ചില വയനാടന്‍ കഥകള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, March 30, 2019

ചില വയനാടന്‍ കഥകള്‍

ആകെ കുഴപ്പമാണല്ലോ ! കണിയാരുടെ വാക്കുകൾ കേട്ട് ഉമ്മനും മുല്ലനും വെട്ടി വിയർത്തു. പശ തേച്ച് വടി പോലെയാക്കിയിരുന്ന ഖദർ ഷർട്ടുകൾ വിയർപ്പിൽ കുളിച്ച് കഞ്ഞിപ്പരുവമാവാൻ തുടങ്ങി. ലക്ഷണം തീരെ ശരിയല്ല. ഇങ്ങട് വരുന്നൂന്ന് പറയാൻ വിളിച്ചപ്പോൾ മൊബൈൽ എടുക്കാൻ നീട്ടിയ കൈ കൊണ്ട് തൊട്ടടുത്തുണ്ടായിരുന്ന നിലവിളക്ക് മറിഞ്ഞുവീണ് തിരിയങ്ങട് കെട്ടുപോയി. മുറ്റത്ത് കെട്ടിയിട്ടുള്ള നായ ആണെങ്കിൽ കുര ഒട്ട് നിർത്തണൂല്ല. കവടി നിരത്തിക്കൊണ്ട് കണിയാർ പിറുപിറുത്തു. ഉമ്മൻ മുല്ലനെയും മുല്ലൻ ഉമ്മനെയും മാറി മാറി നോക്കി. രണ്ടു പേരും ഒരക്ഷരം മിണ്ടിയില്ല. ഇതിപ്പോൾ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത്. വയനാട്ടിലേക്ക് ചെക്കൻ വരുമെന്ന് പറഞ്ഞത ഇത്രയും കുഴപ്പമുണ്ടാക്കുമെന്ന് ആരെങ്കിലും കരുതിയോ. ഉമ്മൻ കണ്ണു ചിമ്മുകയും മുല്ലൻ പല്ല് ഞെരിക്കുകയും ചെയ്തുകൊണ്ടിരുന്നു. കണിയാർ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കിയില്ല. പ്രശ്നത്തിൽ തെളിഞ്ഞ കാര്യങ്ങൾ കണിയാരെ തളർത്തിയ പോലെ തോന്നി. സംഗതി കണിയാരാണെങ്കിലും ചിന്തയിലും പ്രവൃത്തിയിലും ഒരു കോൺഗ്രസ്സുകാരനാണെന്നതും അതിൽ തന്നെ എ ഗ്രൂപ്പുകാരനാണെന്നതും കണിയാരുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ടായിരുന്നു. എവിടെയാണ് പാളിയത്? ഉമ്മനും മുല്ലനും ഒരേ സമയം ചോദിച്ചു. ഈ ഒത്തൊരുമ ഇവർക്ക് എപ്പോഴുമുണ്ടായിരുന്നെങ്കിൽ പാർട്ടി എവിടെയെത്തുമായിരുന്നെന്നന്ന് നിരാശാഭരിതനായ കാമുകനെപ്പോലെ കണിയാർ മനസ്സിൽ ചോദിച്ചു. ചാത്തന്മാരുടെ സാന്നിദ്ധ്യമാണ് കാണുന്നത്. വയനാട്ടിലേക്ക് ഇറങ്ങാൻ ചെക്കൻ തയ്യാറാണെങ്കിലും ചാത്തന്മാർ സമ്മതിക്കുന്നില്ല. വെള്ളെഴുത്തു കണ്ണട മൂക്കിൽ നിന്ന് മാറ്റിവെച്ച് കണിയാർ ധ്യാന നിരതനായി. ആശങ്കയും ഉത്കണ്ഠയും ഇഴജീവികളെപ്പോലെ കാൽ വിരൽ തൊട്ട് അരിച്ചുകയറുന്നത് ഉമ്മനും മുല്ലനുമറിഞ്ഞു. കടുത്ത ക്രിയയാണ് നടന്നിരിക്കുന്നത്. ചാത്തന്മാർ കോപിച്ചിരിക്കുന്നു. വയനാടല്ല പ്രശ്നം. ചെക്കൻ വയനാട്ടെത്തിയാൽ വടകരയും കണ്ണൂരും കാസർകോടുമടക്കം പ്രകമ്പനമുണ്ടാവും. വടകരയും കണ്ണൂരും കാസർകോടുമൊക്കെ ചാത്തന്മാരുടെ തറവാടുകൾ ഉള്ള കാര്യം ഞാനായിട്ട് പറയേണ്ടതില്ലല്ലോ . ചാത്തന്മാർ ഒന്നിളകുമെന്ന് അറിയാമായിരുന്നു. പക്ഷേ, ഇവർക്ക് അങ്ങ് ഡെൽഹിയിലും ഇത്ര പിടിയുണ്ടെന്ന് നിരീച്ചിരുന്നില്ല. ഉമ്മൻ ഒരു വിധത്തിൽ പറഞ്ഞൊപ്പിച്ചു. കളി തന്നോടാണോ എന്ന മട്ടിൽ കണിയാർ ഉമ്മനെ നോക്കി. ഉമ്മന്റെ കണ്ണു ചിമ്മിക്കൊണ്ടേയിരുന്നതിനാൽ ഉള്ളിലേക്ക് നോക്കാനുള്ള കണിയാരുടെ ശ്രമം വൃഥാവിലായി. മുല്ലനാണെങ്കിൽ കണ്ണു തുറക്കാതെ പല്ല് ഞെരിക്കൽ തുടരുകയാണ്. ഇവന്മാരിൽ നിന്ന് എന്തെങ്കിലും കിട്ടണമെങ്കിൽ ഈ ജന്മം പോരാതെ വരുമെന്ന് കണിയാർ അപ്പോൾ തിരിച്ചറിഞ്ഞു. ആ ബോധോദയത്തിൽ കണിയാർ ഒന്നു കൂടി ധ്യാനത്തിലേക്ക് മടങ്ങി. അപ്പോൾ ഉമ്മന്റെ കണ്ണു ചിമ്മലും മുല്ലന്റെ പല്ല് കടിയും അടങ്ങി. കാര്യങ്ങൾ വിചാരിച്ചതുപോലെ തന്നെയാണല്ലോ വരുന്നതെന്നോർത്തപ്പോൾ ഉമ്മന്റെ മനസ്സൊന്നു തണുത്തു. മുല്ലന്റെ മുഖം അപ്പോഴും കടന്നൽകൂടുകൂട്ടിയതു പോലെ തന്നെയിരുന്നു. പ്രതിവിധി ? ഇത്തവണയും ഉമ്മനും മുല്ലനും ഒരേ സമയം ഒന്നിച്ച് ഒരേ താളത്തിലും ഭാവത്തിലും തന്നെയാണ് ചോദിച്ചത്. കണിയാർ കണ്ണു തുറന്നില്ല. പ്രതിവിധിയുണ്ട്. ഒന്നുകിൽ വയസ്കര പോറ്റി അല്ലെങ്കിൽ കടമറ്റത്തു കത്തനാർ . കണിയാരെന്തു തേങ്ങയാണ് പറയുന്നതെന്ന അർത്ഥത്തിൽ മുല്ലൻ പല്ലൊന്നാഞ്ഞു ഞെരിച്ചു. ഉമ്മൻ ഒന്നും മിണ്ടിയില്ല. പക്ഷേ, കാര്യം പിടികിട്ടിയ പോലെ കണ്ണു ചിമ്മൽ നിന്നു. ആ പ്രശസ്തമായ പുഞ്ചിരി കടമിഴിക്കോണുകളിലും ചുണ്ടുകളിലും തിളങ്ങി. മുല്ലൻ വീണ്ടും വീണ്ടും കവടിയിലേക്ക് നോക്കി. അപ്പോൾ അവിടെ രണ്ടു പോപ്പുമാരുടെ ചിത്രം മഷിയിൽ വരച്ചിട്ടപോലെ തെളിഞ്ഞുകിടപ്പുണ്ടായിരുന്നു. ഒന്ന് നമ്മുടെ ലോക്കൽ കോട്ടയം പോപ്പ് , രണ്ടാമന്റെ മുഖം മുല്ലന് അത്രയ്ക്കങ്ങ് പിടികിട്ടിയില്ല. എറണാകുളത്താണോ തൃശ്ശൂരിലാണോ ടിയാനെ കണ്ടതെന്ന കാര്യത്തിൽ ചെറിയൊരു സംശയം. ഉമ്മന്റെ മുഖം കാർമേഘങ്ങളൊഴിഞ്ഞ് തെളിഞ്ഞ ചിങ്ങത്തിലെ ആകാശം പോലെ പ്രസന്നമായിരുന്നു. ചാത്തന്മാരെ നേരിടാൻ ഇതിലും പറ്റിയ വേറെയാരാണുള്ളത്. വിപ്ലവം തോക്കിൻ കുഴലിലൂടെയല്ലെന്നും കവടിയിലൂടെയാണ് സംഭവിക്കുകയെന്നും പറഞ്ഞ തന്റെ ആ പഴയ ഗുരുവിനെ ഉമ്മൻ സ്നേഹത്തോടെ ഓർത്തു. പൊടുന്നനെ നിലവിളക്കിലെ അണഞ്ഞുപോയ തിരി ആരോ കത്തിച്ചിട്ടെന്ന പോലെ കത്തി. തൊടിയിൽ നായയുടെ രോദനം നിലച്ചു. കണിയാർ കണ്ണ് തുറന്നു. അപ്പോൾ പ്രതീക്ഷയ്ക്ക് വകയുണ്ട് ? മുല്ലനാണ് ചോദിച്ചത്. കണിയാർ ഉമ്മനെ നോക്കി. മീശയൊന്നും കണക്കാക്കേണ്ടെന്നും കാര്യങ്ങൾ പിടികിട്ടാൻ ലേശം താമസമുണ്ടാവുമെന്നും ഉമ്മൻ ആംഗ്യം കാട്ടി. കണിയാർ പലക മടക്കി. ചെക്കനൊന്നു വന്നോട്ടെ , വേതനം പണമായോ നെല്ലായോ ഇവിടെ എത്തിച്ചിരിക്കും. ഉമ്മൻ മുല്ലന്റെ തോളിൽ പിടിച്ച് എഴുന്നേറ്റു. രണ്ടായാലും കുഴപ്പമില്ല. എത്തിച്ചാൽ മതി. അതിനായി ഇനിയിപ്പോൾ കവടി വീണ്ടുമെടടുപ്പിക്കരുത്. വാക്കുകളിൽ വെണ്ണ പുരട്ടാതെ കണിയാർ കട്ടായം പറഞ്ഞു. ചെക്കൻ വരണം , വന്നേ തീരു .... ഇല്ലെങ്കിൽ നമ്മളാണ് .... മുല്ലൻ പറഞ്ഞവസാനിപ്പിക്കുന്നതിനു മുമ്പ് ഉമ്മന്റെ പിടി വീണു. അറം പറ്റുന്നതൊന്നും പറയരുത്. ചാത്തന്മാർക്ക് വേണ്ടത് നമ്മൾ കൊടുത്തിരിക്കും. ഉമ്മന്റെ വാക്കുകൾ ആർദ്രവും ശാന്തവുമായിരുന്നു..... അതിന്റെ കുളിർമ്മയിൽ ദിവസങ്ങൾക്കു ശേഷം ഇതാദ്യമായി മുല്ലൻ മനസ്സുഖമെന്തെന്നറിഞ്ഞു... അപ്പോൾ പുറത്ത് മാനന്തവാടിക്കുള്ള ആദ്യ വണ്ടി പുറപ്പെടാൻ തയ്യാറായി കാത്തുകിടപ്പുണ്ടായിരുന്നു. content highlights:vazhipokkan,wayanad, rahul gandhi, oommen chandy,mullappally ramachandran


from mathrubhumi.latestnews.rssfeed https://ift.tt/2JSruIf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages