അരുൺ ഷൂറിയുടെ വാക്കുകൾ അഖിലേഷും മായാവതിയും കേട്ട ലക്ഷണമില്ല. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഓരോ മണ്ഡലത്തിലും പ്രതിപക്ഷം ഒരൊറ്റ സ്ഥാനാർത്ഥിയെ മാത്രമേ നിർത്താൻ പാടുള്ളൂ എന്നാണ് ഷൂറി പറഞ്ഞത്. സ്വപ്നം കാണുമ്പോൾ അർദ്ധരാജ്യമായിട്ട് ചുരുക്കേണ്ടതുണ്ടോ എന്നായിരിക്കും ഷൂറിയുടെ നിലപാട്. പക്ഷേ, തിരഞ്ഞെടുപ്പ് രാഷ്ട്രീയം കാൽപനികതയുടെ വസന്തഭൂമിയല്ല. ആദർശത്തിന്റെ സുന്ദര - സുരഭില നിലപാട് തറയിലല്ല പുതിയ സമവാക്യങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ എഴുതപ്പെടുന്നത്. മാർഗ്ഗമല്ല ലക്ഷ്യമാണ് അവിടെ പരമപ്രധാനം. മായാവതിയുടെയും അഖിലേഷിന്റെയും പുതിയ തിരക്കഥയുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ബിജെപിയെ വീഴ്ത്തുകയാണ്. എസ് പിയെയും ബി എസ് പിയെയും സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റെ പ്രശ്നമാണിത്. 1995 ൽ ലഖ്നൗവിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ എസ് പി പ്രവർത്തകരുടെ കൈയ്യേറ്റത്തിനിരയായി മുറിയിൽ അടച്ചുപൂട്ടി ഇരിക്കേണ്ടി വന്നത് മറക്കാനാവില്ലെങ്കിലും മായാവതി തൽക്കാലത്തേക്ക് പൊറുക്കുകയാണ്. ജീവിതം പോലെ തന്നെയാണ് രാഷ്രടീയവും. ചില കാര്യങ്ങൾ മറക്കാനാവില്ലെങ്കിലും പൊറുക്കാതെ വയ്യ. യു പിയിലെ പുതിയ സമവാക്യം മോദിയുടെയും ബിജെപിയുടെയും വീഴ്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് കഴിഞ്ഞ ദിവസം യോഗേന്ദ്ര യാദവ് ദ പ്രിന്റിലെഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയത്. 2014 ൽ അപ്നാദളിന്റെ ഒരു ശതമാനം ചേർത്തുവെച്ചാൽ 43 ശതമാനം വോട്ടാണ് യുപിയിൽ ബിജെപിക്ക് കിട്ടിയത്. എസ് പിക്ക് 22 ശതമാനവും ബി എസ് പിക്ക് 19 ശതമാനവും വോട്ട് ലഭിച്ചു. കോൺഗ്രസിന് 7 ശതമാനം വോട്ടാണ് കിട്ടിയത്. അജിത്സിങ്ങിന്റെ ആർ എൽ ഡി അന്തിമമായി എസ് പി - ബി എസ് പി സഖ്യത്തിലേക്ക് വന്നാൽ അവരുടെ 1.8 ശതമാനം വോട്ടുകൂടി കണക്കിലെടുക്കേണ്ടി വരും. ബിജെപിയും എസ്പി - ബിഎസ്പി സഖ്യവും ഏകദേശം കട്ടയ്ക്ക് കട്ടയ്ക്ക് നിൽക്കുമെന്നർത്ഥം. തിരഞ്ഞെടുപ്പ് എന്നു പറയുന്നത് വെറും കണക്കുകൊണ്ടുള്ള കളിയല്ല. അതാതു സമയത്തെ ജനങ്ങളുടെ വികാര - വിചാര അഭിലാഷങ്ങളാണ് തിരഞ്ഞെടുപ്പ് ഫലം ആത്യന്തികമായി നിർണ്ണയിക്കുക. 2014 ൽ ജനങ്ങളുടെ മൂഡ് ബിജെപിക്കനുകൂലമായിരുന്നു. ആർ എസ് എസ്സിനെപ്പോലും ഞെട്ടിച്ച മുന്നേറ്റമാണ് അന്ന് യുപിയിൽ ബിജെപി നടത്തിയത്. പക്ഷേ, ഇക്കഴിഞ്ഞ അഞ്ചുകൊല്ലങ്ങളിൽ യമുനയിൽ എത്രയോ വെള്ളമൊഴുകി. അതിനൊപ്പം തന്നെ ബിജെപിയുടെ പ്രതിച്ഛായയും വല്ലാതെ കലങ്ങുകയും ചെയ്തു. ഈ പരിസരത്തിൽ ബിജെപിക്കെതിരെ യുപിയിൽ മൂന്നു ശതമാനം ജനങ്ങൾ കൂടുതലായി തിരിഞ്ഞാൽ ബിജെപി നേടുക 36 സീറ്റായിരിക്കുമെന്നാണ് യോഗേന്ദ്രയാദവ് പറയുന്നത്. തിരഞ്ഞെടുപ്പ് വിശകലനത്തിൽ യോഗേന്ദ്രയ്ക്കുള്ള മികവ് അരവിന്ദ് കെജ്രിവാൾ പോലും നിഷേധിക്കാനിടയില്ല. ആറു ശതമാനം പേർ കൂടുതലായി ബിജെപിക്കെതിരെ തിരിഞ്ഞാൽ പാർട്ടി നേടുക 23 സീറ്റായിരിക്കും. കഴിഞ്ഞ വർഷം നടന്ന മൂന്ന് ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിൽ ( ഗൊരഖ്പൂർ, ഫുൽപൂർ , കൈരാന ) ബിജെപിക്കെതിരെ 8.7 ശതമാനം പേർ കൂടുതലായി തിരിഞ്ഞെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഒരു ഒമ്പതു ശതമാനത്തിലേക്കെത്തിയാൽ ബിജെപി യുപിയിൽ നേടുക വെറും 12 സീറ്റായിരിക്കുമെന്നാണ് യോഗേന്ദ്രയുടെ നിഗമനം. അരുൺഷൂറിയുടെ വാക്കുകൾ അഖിലേഷും മായാവതിയും കേൾക്കാതിരുന്നിട്ടില്ല എന്ന നിരീക്ഷണവും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതുണ്ട്. കോൺഗ്രസും എസ് പിയും ബിഎസ്പിയും തമ്മിലുള്ള അന്തർധാര സജീവമാണെന്ന കാഴ്ചപ്പാടാണത്. ഗൊരഖപൂരും ഫുൽപൂരും കൈരാനയിലും കോൺഗ്രസ് തനിച്ചു മത്സരിച്ചിരുന്നു. ഇവിടങ്ങളിൽ കോൺഗ്രസ് മത്സരിച്ചത് ബി എസ് പി - എസ് പി സഖ്യത്തെ സഹായിക്കുകയാണ് ചെയ്തത് എന്ന കണ്ടെത്തലാണിതിനു പിന്നിൽ. കോൺഗ്രസ് മത്സരിക്കാതിരുന്നാൽ കോൺഗ്രസിന്റെ മേൽജാതി വോട്ടുകൾ ബിജെപിക്ക് കിട്ടുമെന്നും അതുണ്ടാകാതിരിക്കാൻ കോൺഗ്രസ് തനിച്ച് നിൽക്കുകയാണെന്നുമാണ് ഇതെക്കുറിച്ചുള്ള വിശകലനം. അതൊരു പരിധി വരെ ശരിയാണ്. കാരണം കോൺഗ്രസിനെ പിന്തുണയ്ക്കുന്ന മേൽജാതിക്കാർ യാദവ - ദളിത് സഖ്യത്തിന് വോട്ടു മറിക്കാനുള്ള സാദ്ധ്യത കുറവാണ്. ബിജെപി സർക്കാരിന്റെ നിലവിലുള്ള പ്രതിച്ഛായ കണക്കിലെടുക്കുമ്പോൾ യുപിയിൽ ബിജെപി മുഖമടിച്ചുവീണാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന സൂചനയും ഉയരുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ 80 സീറ്റുകളിൽ 71 ഉം ബിജെപിയാണ് നേടിയത്. സഖ്യകക്ഷിയായ അപ്നാ ദൾ രണ്ടു സീറ്റും സ്വന്തമാക്കി. അതായത് ബിജെപിക്ക് രാജ്യത്ത് മൊത്തം കിട്ടിയ സീറ്റുകളിൽ നാലിലൊന്ന് യുപിയിൽ നിന്നായിരുന്നു. യുപിയിൽ തിരിച്ചടിയുണ്ടായാൽ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴിയാണ് ബിജെപിയുടെ മുന്നിൽ കൊട്ടിയടയക്കപ്പെടുകയെന്ന് പറയുന്നത് വെറുതെയല്ല. ബിജെപി പക്ഷേ, പ്രതീക്ഷ കൈവിട്ടിട്ടില്ല. ഗൊരഖ്പൂരിലെയും ഫുൽപൂരിലെയും കൈരാനയിലെയും വിജയം കണ്ട് പ്രതിപക്ഷം കുളിരുകോരേണ്ടതില്ലെന്നാണ് അമിത്ഷായും യോഗിയും പറയുന്നത്. 2014 ൽ ഗൊരഖ്പൂരിൽ യോഗിക്ക് മൂന്നു ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കഴിഞ്ഞ വർഷം എസ് പി സ്ഥാനാർത്ഥിക്ക് ഇവിടെ കിട്ടിയത് 21,000 വോട്ടിന്റെ ഭൂരിപക്ഷമാണ്. ഒരു പത്ത് ബൂത്തിൽ പ്രവർത്തനം ശക്തമാക്കിയാൽ മാറ്റിമറിക്കാവുന്ന സംഗതിയാണിതെന്നാണ് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. പൊതു തിരഞ്ഞെടുപ്പ് ഉപതിരഞ്ഞെടുപ്പല്ലെന്നും മോദിയും പ്രതിപക്ഷവും മുഖാമുഖം വരുമ്പോൾ ജനം മോദിയെ തന്നെ തിരഞ്ഞെടുക്കുമെന്നുമുള്ള ആത്മവിശ്വാസവും ബിജെപിക്കുണ്ട്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 312 സീറ്റ് കൊയ്തപ്പോൾ ബിജെപിക്ക് കിട്ടിയത് 39 ശതമാനം വോട്ടാണ്. അപ്നാദളിന്റെ ഒരു ശതമാനം കൂടിക്കൂട്ടിയാൽ 40 ശതമാനം. എസ് പിക്കും ബിഎസ്പിക്കും കൂടി 44 ശതമാനം വോട്ടു കിട്ടി. ഇതോടൊപ്പം ആർഎൽഡിയുടെ 1.8 ശതമാനം കൂടി ചേർക്കാം. രണ്ടു വർഷം മുമ്പുള്ള കണക്കാണിത്. യോഗേന്ദ്ര പറയുന്ന ജനവികാരം കൂടി കണക്കിലെടുത്താൽ യുപി നരേന്ദ്രമോദിയുടെ വാട്ടർലൂ ആയേക്കും എന്ന മുന്നറിയിപ്പ് തള്ളിക്കളയാനാവില്ല. ബിജെപി നേതൃത്വത്തിന് ഉറക്കം നഷ്ടപ്പെട്ടുതുടങ്ങിക്കഴിഞ്ഞെന്ന് അഖിലേഷ് യാദവ് പറയുന്നത് വെറുതെയല്ലെന്നർത്ഥം. വഴിയിൽ കേട്ടത്: അരൂൺ ഷൂറിയുടെ വാക്കുകൾ ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ റാം കേട്ട ലക്ഷണമുണ്ട്. ജനവരി 11 ന് ചെന്നൈയിൽ ഹിന്ദു സാഹിത്യോത്സവത്തിൽ റാം വേദിയിലിരിക്കെയാണ് മോദി സർക്കാരിന്റെ അഴിമതി ഇടപാടുകൾ വെളിച്ചത്തുകൊണ്ടുവരാൻ മാദ്ധ്യമങ്ങൾ ശ്രമിക്കുന്നില്ലെന്ന് ഷൂറി കുറ്റപ്പെടുത്തിയത്. ദാ, റഫേൽ ഇടപാടിനെക്കുറിച്ചുള്ള കിടിലനൊരു എക്സ്ക്ലൂസിവ് റിപ്പോർട്ട് റാം തന്നെ ഒരാഴ്ചയ്ക്കിപ്പുറം ഹിന്ദുവിൽ എഴുതിയിരിക്കുന്നു. Content Highlights: bsp-sp alliance, Mayawati-Akhilesh
from mathrubhumi.latestnews.rssfeed http://bit.ly/2FA6uTv
via
IFTTT
No comments:
Post a Comment