കൊച്ചി: എറണാകുളം പാലാരിവട്ടത്ത് വയോധികയായ അമ്മയെ അപായപ്പെടുത്താൻ ശ്രമിച്ച മകനെ വീട്ടിലെ ഹോം നഴ്സ് കുത്തിക്കൊന്നു. പാലാരിവട്ടം കളവത്ത് റോഡിൽ ചെല്ലിയംപുറം തോബിയാസ് (35) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ലഹരിയ്ക്കടിമയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ ഹോം നഴ്സ് ലോറൻസിനെ (52) പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. തോബിയാസ് അമ്മയുടെ കഴുത്ത് ഞെരിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചെന്നും ഇതിനു സാധിക്കാതെ വന്നപ്പോൾ കത്തികൊണ്ട് കുത്തുകയായിരുന്നെന്നുമാണ് ലോറൻസ് നൽകിയിരിക്കുന്ന മൊഴി. തൃശൂർ സ്വദേശിയായ ലോറൻസ് ഒരു വർഷമായി ഇവിടെ ഹോം നഴ്സായി ജോലി നോക്കുന്നു. കുത്തേറ്റതിനെ തുടർന്ന് രക്തം വാർന്നാണ് തോബിയാസ് മരിച്ചത്. തോബിയാസിന്റെ അമ്മ വിളിച്ചറിയിച്ചതിനെ തുടർന്ന് ഇവരുടെ മകളാണ് പോലീസിനെ വിവരമറിയിച്ചത്. എന്നാൽ, പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുത്തിയതിനുശേഷം വീട്ടിൽ തന്നെ ഉണ്ടായിരുന്ന ലോറൻസിനെ പോലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുത്തു. തോബിയാസ് പലപ്പോഴും അമ്മയെയും ലോറൻസിനെയും ആക്രമിക്കാറുണ്ടെന്നും ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഘർഷത്തിനിടെ ലോറൻസ് ഇയാളെ കുത്തുകയായിരുന്നെന്നും പോലീസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. പലതവണ കഞ്ചാവ് കേസിൽ പെട്ടിട്ടുള്ളയാളാണ് കൊല്ലപ്പെട്ട തോബിയാസെന്നാണ് പോലീസ് നൽകുന്ന സൂചന. അവിവാഹിതനാണ്. Content Highlight: Home nurse kills house owner for he try to kill his mother
from mathrubhumi.latestnews.rssfeed http://bit.ly/2SIf0D1
via
IFTTT
No comments:
Post a Comment