ഗൂഡല്ലൂർ: രണ്ടുദിവസമായി അടച്ചിട്ടിരുന്ന വീട്ടിലെത്തിയ കുടുംബാംഗങ്ങൾ കട്ടിലിനടിയിലെ ആ വിരുന്നുകാരനെ കണ്ട് ഒന്നു ഞെട്ടി. ഗ്ർർർർ..... വീട്ടുകാരെ കണ്ടതോടെ മുരൾച്ചയോടെ അതിഥി സാന്നിധ്യമറിയിച്ചു. പുള്ളികളുള്ള ആ പുള്ളി ചില്ലറക്കാരനായിരുന്നില്ല, മൂന്നുവയസ്സുള്ള പുലിയായിരുന്നു. ഉടൻ വീട്ടിൽനിന്ന് പുറത്തിറങ്ങി വീട്ടുകാർ വാതിൽ പൂട്ടി. സംഭവമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടുവെച്ച് ആശാനെ പിടിച്ചതോടെ ആശങ്കയുടെ നിമിഷങ്ങളകന്നു. നീലഗിരി ജില്ലയിലെ കേരളാതിർത്തിക്കടുത്തുള്ള പാട്ടവയലിൽ കർഷകന്റെ അടച്ചിട്ട വീട്ടിലെ കട്ടിലിനടിയിലാണ് പുള്ളിപ്പുലിയെ കണ്ടത്. വീട്ടിച്ചുവട് വില്ലൻ രാഹിനിന്റെ വീടായിരുന്നു അത്. രണ്ടു ദിവസമായി വീട് അടച്ചിട്ട് ബന്ധുവീട്ടിൽ കല്യാണത്തിനുപോയ രാഹിനും കുടുംബവും ചൊവ്വാഴ്ച 11 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് പുലിയെ കണ്ടത്. സംഭവമറിഞ്ഞതോടെ കാപ്പിത്തോട്ടത്തിനിടയിലെ ഓടിട്ട വീട്ടിലേക്ക് പുലിയെ കാണാൻ ജനങ്ങളെത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന് ഇടപെടേണ്ടിയും വന്നു. ബീദർക്കാട് റെയ്ഞ്ചർ മനോഹരന്റെ നേതൃത്വത്തിൽ വനപാലകരെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ കൂട്ടിലടച്ചത്. പ്രദേശത്ത് ഇതിനുമുമ്പും ഒട്ടേറെത്തവണ പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് മൂന്നുവർഷംമുമ്പ് കടുവ സ്ത്രീയെ കൊന്നിരുന്നു. തുടർന്ന്, കടുവയെ വെടിവെച്ചു കൊല്ലുകയായിരുന്നു. content highlights:leopard cub under coat,gudalur
from mathrubhumi.latestnews.rssfeed http://bit.ly/2MOsuuL
via
IFTTT
No comments:
Post a Comment