കോട്ടയം: റോസി പാസ്റ്റെർ അഥവാ റോസ് മൈന എന്ന പക്ഷി കേരളത്തിലെത്തുന്നത് അവയുടെ നാട്ടിൽ തണുപ്പ് കൂടുന്നതുകൊണ്ടെന്ന് പരിസ്ഥിതിപ്രവർത്തകർ. തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജിൽ സംസ്ഥാന ജൈവവൈവിധ്യബോർഡിന്റെ ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് കേരളത്തിൽ അടുത്തകാലത്തായി കൂട്ടമായെത്തുന്ന പക്ഷികളെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. കാലാവസ്ഥാമാറ്റം വരുത്തിയേക്കാവുന്ന ആപത്തുകളെക്കുറിച്ചുള്ള ഉത്കണ്ഠ പങ്കുവെക്കുമ്പോഴായിരുന്നു പരാമർശം. ഇവിടെ ചൂട് കൂടുന്നതുകൊണ്ടാണ് അവ എത്തുന്നതെന്നും പരിസ്ഥിതിപ്രേമികൾ പറയുന്നുണ്ട്. യൂറോപ്പ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ശൈത്യകാലം തുടങ്ങുമ്പോഴാണ് ഇവ കേരളത്തിലേക്ക് എത്തുന്നത്. ആകാശത്ത് സർക്കസുകൾ (അക്രോബാറ്റിക്സ്) കാട്ടിക്കൊണ്ടുള്ള ഇവയുടെ പറക്കൽ കൗതുകം പകരുന്ന കാഴ്ച. ഒരു കൂട്ടത്തിൽ ആയിരക്കണക്കിന് പക്ഷികളുണ്ടാകും. സ്റ്റാർലിങ് കുടുംബത്തിൽപ്പെട്ട പക്ഷിയുടെ ശാസ്ത്രനാമം പാസ്റ്റർ റോസേസ്. കോട്ടയം തിരുനക്കര ക്ഷേത്രത്തിനു സമീപമുള്ള ആലിലും പരിസരത്തും ഇവ കൂട്ടമായി ചേക്കേറുന്നത് കാണാം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപവും ഇവയുടെ വലിയ സാന്നിധ്യമുണ്ട്. കേരളത്തിലെമ്പാടും ഏറിയും കുറഞ്ഞും ഇവയുണ്ട്. വൻതോതിൽ വരാൻ തുടങ്ങിയിട്ട് അഞ്ചുവർഷമേ ആയിട്ടുള്ളൂവെന്ന് കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് ഡോ. ബി.ശ്രീകുമാർ പറഞ്ഞു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് മലയാളക്കരയിലേക്കുള്ള ഇവയുടെ ദേശാടനം. വെട്ടുകിളികൾ, പുഴുക്കൾ എന്നിവ പ്രധാന തീറ്റ. മറ്റ് തീറ്റകളും തിന്നും. കേരളത്തിന്റെ പല ഭാഗങ്ങളിലും അഴുകുന്ന മാലിന്യങ്ങൾ കൂട്ടിയിടുന്നതും ഇവയെ ഇവിടേക്ക് ആകർഷിക്കാൻ കാരണമാകുന്നെന്ന് കരുതുന്നുണ്ട്. അതെന്തായാലും ഇവ എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങൾക്കിടയാക്കുന്നതായി കണ്ടെത്തിയിട്ടില്ല. മാത്രവുമല്ല മാലിന്യത്തിലുണ്ടാകുന്ന പുഴുക്കളെയും മറ്റും വൻതോതിൽ തിന്നുതീർത്ത് നാട് വൃത്തിയാക്കുന്നുമുണ്ട്. രണ്ട് കാര്യങ്ങൾക്കായാണ് ഭൂരിഭാഗം പക്ഷികളുടെയും ദേശാടനങ്ങൾ. കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രശ്നങ്ങളിൽനിന്ന് രക്ഷ നേടാനാണ് ഒന്ന്. തീറ്റ തേടിയാണ് മറ്റൊന്ന്. ഇവയുടേത് ഇത് രണ്ടിനും വേണ്ടിയുള്ള വരവ്. ഇവയുടെ തലയ്ക്കും ചിറകിനും കറുത്ത നിറമാണ്. ബാക്കി ഭാഗങ്ങളെല്ലാം റോസ് നിറവും. അങ്ങനെയാണ് റോസി പാസ്റ്റെർ എന്ന േപര് വീണത്. ഇവിടെ കാണുന്നവ അത്ര നിറമുള്ളവയല്ല. തണുപ്പിൽനിന്ന് ഇവിടത്തെ ചൂടിലേക്ക് എത്തുമ്പോൾ സൗന്ദര്യം ചോർന്നുപോകുന്നു. മാർച്ചിലാണ് മടക്കയാത്ര. ഇവിടത്തെ തീറ്റയെല്ലാം തിന്ന് ജന്മദേശത്ത് തിരിച്ചെത്തുമ്പോഴേക്കും പക്ഷികൾ സുന്ദരികളും സുന്ദരൻമാരുമാകും. പിന്നെ ഇണചേരലിന്റെ നാളുകൾ. മുട്ടയിടുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതുമെല്ലാം സ്വദേശത്തുതന്നെ. Content Highlights:rose mynah birds reached in kerala
from mathrubhumi.latestnews.rssfeed http://bit.ly/2TkHVNB
via
IFTTT
No comments:
Post a Comment