കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷത തിരിച്ചുവരാനാകാത്തവിധം മനുഷ്യരാശിയെ അപകടകരമായ നിലയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പുമായി പഠന റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി ഗ്രീൻലാൻഡിലെ ഹിമപാളികൾ അതിവേഗത്തിൽ ഉരുകിക്കൊണ്ടിരിക്കുകയാണെന്നും ഭൂമിയിലെ താഴ്ന്ന പ്രദേശങ്ങളും സമുദ്രത്തോട് ചേർന്ന മേഖലകളും വലിയ ഭീഷണിയാണ് നേരിടുന്നതെന്നും പുറത്തുവന്ന പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരത്തെ ഗവേഷകർ കരുതിയിരുന്നതിലും വേഗത്തിലാണ് ഗ്രീൻലാൻഡിലെ ഹിമപാളികൾ ഉരുകുന്നതെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ സാധാരണയായി ഉരുകുന്നത് സ്വാഭാവികമായ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് അനുസരിച്ചാണ്. എന്നാൽ ക്രമാതീതമായി വർധിച്ചുവരുന്ന അന്തരീക്ഷോഷ്മാവ് മഞ്ഞുരുകലിന്റെ വേഗം അസാധാരണമായി വർധിപ്പിച്ചിരിക്കുകയാണ്. ഗ്രീൻലാൻഡിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭീമാകാരമായ മഞ്ഞുപാളികൾ ഉള്ളത്. ഇവ പൊട്ടി കഷ്ണങ്ങളാവുകയും അറ്റ്ലാന്റിക് സമുദ്രത്തിൽ എത്തിച്ചേരുകയും ഇവ ഉരുകി സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. അന്തരീക്ഷോഷ്മാവിലെ വർധനവ് ഈ പ്രക്രിയയെ കൂടുതൽ വേഗത്തിലാക്കുന്നതായി പഠനം കണ്ടെത്തുന്നു.ഈ സ്ഥിതി ഇനിവരും കാലങ്ങളിലും ഇതേപോലെതന്നെ തുടരുമെന്നും ഒഹായോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ മൈക്കൽ ബെവിസ് പറയുന്നു. വൻതോതിലുള്ള മഞ്ഞുരുകലിന്റെ പ്രതിഫലനങ്ങൾ ലോകത്തിലെ താഴ്ന്ന പ്രദേശങ്ങളിലും കടലോര മേഖലകളിലുമാണ് ആദ്യം ദൃശ്യമാകുക. ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ 10 എണ്ണം സ്ഥിതിചെയ്യുന്നത് കടലോരങ്ങളിലാണ്. 40-50 ശതമാനം ജനങ്ങൾ അധിവസിക്കുന്നതും ഇത്തരം മേഖലകളിലാണ്. മഞ്ഞുരുകുന്നതു മൂലം സമുദ്രനിരപ്പ് ഉയരുന്നത് ഈ പ്രദേശങ്ങളെയെല്ലാം ഗുരുതരമായി ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇന്നത്തെ സാഹചര്യങ്ങളിൽനിന്ന് ഒരു പിന്നോട്ടുപോക്ക് സാധ്യമല്ല. പുതിയ സാഹചര്യങ്ങളെ ഉൾക്കൊള്ളുകയും ആഗോളതാപനം കുറയ്ക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കുകയും ചെയ്യുക എന്നതാണ് ആകെ ചെയ്യാനുള്ളതെന്നും മൈക്കൽ ബെവിസ് പറയുന്നു. നേച്ചർ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. Content Highlights:Greenland, ice melt, coastal cities, Michael Bevis, Ohio State University, global warming
from mathrubhumi.latestnews.rssfeed http://bit.ly/2T9b26s
via
IFTTT
No comments:
Post a Comment