വാഷിങ്ടൺ: സാമൂഹികമാധ്യമമായ ട്വിറ്ററിൽ ജനപ്രീതി കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സിനിമാതാരങ്ങളുൾപ്പെടെയുള്ള പ്രമുഖരെ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്. യു.എസിലെ മിഷിഗൻ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ ജോയോജീത് പാൽ നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. 2009 ഫെബ്രുവരിമുതൽ 2015 ഒക്ടോബർവരെയുള്ള മോദിയുടെ 9,000-ത്തിലേറെ ട്വീറ്റുകളും തിരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രമുഖരുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളുമാണ് പഠനവിധേയമാക്കിയത്. താരങ്ങളെ ടാഗ് ചെയ്തുകൊണ്ടുള്ള 414 ട്വീറ്റുകൾ മോദി ഈ കാലയളവിൽ ചെയ്തു. അതിൽ ഒന്നിലേറെ താരങ്ങളുടെ പേരുചേർത്തും ഒട്ടേറെ ട്വീറ്റുകളുണ്ട്. ആ സമയത്തെ പ്രമുഖരുമായുള്ള മോദിയുടെ ട്വിറ്റർ ഇടപെടലിനെ മൂന്നുഘട്ടങ്ങളായി തിരിക്കാമെന്ന് ജോയോജീത് പാൽ പറയുന്നു. 2009-നുമുമ്പ് ധ്രുവീകരണ ചിന്താഗതിയുള്ള പ്രാദേശികനേതാവെന്ന പ്രതിച്ഛായയായിരുന്നു മോദിക്ക്. ഇതിൽനിന്നുമാറി കൂടുതൽ ജനപിന്തുണയുള്ള ദേശീയനേതാവിന്റെ പരിവേഷം ലഭിക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് അദ്ദേഹം മാറി. ഇതായിരുന്നു ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ സിനിമാതാരം അമിതാഭ് ബച്ചൻ, വ്യവസായി നാരായണമൂർത്തി, സച്ചിൻ തെണ്ടുൽക്കർ, ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയവരെ തന്റെ ട്വീറ്റുകളിലുൾപ്പെടുത്തി. ഇതിലൂടെ പ്രശസ്തരുടെ പിന്തുണ തനിക്കുണ്ടെന്നും ഒരുപാടുപേർ ഇനിയുംതന്നെ പിന്തുണയ്ക്കാൻ സന്നദ്ധരാണെന്നും ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിനായി. 2013-ൽ തന്റെ പ്രചാരണപരിപാടികളിൽ താരങ്ങളെ ഉൾപ്പെടുത്താനായിരുന്നു കൂടുതൽ ശ്രദ്ധ നൽകിയത്. താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്ററിലുൾപ്പെടുത്തുന്നതിനായിരുന്നു പ്രാധാന്യം. തിരഞ്ഞെടുപ്പിനുശേഷമുള്ള ഇടപെടലാണ് മൂന്നാംഘട്ടം. തന്റെ സർക്കാർപദ്ധതികളിൽ താരങ്ങളെ ഉൾപ്പെടുത്തുന്നതിനാണ് പ്രാമുഖ്യം നൽകിയത്. അതേസമയം, മോദിയുമായി സഹകരിച്ച താരങ്ങളാരും അദ്ദേഹത്തിന് രാഷ്ട്രീയപിന്തുണ നൽകിയവരായിരുന്നില്ലെന്നും പഠനറിപ്പോർട്ടിൽ പറയുന്നു. 2009-ലാണ് മോദി ട്വിറ്ററിലെത്തുന്നത്. ഇപ്പോൾ 4.6 കോടി പേർ മോദിയെ അതിൽ പിന്തുടരുന്നുണ്ട്. Content Highlights:Modi Twiter Trick
from mathrubhumi.latestnews.rssfeed https://ift.tt/2U71jRJ
via
IFTTT
No comments:
Post a Comment