശരാശരിയാകട്ടെ, 40 ശതമാനമാണ്. 2007-ൽ ഇതുപോലൊരു പഠനം നടത്തിയിരുന്നു. പ്രതിവർഷം 5.98 ലക്ഷം ടൺ മീൻ കടലിൽനിന്ന് ലഭിക്കുന്നെന്നാണ് അന്ന് കണ്ടെത്തിയത്. എന്നാൽ, 2018-ൽ നടത്തിയ പഠനത്തിൽ ഇത് 5.23 ലക്ഷം ടണ്ണായി കുറഞ്ഞു. തെറ്റായ മത്സ്യബന്ധനരീതികളും മത്സ്യവളർച്ച തടയുന്നു. തീരക്കടലിൽ മീൻപിടിക്കുന്നതിന് ഡൈനമിറ്റ്, ലൈറ്റ്, വിഷം, ബുൾ ട്രോളിങ് എന്നിവ ഉപയോഗിക്കുന്നതിനെതിരേ നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. സമുദ്രത്തിൽ വല നിക്ഷേപിച്ചുള്ള ഗോസ്റ്റ് ഫിഷിങ്ങും തടയണം. ഇങ്ങനെ പിടിക്കുന്നത് വിവിധയിനം മീനുകളുടെ വംശനാശത്തിനിടയാക്കുന്നു. കടലിന്റെ പാരിസ്ഥിതിക തനിമ നിലനിർത്താൻ ശക്തമായ ഇടപെടൽ വേണം. കണ്ടൽക്കാടുകൾ, സമുദ്രപുൽത്തിട്ടകൾ, പവിഴപ്പുറ്റുകൾ എന്നിവ മീനുകളുടെ ആവാസകേന്ദ്രമാണ്. ഇവ മത്സ്യവളർച്ചയ്ക്ക് അത്യന്താപേക്ഷിതമായതിനാൽ സംരക്ഷിക്കണം. തീരദേശങ്ങളിലെ മലിനീകരണം കർശനമായി തടയണമെന്നും പഠനം നിർദേശിക്കുന്നു. Content Highlights:Pollution and global warming Fish wight in Kerala Coast down
from mathrubhumi.latestnews.rssfeed http://bit.ly/2B1m7zo
via
IFTTT
No comments:
Post a Comment