ദുബായ്: പ്രവാസി മലയാളി വ്യവസായിയും സിനിമാ സംവിധായകനുമായ ഡോ. സോഹൻ റോയ് ദുബായ് ആസ്ഥാനമായ തന്റെ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ 50 ശതമാനം ഓഹരികൾ ജീവനക്കാർക്കായി വീതിച്ചു നൽകി. ഈയിടെ ഭാര്യക്ക് വിവാഹസമ്മാനമായി ഏഴ് കോടി രൂപ വിലമതിക്കുന്ന റോൾസ് റോയ്സ് കാർ നൽകി വാർത്തകളിൽ നിറഞ്ഞ റോയ് വിവാഹ വാർഷികവേളയിൽ തന്നെയാണ് ജീവനക്കാരെയും ഈ സമ്മാനത്തിലൂടെ ഞെട്ടിച്ചത്. ഏരീസ് ഗ്രൂപ്പിന്റെ വളർച്ചയിൽ ജീവനക്കാരുടെ പങ്ക് നിസ്തുലമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പ്രഖ്യാപനം. കമ്പനിയുടെ കഴിഞ്ഞ വാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ 15 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ മുതിർന്ന ജീവനക്കാർക്ക് സമ്മാനമായി നൽകിയിരുന്നു. മറ്റു ജീവനക്കാർക്കും കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും അന്ന് ഒട്ടേറെ സമ്മാനങ്ങളും നൽകി. ജീവനക്കാരുടെ അച്ഛനമ്മമാർക്കുൾപ്പെടെ പെൻഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് ഏരീസ് ഗ്രൂപ്പ്. 15 രാജ്യങ്ങളിലായി 48 അന്താരാഷ്ട്ര കമ്പനികളുള്ള ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗൾഫ് മേഖലയിലെ വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നാണ്. 1600 ജീവനക്കാരുള്ള ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിൽ നാനൂറോളം പേരുണ്ട്. കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി (സി.എസ്.ആർ ഫണ്ട് ) ഒട്ടേറെ സന്നദ്ധ പ്രവർത്തനങ്ങളും സോഹൻ റോയ് ഏരീസിലൂടെ നടപ്പാക്കിയിട്ടുണ്ട് . ഏരീസ് ടെലികാസ്റ്റിങ് െെപ്രവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമിച്ച 'ജലം', 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ' തുടങ്ങിയ ചിത്രങ്ങളുടെ വരുമാനം പൂർണമായും സന്നദ്ധ പ്രവർത്തനങ്ങൾക്കായി നൽകി. 1998-ലാണ് ഏരീസ് ഗ്രൂപ്പിന്റെ മുഖമുദ്രയായ ഏരീസ് മറൈൻ സോഹൻ റോയ് സ്ഥാപിക്കുന്നത്. മേഖലയിലെ വലിയ ഷിപ് ഡിസൈൻ കൺസൾട്ടൻസി സ്ഥാപനമാണ് ഈ കമ്പനി. യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഇന്ത്യ, ദുബായ്, അബുദാബി, ഖത്തർ, ബഹ്റൈൻ, ചൈന, യുഎസ്എ, അസർബൈജാൻ, സൗദി അറേബ്യ, മലേഷ്യ, ഒമാൻ, സിങ്കപ്പൂർ, കുവൈത്ത്, യൂറോപ്പ് എന്നിവിടങ്ങളിൽ ഉൾപ്പടെ ശാഖകളുണ്ട്. ഫോബ്സ് മിഡിൽ ഈസ്റ്റ് പുറത്തിറക്കിയ മിഡിൽ ഈസ്റ്റ് 2017 പട്ടികയിൽ ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും സ്വാധീനമുള്ള ആദ്യ 50 ഇന്ത്യക്കാരിൽ ഇടംപിടിച്ച വ്യവസായിയാണ് സോഹൻ റോയ്. ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള ഇൻഡിവുഡിന് നേതൃത്വം നൽകുന്നതും സോഹൻ റോയ് ആണ്. 2000 ഇന്ത്യൻ ശതകോടീശ്വരൻമാരും കോർപ്പറേറ്റുകളും നയിക്കുന്ന കൺസോർഷ്യമായ ഇൻഡിവുഡ് 1000 കോടി ഡോളർ സംരംഭമാണ്. പുനലൂർ സ്വദേശിയായ സോഹൻ റോയ് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽനിന്ന് നേവൽ ആർകിടെക്ചറിൽ ബിരുദം നേടി മർച്ചന്റ് നേവിയിൽ എൻജിനീയറായാണ് കരിയറിന് തുടക്കമിട്ടത്. 1992-ൽ യു.എ.ഇ.യിലെത്തി മറൈൻ സർവേയറായി ജോലി ചെയ്തതിനുശേഷമാണ് സ്വന്തമായി ഒരു വ്യവസായ സംരംഭം എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. Content Highlights: Sohan Roy,Aries Group
from mathrubhumi.latestnews.rssfeed http://bit.ly/2CmKVBH
via
IFTTT
No comments:
Post a Comment