ലെനിൻ രാജേന്ദ്രൻ വിടവാങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

ലെനിൻ രാജേന്ദ്രൻ വിടവാങ്ങി

ചെന്നൈ: വിപണിയുടെ വിലോഭനങ്ങൾക്ക് വഴങ്ങാതെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച പ്രമുഖ ചലച്ചിത്രസംവിധായകൻ ലെനിൻ രാജേന്ദ്രൻ(66) അന്തരിച്ചു. ചെന്നൈ അപ്പോളോ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു അന്ത്യം. കരൾ രോഗബാധയെത്തുടർന്ന് രണ്ട് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 16-ന് കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. മകൻ ഗൗതമനാണ് കരൾ നൽകിയത്. ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെങ്കിലും ഒരാഴ്ച മുമ്പ് രോഗം മൂർച്ഛിച്ചു. മരണസമയം ഭാര്യ ഡോ. രമണി ഒപ്പമുണ്ടായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര ഊരുട്ടമ്പലം സ്വദേശിയായ രാജേന്ദ്രൻ 1953-ലാണ് ജനിച്ചത്. എം. വേലുക്കുട്ടിയുടെയും ഭാസമ്മയുടെയും മകൻ. പഠനകാലത്ത് സ്റ്റുഡന്റ്സ് ഫെഡറേഷനിൽ സജീവമായിരുന്നു. അറിയപ്പെടുന്ന ഇടതുപക്ഷസഹയാത്രികനാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിരുദം നേടിയ ശേഷം കെ.എസ്.എഫ്.ഇ.യിൽ ജോലിയിൽ പ്രവേശിച്ചു. പ്രമുഖ സംവിധായകനായിരുന്ന പി.എ. ബക്കറിന്റെ അസിസ്റ്റന്റായാണ് ചലച്ചിത്രലോകത്തെത്തുന്നത്. ഉണർത്തുപാട്ട് എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു. 1981-ൽ പുറത്തിറങ്ങിയ 'വേനലാ'ണ് ആദ്യം സ്വതന്ത്രമായി സംവിധാനം ചെയ്ത ചിത്രം. തുടർന്ന് ചില്ല്, പ്രേംനസീറിനെ കാണ്മാനില്ല, മീനമാസത്തിലെ സൂര്യൻ, സ്വാതിതിരുനാൾ, പുരാവൃത്തം, വചനം, കുലം, മഴ, ദൈവത്തിന്റെ വികൃതികൾ, അന്യർ, രാത്രിമഴ എന്നീ ചിത്രങ്ങൾ ഒരുക്കി. 2016-ൽ പുറത്തിറങ്ങിയ ഇടവപ്പാതിയാണ് അവസാനചിത്രം. ദൈവത്തിന്റെ വികൃതികളും മഴയും മികച്ചചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരം നേടി. രാത്രിമഴയ്ക്ക് മികച്ച സംവിധായകനുള്ള അവാർഡും ലഭിച്ചു. ദേശീയ സംസ്ഥാന അവാർഡ് നിർണയസമിതികളിൽ അംഗമായിരുന്നിട്ടുണ്ട്. കെ.പി.എ.സി.യുടെ രാജാരവിവർമ ഉൾപ്പെടെ നാല് നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ്സ് കോളനിയിലായിരുന്നു താമസം. ഭാര്യ: ഡോ. രമണി, മക്കൾ: ഡോ. പാർവതി, ഗൗതമൻ. Content Highlights:Lenin rajendran passed away


from mathrubhumi.latestnews.rssfeed http://bit.ly/2D9DNu5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages