തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധികാരണം വർഷാവസാനത്തെ ചെലവുകൾ നേരിടാൻ മറ്റുമാർഗങ്ങളിലൂടെ പണം കണ്ടെത്താൻ സർക്കാരിന്റെ ഊർജിതശ്രമം. സഹകരണബാങ്കുകൾക്കുപുറമേ ക്ഷേമനിധി ബോർഡുകളിൽനിന്നും പണം സ്വീകരിക്കാനാണ് തീരുമാനം. കള്ളുചെത്തുതൊഴിലാളി, നിർമാണത്തൊഴിലാളി, മോട്ടോർവാഹന തൊഴിലാളി തുടങ്ങിയ ക്ഷേമനിധിബോർഡുകളുടെ പ്രതിനിധികളുമായി ധനമന്ത്രി തോമസ് ഐസക് ചർച്ച നടത്തി. ക്ഷേമനിധിബോർഡുകളിൽനിന്ന് 2500 കോടിയെങ്കിലും കിട്ടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. മറ്റ് ബോർഡ് അധികൃതരുമായി ധനവകുപ്പ് അധികൃതരും ബന്ധപ്പെടുന്നുണ്ട്. സഹകരണബാങ്കുകളിൽനിന്ന് അയ്യായിരം കോടിരൂപയാണ് സർക്കാർ ആവശ്യപ്പെട്ടത്. എംപ്ലോയീസ് സഹകരണസംഘങ്ങളുടെ പ്രതിനിധികളുമായി തോമസ് ഐസക് ചർച്ചനടത്തിയിരുന്നു. അനുകൂലപ്രതികരണമാണ് ചർച്ചയിൽ ഉണ്ടായതെന്ന് ധനവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ, എംപ്ലോയീസ് സഹകരണസംഘങ്ങൾ പണം നൽകിയിട്ടില്ല. എംപ്ലോയീസ് സഹകരണസംഘങ്ങൾക്കുപുറമേ മറ്റ് സഹകരണബാങ്കുകളിൽനിന്നും സർക്കാർ സഹായം തേടും. ഇതിന് സഹകരണബാങ്ക് പ്രതിനിധികളുടെ യോഗം വിളിക്കാൻ സഹകരണമന്ത്രിയോട് നിർദേശിച്ചിട്ടുണ്ട്. പത്താംതീയതിയോടെ സഹകരണബാങ്കുകളിൽനിന്നും ക്ഷേമനിധികളിൽനിന്നും പണം ട്രഷറിയിലെത്തുമെന്നാണ് പ്രതീക്ഷ. ഈ പണം ഉപയോഗിച്ച് അത്യാവശ്യമുള്ള ബില്ലുകൾ മാർച്ച് 31-നുമുമ്പ് മാറ്റിനൽകും. ശേഷിക്കുന്നവയ്ക്ക് ഏപ്രിലിൽ പണം നൽകാനാണ് തീരുമാനം. പണമില്ലാത്തതിനാൽ മാർച്ചിലെ ചെലവുകൾ അടുത്ത സാമ്പത്തികവർഷത്തേയ്ക്ക് മാറ്റിവെക്കുന്ന പതിവ് കുറച്ചുവർഷങ്ങളായി തുടരുന്നുണ്ട്. ഇത്തവണയും ഇതിനാണ് സാധ്യത. ഏപ്രിൽമുതൽ പുതിയ സാമ്പത്തികവർഷം തുടങ്ങുന്നതിനാൽ പണം കടമെടുത്ത് ചെലവുകൾ നിർവഹിക്കാനാവും. കഴിഞ്ഞവർഷം ഇത്തരത്തിൽ ഏഴായിരംകോടിയുടെ കടമെടുപ്പ് കേന്ദ്രം തടഞ്ഞിരുന്നു. ജി.എസ്.ടി.യിലൂടെ 20 ശതമാനം വരുമാനവർധന ലക്ഷ്യമിട്ടാണ് സർക്കാർ ഈവർഷം പദ്ധതികൾ തയ്യാറാക്കിയിരുന്നത്. എന്നാൽ, അതുണ്ടായില്ലെന്നുമാത്രമല്ല, പ്രളയംകാരണം പല മേഖലകളിലും ബജറ്റിൽ നിശ്ചയിച്ചതിനെക്കാൾ കൂടുതൽ പണം ചെലവിടേണ്ടിയുംവന്നു. Content Highligyts:Kerala Govt in Financial Crisis
from mathrubhumi.latestnews.rssfeed https://ift.tt/2Xwkd3w
via
IFTTT
No comments:
Post a Comment