തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും ത്രിപുരയിലും കാര്യമായ പ്രതീക്ഷയില്ലാത്തതിനാൽ സി.പി.എമ്മിന്റെ ദേശീയ നേതാക്കൾ കേരളത്തിൽ മത്സരിച്ചേക്കും. കേന്ദ്രത്തിൽ ഇടതുപിന്തുണയുള്ള ബി.ജെ.പി.യിതര സർക്കാർ വന്നാൽ വിലപേശൽ ശക്തിയായി നിൽക്കാനുള്ള നേതൃത്വം സി.പി.എമ്മിന് പാർലമെന്റിലുണ്ടാകണമെന്ന ചിന്തയാണ് ഇതിന് പിന്നിൽ. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനും വൃന്ദാ കാരാട്ടിനുമാണ് ഇതിൽ പ്രധാന പരിഗണന. കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്ണന്റെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്. കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസർകോട് മണ്ഡലങ്ങളിലേതെങ്കിലുമാണ് ദേശീയനേതാക്കൾക്കായി നൽകുക. കാരാട്ടാണെങ്കിൽ കണ്ണൂർ നൽകിയേക്കും. പ്രകാശ് കാരാട്ടിനെയോ വൃന്ദയെയോ പാലക്കാട്ട് മത്സരിപ്പിക്കാനും ആലോചനയുണ്ട്. കാരാട്ടിന്റെ ജന്മസ്ഥലം കൂടിയാണ് പാലക്കാട്. രണ്ടു ടേം പൂർത്തിയാക്കിയ എം.ബി. രാജേഷിന് വീണ്ടും സീറ്റ് നൽകുന്ന കാര്യം സംശയമാണ്. പി.കെ. ശശി വിവാദത്തിൽ പരാതിക്കാരിയായ പെൺകുട്ടിക്കൊപ്പംനിന്ന നേതാവാണ് രാജേഷ്. ഈ വിഭാഗീയത തിരഞ്ഞെടുപ്പിൽ നിഴലിക്കുമോയെന്ന സംശയവും നേതാക്കൾക്കുണ്ട്. ഇതിനുള്ള മറുമരുന്ന് കൂടിയാകും ദേശീയ നേതാക്കളെ മത്സരത്തിനിറക്കുന്നത്. കർഷകരുടെ ലോങ്മാർച്ചിന് നേതൃത്വംകൊടുത്ത നേതാവാണ് വിജു കൃഷ്ണൻ. അദ്ദേഹത്തെ കൊല്ലത്തു പരിഗണിക്കുമെന്ന വാർത്തയുണ്ടെങ്കിലും പാർട്ടി ജില്ലാനേതൃത്വത്തിന് താത്പര്യമില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബാലഗോപാലിനെയാണ് കൊല്ലത്ത് പ്രതീക്ഷിക്കുന്നത്. ബംഗാളിലും ത്രിപുരയിലും നിലവിൽ രണ്ടുവീതം എം.പി.മാരാണ് സി.പി.എമ്മിനുള്ളത്. എന്നാൽ, ഈ സീറ്റുകൾ നിലനിർത്തുകപോലും വലിയ കടമ്പയാണ്. ത്രിപുരയിൽ ബി.ജെ.പി.യുടെ പ്രതിരോധത്തിൽ സംഘടനാപ്രവർത്തനംപോലും നടത്താനാവാത്ത സ്ഥിതിയിലാണ് സി.പി.എം. തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മുന്നണിയുടെ ഭാഗമായി ഓരോ സീറ്റിൽവീതം സി.പി.എം. മത്സരിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഇവിടെയൊന്നും ദേശീയ നേതാക്കൾക്ക് സാധ്യതയില്ല. കർഷക പ്രക്ഷോഭത്തിന്റെ വിജയം, തൊഴിലാളി സമരങ്ങളിലുണ്ടായ പങ്കാളിത്തം ഇതെല്ലാം ദേശീയതലത്തിൽ ഇടതുരാഷ്ട്രീയത്തിന്റെ പ്രാധാന്യം കൂട്ടുന്നുണ്ട്. ആ ഘട്ടത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ എം.പി.മാരുടെ എണ്ണം കൂട്ടുന്നതിലുപരി മുതിർന്ന നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. കാരാട്ടിനെ ഈ ചുമതല ഏൽപ്പിക്കുന്നതിൽ കേരളത്തിലെ സി.പി.എം. നേതൃത്വത്തിന് രണ്ടുപക്ഷമുണ്ടാകില്ല. പാർലമെന്ററി രംഗത്ത് ഇതുവരെ കാരാട്ടുണ്ടായിരുന്നില്ല. ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്ത് ഇടതുപാർട്ടികൾ നിർണായക ശക്തിയായപ്പോൾ പാർലമെന്റിന് അകത്തും പുറത്തും നേതാക്കളുണ്ടായിരുന്നു. ജനറൽ സെക്രട്ടറിയെന്ന നിലയിൽ അതിനെ നയിച്ചത് കാരാട്ടാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം സി.പി.എം. പ്രതീക്ഷിക്കുന്നത്. Content Highlights:Loksabha Election CPIM National leader will contest in kerala
from mathrubhumi.latestnews.rssfeed http://bit.ly/2WbHAP3
via
IFTTT
No comments:
Post a Comment