കൊച്ചി: 'മുടി പറ്റെ വെട്ടിക്കും. ആൺകുട്ടികളെപ്പോലെ ഷർട്ടും പാന്റ്സും ധരിപ്പിക്കും. കമ്മലും വളയുമൊന്നും ഇടാൻ സമ്മതിക്കില്ല. ഉറങ്ങാൻ കിടക്കുമ്പോൾ കൈകൾ ഒരുമിച്ച് ചേർത്ത് പുതപ്പ് ചുറ്റും. കട്ടിലിന്റെയോ പായയുടെയോ സമീപം സ്റ്റീൽ ഗ്ളാസുകൾ നിരത്തും''- പത്തു വയസ്സുള്ള മകളുടെ സുരക്ഷയെക്കുറിച്ച് ചോദിച്ചപ്പോൾ മറുനാടൻ തൊഴിലാളിയായ അമ്മയുടെ മറുപടിയാണിത്. ഇവർ പേടിക്കുന്നത് കുടിയേറ്റ ചരിത്രത്തിലും സാക്ഷരതയിലുമെല്ലാം മുൻപന്തിയിലുള്ള മലയാളികളെയാണ്. കൊല്ലം ഓച്ചിറയിൽ മറുനാടൻ തൊഴിലാളികളായ മാതാപിതാക്കളെ മർദിച്ച് പതിമൂന്നുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം ഇത്തരം അരക്ഷിതാവസ്ഥകളിലേക്ക് വിരൽചൂണ്ടുന്നു. പേടി മലയാളികളെത്തന്നെ അടച്ചുറപ്പില്ലാത്ത വാടകമുറികൾ, പൊതു ശുചിമുറികൾ... ഇത്തരം സാഹചര്യങ്ങളിൽ കഴിയുന്ന ഇവർ എല്ലാ മനുഷാവകാശങ്ങൾക്കും പുറത്താണ്. ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും നിഷേധിച്ചാണ് ഇവരെ കൊണ്ടുവരുന്ന ഏജന്റുമാർ, തൊഴിലുടമകൾ എന്നിവർ പ്രവർത്തിക്കുന്നത്. കൊല്ലപ്പെടുന്ന, പീഡനത്തിനിരയാവുന്ന പെൺകുട്ടികളുടെ കൃത്യമായ കണക്കില്ല. കുടിയേറ്റ സർവേപ്രകാരം നാൽപ്പത് ലക്ഷത്തിലധികം മറുനാടൻ തൊഴിലാളികൾ കേരളത്തിലുണ്ട്. ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിലാണ്. കുട്ടിയെ നോക്കാൻപോയാൽ കൂലി കുറയ്ക്കും മറുനാടൻ തൊഴിലാളികൾ പണിയെടുക്കുന്ന ഇടങ്ങളിലെ സ്ഥിരംകാഴ്ചയാണ് തൊട്ടിലിലുറങ്ങുന്ന കുഞ്ഞുങ്ങൾ. സുരക്ഷിതമായി ഏൽപ്പിക്കാൻ മറ്റ് വഴികളില്ലാത്തതിനാലാണ് തൊഴിലിടങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത്. എന്നാൽ, കരയുന്ന കുഞ്ഞിനെ പണിക്കിടയിൽ ഒന്നെടുക്കാനോ മുലയൂട്ടാനോ പോയാൽ സമയം പാഴാക്കിയെന്ന പേരിൽ കൂലി കുറയ്ക്കും. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ യാതൊരു സുരക്ഷാ സംവിധാനവും ഇല്ല. പുരുഷൻമാരുടെ മദ്യപാനം, ലഹരി ഉപയോഗം ഒക്കെ ഇവർക്ക് ഭീഷണിയാണ്. എന്നാൽ, മറുനാടൻ തൊഴിലാളികളുടെ ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിൽ വിവിധതരത്തിലുള്ള പദ്ധതികളുണ്ട്. റോഷ്നി പദ്ധതിപ്രകാരം 610 കുട്ടികൾ എറണാകുളം ജില്ലയിലെ 20 സ്കൂളുകളിൽ പഠിക്കുന്നു. പ്ലസ്ടുതലംവരെ ഇത്തരത്തിൽ പഠനസൗകര്യം ഒരുക്കുന്നുണ്ട്. അപകട ഇൻഷുറൻസ് കവറേജ്, സാമൂഹികസുരക്ഷാ ഇൻഷുറൻസ്, ചങ്ങാതി എന്ന പേരിൽ മുതിർന്നവർക്ക് സാക്ഷരതാ ക്ളാസ് എന്നിവയുണ്ട്. എന്നാൽ, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് സംവിധാനങ്ങളില്ല. കുടുംബങ്ങൾക്ക് പ്രത്യേക പരിഗണനവേണം സ്ത്രീകളോ കുട്ടികളോ ഉൾപ്പെടുന്ന കുടുംബമായി എത്തുന്ന മറുനാടൻ തൊഴിലാളികൾക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കാൻ തൊഴിലുടമ തയ്യാറാവണം. തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് ഭരണഘടന നൽകുന്ന എല്ലാ അവകാശങ്ങളും ഇവർക്കും ലഭ്യമാക്കണം. മൈത്രി പ്രസാദ്, അസോസിയേറ്റ് ഫെലോ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെലപ്മെന്റ്, ഡൽഹി വിദ്യാഭ്യാസപദ്ധതികൾ പ്രയോജനപ്പെടുത്തണം സാക്ഷരതാ മിഷൻ ആവിഷ്കരിച്ചിട്ടുള്ള വിദ്യാഭ്യാസ പദ്ധതികളുടെ പ്രയോജനം എല്ലാവരിലേക്കുമെത്തണം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇവർക്കിടയിൽ കൃത്യമായ ബോധവത്കരണം നടത്തണം. ചൂഷണങ്ങൾ തടയാൻ ഒരു പരിധിവരെ ഇതുകൊണ്ട് സാധിക്കും. ഡോ. പി.എസ്. ശ്രീകല, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ Content Highlights:migrant mothers are upset with their girls security in kerala
from mathrubhumi.latestnews.rssfeed https://ift.tt/2URxQIM
via
IFTTT
No comments:
Post a Comment