കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്ക് കോടികളുടെ അനധികൃത സമ്പാദ്യമെന്ന് ബി.ജെ.പി.യുടെ ആരോപണം. രാഹുലിന്റെ വരുമാനം 2004-നും 2014-നും ഇടയിൽ വൻതോതിൽ വർധിച്ചു. കുംഭകോണങ്ങൾ, വിവിധതരം ഇടപാടുകൾ എന്നിവയിലൂടെ സമാഹരിച്ച പണത്തിന്റെ കണക്ക് തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിൽനിന്ന് മറച്ചുവെച്ചിരിക്കുകയാണെന്നും ബി.ജെ.പി. ദേശീയവക്താവ് സാംബിത് പത്ര ഞായറാഴ്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ആരോപണത്തോട് കോൺഗ്രസ് പ്രതികരിച്ചില്ല. ബി.ജെ.പി.യാകട്ടെ ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളൊന്നും വിതരണംചെയ്തില്ല. എന്നാൽ, വേണ്ടത്ര തെളിവുകളോടെയാണ് ബി.ജെ.പി. ഈ ആരോപണമുന്നയിക്കുന്നതെന്നും അവ സത്യമല്ലെങ്കിൽ തനിക്കെതിരേ മാനനഷ്ടത്തിന് രാഹുൽഗാന്ധി കേസുകൊടുക്കട്ടെെയന്നും സാംബിത് പത്ര പറഞ്ഞു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. 2004-ൽ രാഹുലിന്റെ വരുമാനം 55,83,123 രൂപയായിരുന്നു. 2009-ൽ ഇത് രണ്ടുകോടിയായും 2019-ൽ ഒമ്പതുകോടിയായും വർധിച്ചു. പ്രത്യേകിച്ച് തൊഴിലോ ഉദ്യോഗമോ ഇല്ലാത്ത രാഹുലിന്റെ അറിയപ്പെടുന്ന പ്രവർത്തനമേഖല ലോക്സഭാംഗം എന്നതുമാത്രമാണ്. ഗാന്ധികുടുംബത്തിനും പ്രത്യേകിച്ച് വരുമാനമാർഗങ്ങളൊന്നുമില്ല. രാഹുലിന്റെ വരുമാനം 15 വർഷംകൊണ്ട് ഇത്രയും വർധിച്ചതെങ്ങനെയാണ്? കോൺഗ്രസും രാഹുലും ഇക്കാര്യം വ്യക്തമാക്കണം -അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ നൽകിയ സത്യവാങ്മൂലങ്ങളിൽ ഈ വരുമാനവർധനയും വരുമാനസ്രോതസ്സുകളും രാഹുൽ മറച്ചുവെച്ചിരിക്കുകയാണ്. ഒമ്പതുകോടി രൂപയാണ് രാഹുൽ വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലെ മെഹ്റോളിയിലുള്ള ഇന്ദിരാഗാന്ധി ഫാം ഹൗസിന്റെ വാടകയിനത്തിൽ ലഭിച്ച പണമെന്ന നിലയിലാണ് ഇതിന്റെ സ്രോതസ്സ് കാണിച്ചിരിക്കുന്നത്. യഥാർഥത്തിൽ കോടികളാണ് ഈ ഫാംഹൗസിൽനിന്ന് രാഹുലിന് ലഭിക്കുന്നത്. ഇക്കാര്യം മറച്ചുവെച്ചിരിക്കുകയാണ്. രാഹുലിനും പ്രിയങ്കയ്ക്കും ഡൽഹിയിൽ 4.69 ഏക്കർ ഫാം ഹൗസുണ്ട്. ഇത് ഫിനാൻഷ്യൽ ടെക്നോളജീസ് എന്ന സ്ഥാപനത്തിന് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡുമായി (എൻ.എസ്.ഇ.എൽ.) ബന്ധപ്പെട്ട ക്രമക്കേട് കേസിൽ കാരണംകാണിക്കൽ നോട്ടീസ് ലഭിച്ച സ്ഥാപനമാണിത്. എൻ.എസ്.ഇ.എല്ലിന്റെ പ്രായോജകർ ഫിനാൻഷ്യൽ ടെക്നോളജീസ് ലിമിറ്റഡാണ്. യൂണിടെക് ലിമിറ്റഡ് എന്ന പ്രോപ്പർട്ടി കമ്പനിയിൽനിന്ന് ഏഴുകോടിരൂപ വിലയുള്ള രണ്ടുവസ്തുക്കൾ രാഹുൽ വാങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. 2 ജി അഴിമതിയിൽ ഉൾപ്പെട്ട കമ്പനിയാണിത്. ഈ സ്വത്തുക്കൾക്കായി നാലുകോടി രൂപ രാഹുൽ കമ്പനിക്ക് നൽകി. ബാക്കി നൽകാനുള്ള പണത്തിൽ രണ്ടുകോടി രൂപ കേസിൽ കുടുങ്ങി ജയിലിൽ പോയ യൂണിടെക് ഡയറക്ടറെ മോചിപ്പിക്കാനുള്ള കോഴയായിരുന്നു -പത്ര ആരോപിച്ചു. കേന്ദ്രമന്ത്രി രവിശങ്കർപ്രസാദും കഴിഞ്ഞദിവസം ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രാഹുൽ എവിടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചാലും ബി.ജെ.പി.യും ജനങ്ങളും ഇക്കുറി സൂക്ഷ്മനിരീക്ഷണം നടത്തുമെന്ന് സാംബിത് പത്ര പറഞ്ഞു. content highlights:BJP takes dig at Rahul Gandhi over rise in income in 10 yrs
from mathrubhumi.latestnews.rssfeed https://ift.tt/2JyoK2f
via
IFTTT
No comments:
Post a Comment