‘പപ്പിയെ അച്ച അടിച്ചു, പിന്നെ പപ്പി എണീറ്റില്ല...’ നിർണായകമായത് ഇളയ കുട്ടിയുടെ മൊഴി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

‘പപ്പിയെ അച്ച അടിച്ചു, പിന്നെ പപ്പി എണീറ്റില്ല...’ നിർണായകമായത് ഇളയ കുട്ടിയുടെ മൊഴി

തൊടുപുഴ: 'പപ്പിയെ അച്ച അടിച്ചു. കണ്ണിനും കൈക്കിട്ടും തലയ്ക്കിട്ടും അടിച്ചു. കാലിൽ പിടിച്ച് വലിച്ചു. തറയിൽവീണ പപ്പി എണീറ്റില്ല. തറയിൽ കിടന്ന ചോര ഞാനാണ് തൂത്തുകളഞ്ഞത്. അച്ചയും അമ്മയുംകൂടെ പപ്പിയെ കാറിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോയി... എന്റെ പപ്പി...'' ക്രൂരമർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന ഏഴുവയസ്സുകാരന്റെ കുഞ്ഞനിയൻ പറഞ്ഞതുകേട്ട് അടുത്തുനിന്നവർ വിതുമ്പി. ചേട്ടനെ അവൻ 'പപ്പി'യെന്നാണ് വിളിക്കുന്നത്. എന്താണു നടന്നതെന്ന് ആ നാലുവയസ്സുകാരന് അറിയില്ല. പക്ഷേ, തന്റെ പപ്പിക്ക് എന്തോ സംഭവിച്ചുവെന്നുമാത്രം അറിയാം. അമ്മയുടെ സുഹൃത്തായ അരുണിന്റെ മർദനമേറ്റ് അവനും ആശുപത്രിയിലാണ്. വായിലും താടിയിലും ജനനേന്ദ്രിയത്തിലുമാണ് പരിക്ക്. കുട്ടിയുടെ മൊഴിയെടുക്കാൻ ആശുപത്രിയിലെത്തിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളോട് അവൻ ഇതുതന്നെ ആവർത്തിച്ചു. ഈ കുട്ടിയുടെ വാക്കുകളിലൂടെയാണ് ക്രൂരമർദനത്തിന്റെ വിവരം പുറംലോകമറിഞ്ഞത്. സാരമായി പരിക്കേറ്റ കുട്ടിയിപ്പോൾ വല്യമ്മയുടെ സംരക്ഷണയിലാണ്. തിരുവന്തപുരത്തുനിന്ന് കുമാരമംഗലത്തേക്ക് താമസംമാറിയെത്തുന്നതിനിടയിൽ കട്ടിൽ കാലിൽവീണ് അരുണിനു പരിക്കേറ്റു. അന്ന് നടക്കാൻ സഹായത്തിനായി ഇയാൾ ഇരുമ്പ് കെട്ടിയ വോക്കിങ് സ്റ്റിക്ക് വാങ്ങിയിരുന്നു. ഇതുപയോഗിച്ചാണ് ഇയാൾ നിരന്തരമായി കുട്ടികളെ തല്ലിയിരുന്നത്. ഇടുക്കിയിലെ സ്കൂളിൽ രണ്ടാം ക്ലാസിൽ പഠിച്ചിരുന്ന മൂത്തകുട്ടി സഹപാഠികളോടുപോലും മിണ്ടാറില്ലായിരുന്നു. അധ്യാപകർ കുട്ടിയോട് കാരണം തിരക്കിയപ്പോൾ 'എന്റെ അച്ഛൻ മരിച്ചുപോയി' എന്നുമാത്രം അവൻ കണ്ണീരോടെ പറഞ്ഞു. കഴിഞ്ഞവർഷം മേയിലാണ് കുട്ടികളുടെ പിതാവ് തിരുവനന്തപുരത്തുവെച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. അതിനുശേഷമാണ് അരുൺ യുവതിക്കൊപ്പം താമസമാക്കിയത്. യുവതിയുടെ ഭർത്താവിന്റെ ബന്ധുവാണ് ഇയാളെന്ന് യുവതി പറയുന്നു. കഴിഞ്ഞ നവംബറിലാണ് ഇവർ ഇടുക്കിയിലെ കുമാരമംഗലത്തെത്തിയത്. അരുണിനെ കുടുക്കിയത് പോലീസിന്റെ തന്ത്രപരമായ ഇടപെടൽ തൊടുപുഴ: ഏഴുവയസ്സുകാരനെ ക്രൂരമായി മർദിച്ച കേസിലെ പ്രതിയായ അരുൺ ആനന്ദിനെ കുടുക്കിയത് തൊടുപുഴ പോലീസിന്റെ സമയോചിത ഇടപെടൽ. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കുട്ടിയുമായി ചികിത്സയ്ക്കായെത്തിയ യുവതിയും യുവാവും കുട്ടിക്ക് പരിക്കുപറ്റിയതിനെക്കുറിച്ച് രണ്ടുകാരണങ്ങൾ പറഞ്ഞത് ആശുപത്രി അധികൃതർ പോലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിലെത്തിയ പോലീസ്, അരുണിന്റെ കാർ കോലഞ്ചേരി ആശുപത്രിയിലേക്ക് കൊടുത്തുവിടാൻ തയ്യാറായില്ല. പോലീസുമായി കാര്യമില്ലാതെ വഴക്കിട്ടത് സംശയത്തിന് വഴിവെച്ചു. കുട്ടിക്കൊപ്പം ആംബുലൻസിൽ കയറ്റിവിട്ട അരുണിനെ നിരീക്ഷിക്കാൻ പുത്തൻകുരിശ് പോലീസ് സ്റ്റേഷനിൽനിന്ന് രണ്ട് പോലീസുകാരെ മഫ്തിയിൽ ഏർപ്പെടുത്തി. ഇളയകുട്ടിയുടെ മൊഴി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അരുണിന്റെ എ.ടി.എം. കാർഡും ബാങ്ക് പാസ്ബുക്കും കാറിലായിരുന്നതിനാൽ ഇയാൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ അടയുകയായിരുന്നു. കാർ കൊടുത്തുവിട്ടിരുന്നെങ്കിൽ ഒരുപക്ഷേ വീട്ടിലെത്തി ഇയാൾ തെളിവുകൾ നശിപ്പിക്കാനും അതുവഴി രക്ഷപ്പെടാനും ശ്രമിച്ചേനെയെന്നും പോലീസ് പറഞ്ഞു. ഇയാളുടെ പൂർവകാലപ്രവർത്തനങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. മുമ്പും മർദിച്ചിരുന്നതായി കുട്ടികളുടെ അമ്മ കോലഞ്ചേരി: കഴിഞ്ഞ നവംബറിൽ തൊടുപുഴയിൽ താമസമാക്കിയതുമുതൽ അരുൺ തന്നെയും കുട്ടികളെയും മർദിച്ചിരുന്നതായി യുവതിയുടെ മൊഴി. അയൽക്കാരുമായി സംസാരിക്കാൻപോലും അനുവദിച്ചിരുന്നില്ല. ഭയംമൂലമാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥൻ തൊടുപുഴ ഡിവൈ.എസ്.പി. കെ.പി. ജോസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ കുട്ടിയുടെ അമ്മയും പ്രതി അരുണും ചേർന്ന് തൊടുപുഴ വെങ്ങല്ലൂർ ജങ്ഷനിൽ ഭക്ഷണം കഴിക്കാൻപോയി. രാത്രി രണ്ടരയോടെ തിരിച്ചെത്തി. അരുൺ കട്ടിലിൽ കയറിക്കിടന്നപ്പോൾ പിൻഭാഗം നനഞ്ഞു. ഇളയകുട്ടി മൂത്രമൊഴിച്ചെന്ന് മനസ്സിലാക്കിയ ഇയാൾ കിടന്നുകൊണ്ടുതന്നെ കുട്ടികളെ വിളിച്ചുണർത്തി. അനുജനെ കക്കൂസിൽ കൊണ്ടുപോയി മൂത്രമൊഴിപ്പിക്കാത്തതിന് ഏഴുവയസ്സുകാരനെ ശകാരിച്ചു. ഉറക്കത്തിലായിരുന്ന കുട്ടി കിടക്കയിൽനിന്ന് ഏഴുന്നേൽക്കാത്തതിന്റെ ദേഷ്യത്തിൽ ചവിട്ടി നിലത്തിട്ടു. വീണുകിടന്ന കുട്ടിയെ ഇയാൾ എഴുന്നേറ്റ് പലവട്ടം ചവിട്ടി. പിന്നീട് എഴുന്നേറ്റുവരാൻ ആവശ്യപ്പെട്ടു. എഴുന്നേറ്റുനിന്ന കുട്ടിയെ കട്ടിലിലേക്ക് എടുത്തെറിഞ്ഞു. അവിടെയിട്ടു തല്ലി. കൈയിൽ തൂക്കിയെടുത്ത് മുറിയുടെ കോണിലേക്ക് വലിച്ചെറിഞ്ഞു. ഭിത്തിയിലെ അലമാരയ്ക്കിടയിലേക്ക് തലയടിച്ചാണ് കുട്ടി വീണത്. എന്നിട്ടും കലിയടങ്ങാതെ ഇയാൾ അലമാരയ്ക്കും ഭിത്തിക്കും ഇടയിലിട്ടും കുട്ടിയെ പലവട്ടം ചവിട്ടിയതായി അമ്മ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. ഇതിനിടെ തലയിലെ മുറിവിലൂടെ ചോരവാർന്ന് കുട്ടി ബോധരഹിതനായി. ഇതെല്ലാം കണ്ട് കരഞ്ഞ ഇളയകുട്ടിയെയും ഇയാൾ മർദിച്ചു. മൂത്തകുട്ടിയെ അമ്മയും ഇയാളും ചേർന്ന് പുലർച്ചെ മൂന്നോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കട്ടിലിൽനിന്നു വീണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പരിക്ക് ഗുരുതരമായതിനാൽ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കു മാറ്റുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2OznRWe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages