കൊല്ലം : ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിൽനിന്ന് എം.നൗഷാദ് എം.എൽ.എ.യെയും എൻ.വിജയൻ പിള്ള എം.എൽ.എ.യെയും ഒഴിവാക്കിയതിൽ വിവാദം മുറുകുന്നു. കൊല്ലം മേയർ വി.രാജേന്ദ്രബാബുവിനും വേദിയിൽ ഇരിപ്പിടം ഇല്ല. ചടങ്ങ് പാർട്ടി പരിപാടിയാക്കാൻ ബി.ജെ.പി. ശ്രമിക്കുന്നതായി സി.പി.എം. ആരോപിച്ചു. ഇതേസമയം സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയുടെ പരിപാടിയുടെ ശോഭകെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി.യും രംഗത്തുവന്നു. പ്രധാനമന്ത്രിക്ക് പുറമേ ഗവർണറും മുഖ്യമന്ത്രിയും അടക്കം 12 പേർക്ക് കൂടിയാണ് വേദിയിൽ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത് എം.എൽ.എ.യായ എം.മുകേഷിനെ കൂടാതെ ഒ.രാജഗോപാൽ എം.എൽ.എ.യാണ് വേദിയിൽ ഉള്ളത്. എൻ.കെ.പ്രേമചന്ദ്രൻ എം.പി.യെ കൂടാതെ എം.പി.മാരായ കെ.സോമപ്രസാദ്, സുരേഷ് ഗോപി, വി.മുരളീധരൻ എന്നിവരാണ് ക്ഷണിതാക്കൾ. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, കെ.രാജു എന്നിവർക്കും സീറ്റുണ്ട്. ആശ്രാമം മൈതാനത്ത് ഹെലിപ്പാഡിൽ പ്രധാനമന്ത്രിയെ ആരൊക്കെയാണ് സ്വീകരിക്കേണ്ടതെന്നതിന്റെ പട്ടികപോലും തിങ്കളാഴ്ച രാത്രി വൈകിയും ജില്ലാ അധികൃതർക്ക് കിട്ടിയിട്ടില്ല . ഇതേസമയം പ്രധാനമന്ത്രിയുടെ പരിപാടിയുടെ ശോഭകെടുത്താൻ സംസ്ഥാന സർക്കാർ ബോധപൂർവമായ ശ്രമം നടത്തുന്നതായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം നടത്താൻ നിശ്ചയിച്ചിരുന്നതാണ് ബൈപ്പാസ്. പ്രധാനമന്ത്രി 15-ന് ഉദ്ഘാടനത്തിന് എത്തുമെന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതോടെ വൻ വിവാദത്തിനാണ് വഴി തുറന്നത്. എൻ.കെ.പ്രേമചന്ദ്രൻ എം.പി.യാണ് പ്രധാനമന്ത്രി വരുന്നതിനു പിന്നിലെന്ന ആരോപണവുമായി സി.പി.എം. രംഗത്തുവന്നു. പ്രേമചന്ദ്രനെ ബി.ജെ.പി. അനുഭാവിയായി ചിത്രീകരിക്കാൻ ശ്രമം നടന്നു. ആർ.എസ്.പി.യും യു.ഡി.എഫും ഇതിനെതിരേ രംഗത്തെത്തി. പ്രാദേശിക രാഷ്ട്രീയം കലങ്ങിമറിഞ്ഞിരിക്കെയാണ് ചൊവ്വാഴ്ച ബൈപ്പാസ് ഉദ്ഘാടനം നടക്കുന്നത്. content highlights:kollam bypass inauguration modi, mla, cpm,bjp
from mathrubhumi.latestnews.rssfeed http://bit.ly/2QNTGKu
via
IFTTT
No comments:
Post a Comment