തിരുവനന്തപുരം: മുസ്ലിം വ്യക്തിനിയമം (ശരിയത്ത്) ബാധകമാകുന്നതിന് മുസ്ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയുൾപ്പെടുത്തി ശരിയത്ത് നിയമത്തിനുള്ള ചട്ടത്തിന് സംസ്ഥാന സർക്കാർ രൂപംനൽകി. സത്യവാങ്മൂലം നൽകാത്തവർക്ക് ശരിയത്ത് നിയമം ബാധകമാകില്ല. ചട്ടം ഡിസംബർ രണ്ടിന്റെ അസാധാരണ ഗസറ്റിൽ വിജ്ഞാപനം ചെയ്തു. വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിലാണ് ശരിയത്ത് നിയമം കൂടുതലായി ബാധകമാകുക. സത്യവാങ്മൂലത്തിൽ മുസ്ലിമാണെന്ന് തെളിയിക്കുന്ന രേഖകൾക്കൊപ്പം ശരിയത്ത് നിയമപ്രകാരം ഭരിക്കപ്പെടാൻ താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉൾപ്പെടുത്തി. നിലവിൽ മുസ്ലിമെന്നനിലയിൽ ശരിയത്ത് നിയമം ബാധകമായവർക്കും സത്യവാങ്മൂലം നൽകി സർട്ടിഫിക്കറ്റ് വാങ്ങേണ്ടിവരും. നിലവിലുള്ളവരെ ഇതിൽ നിന്നൊഴിവാക്കാൻ ചട്ടത്തിൽ വ്യവസ്ഥയില്ല. അതത് തഹസിൽദാർക്കാണ് രേഖകൾ സഹിതമുള്ള സത്യവാങ്മൂലം നൽകേണ്ടത്. നൂറുരൂപയാണ് ഫീസ്. വേണ്ട രേഖകൾ * മുസ്ലിമാണെന്ന് തെളിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയിൽനിന്നുള്ള സർട്ടിഫിക്കറ്റ് * റവന്യു അധികൃതരിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ്. മറ്റ് അനുബന്ധ രേഖകൾ * ഒരുമാസത്തിനകം തഹസിൽദാർ പരിശോധന നടത്തണം. അർഹരായവർക്ക് 45 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകണം * തുടർന്ന് സർട്ടിഫിക്കറ്റ് 50 രൂപ പത്രത്തിൽ രേഖപ്പെടുത്തി നൽകും * തഹസിൽദാർ അപേക്ഷ നിരസിക്കുകയാണെങ്കിൽ അപേക്ഷകനെ നേരിലോ രേഖാമൂലമോ കേൾക്കണം * അപേക്ഷ നിരസിച്ചാൽ എ.ഡി.എമ്മിനാണ് അപ്പീൽ നൽകേണ്ടത്. അപ്പീലിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം. നിയമം 1937-ലേത് 1937-ലെ മുസ്ലിം വ്യക്തിനിയമത്തിന് ചട്ടമുണ്ടാകുന്നത് 81 വർഷങ്ങൾക്കുശേഷമാണ്. കാലാകാലങ്ങളിൽവന്ന സർക്കാരുകൾ കൂട്ടാക്കിയില്ല. തുടർന്ന് ചട്ടം രൂപവത്കരിക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ് വന്നു. മൂന്നുമാസത്തിനകം ചട്ടം രൂപവത്കരിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ചട്ടത്തിന് രൂപംനൽകിയിരിക്കുന്നത്. കോടതി ഉത്തരവുണ്ട് ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് ശരിയത്ത് നിയമത്തിന് ചട്ടമുണ്ടാക്കിയത്. മുസ്ലിങ്ങളാണെന്ന സത്യവാങ്മൂലം നൽകുന്നതിന് തെളിവായി മഹല്ല് കമ്മിറ്റിയിൽനിന്നുള്ള സാക്ഷ്യപത്രം സ്വീകരിക്കാൻ വ്യവസ്ഥയുള്ളതിനാൽ വലിയ പ്രയാസം ഉണ്ടാകാനിടയില്ല. -ബി.ജി. ഹരീന്ദ്രനാഥ്, നിയമസെക്രട്ടറി സമ്മതപത്രമാണ് ആവശ്യം ഈ ചട്ടങ്ങൾ നിലവിൽ വരുന്നതുവരെ ശരിയത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമില്ലായിരുന്നു. മുഴുവൻ മുസ്ലിങ്ങളും സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ശരിയത്ത് നിയമം ബാധകമാക്കേണ്ടെന്ന് ആഗ്രഹിക്കുന്നവരിൽനിന്ന് വിസമ്മതപത്രം വാങ്ങുകയാണ് വേണ്ടത് -കെ.എൻ.എ. ഖാദർ എം.എൽ.എ.
from mathrubhumi.latestnews.rssfeed http://bit.ly/2Fe2wzS
via
IFTTT
No comments:
Post a Comment