മെയ്ക്ക് ഇൻ ഇന്ത്യയിലാണ് നമുക്ക് താൽപര്യം. എല്ലാം സ്വയം സൃഷ്ടിക്കും. ചോദ്യങ്ങളുടെ കാര്യത്തിലും പണ്ടു മുതൽ ഇതു തന്നെയാണ് ശീലം. ചോദിക്കേണ്ട ചോദ്യങ്ങൾ ആദ്യമേ തന്നെ അങ്ങോട്ടു കൊടുക്കും. ഏതു കൊടി കെട്ടിയ പത്രക്കാരനാണെങ്കിലും നമ്മളോട് ചോദിക്കേണ്ട ചോദ്യങ്ങൾ നമ്മൾ തന്നെ പറഞ്ഞുകൊടുക്കും. ഇക്കഴിഞ്ഞ അഞ്ചു കൊല്ലക്കാലം ഒരു പത്രസമ്മേളനം പോലും വിളിക്കാതെയാണ് നമ്മൾ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ആക്ഷേിപിക്കുന്നവരുണ്ട്. ഗുജറാത്ത് മോഡൽ എന്താണെന്നറിയാത്തതിന്റെ കുഴപ്പമാണിത്. പത്രക്കാരുടെ ഒരു പ്രശ്നം അവർക്ക് എന്തിനുമേതിനും തെളിവു വേണമെന്നുള്ളതാണ്. ബാല്യത്തിൽ ചായ വിറ്റിട്ടുണ്ടെന്ന് പറഞ്ഞാൽ ഉടനെ എന്ന്, എവിടെ എന്നൊക്കെ ചോദിച്ച് ശല്യമുണ്ടാക്കും. ചായ വാങ്ങിക്കുടിച്ച ഒരാളുടെയെങ്കിലും പേരു പറയൂ എന്നാവും പിന്നത്തെ ബഹളം. മുതലയെ പിടിച്ച കാര്യമാണെങ്കിൽ പറയാതിരിക്കുന്നതാണ് ഭേദം. രാജ്യത്തെ സകലമാന കുളങ്ങളുടെയും അടിത്തട്ടുവരെ തപ്പി അങ്ങനെയൊരു മുതല ജീവിച്ചിരുന്നിട്ടേയില്ലെന്ന് പറയും. ഹിമാലയ യാത്ര, എന്റയർ പൊളിറ്റിക്കൽ സയൻസിലെ ബിരുദം എന്നിങ്ങനെ നമ്മുടെ ജാതകം അന്വേഷിച്ച് നടക്കാനേ ഈ പത്രക്കാർക്ക് സമയമുള്ളൂ. ഗുജറാത്തിലായിരുന്നപ്പോൾ ഇങ്ങനെയൊരു ശല്യവമുണ്ടായിരുന്നില്ല. നമുക്കിഷ്ടമുള്ളപ്പോൾ നമുക്കിഷ്ടമുള്ളവരെ വിളിച്ച് ഒരു പത്രസമ്മേളനം നടത്തും. ചോദ്യവും ഉത്തരവുമാെക്കെ മുൻകൂർ അച്ചടിച്ചു തന്നെ കൊടുക്കും. പത്രക്കാർ വരുന്നു, ചോദ്യങ്ങളും ഉത്തരങ്ങളും കൈപറ്റുന്നു, ചായകുടിക്കുന്നു, കൈ കൊടുക്കുന്നു, ചിലപ്പോൾ കെട്ടിപ്പിടിക്കുന്നു, ചിരിക്കുന്നു, തിരിച്ചുപോവുന്നു. അതൊക്കെ ഒരു കാലമായിരുന്നു. ഇടയ്ക്ക് കരൺ താപ്പർ എന്നു പറയുന്നൊരുത്തൻ വലിഞ്ഞുകയറി വന്ന് പ്രശ്നമുണ്ടാക്കി. നമ്മൾ കൊടുത്ത ഒരു ചോദ്യം പോലും പഹയന് ഇഷ്ടപ്പെട്ടില്ല. സ്വന്തം കൈയ്യിൽ നിന്ന് ചോദ്യമിറക്കലാണത്രെ പഹയൻ കണ്ടിട്ടുള്ള പത്രപ്രവർത്തനം. ഒന്നു പറഞ്ഞ് രണ്ടാമത്തതിന് നമ്മൾ സ്ഥലം വിട്ടു. മേലാൽ ഇമ്മാതിരി പണിക്കാരെ അഹമ്മദാബാദിലേക്ക് കെട്ടിയെടുക്കരുതെന്ന് അന്ന് തന്നെ ഓർഡിനൻസ് പുറത്തിറക്കി. ഡൽഹിയിലേക്ക് വന്നപ്പോഴാണ് പിടിച്ചതിലും വലുതാണ് അളയിലെന്ന് തിരിഞ്ഞത്. അനുസരണ തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു കൂട്ടമാണ് പത്രക്കാർ എന്ന് തുടക്കത്തിലേ പിടികിട്ടി. ദൈവം നമ്മുടെ കൂടെയായതുകൊണ്ട് കാലക്കേടിന്റെ വരവ് നേരത്തെ തന്നെ പിടികിട്ടും. അതുകൊണ്ട് ദാ, ഈ നിമിഷം വരെ ഒരൊറ്റ പത്രസമ്മേളനം പോലും നമ്മളായിട്ട് നടത്തിയിട്ടില്ല. റേഡിയോയാടാണ് നമുക്ക് താൽപര്യം. എന്തു വേണമെങ്കിലും അങ്ങോട്ടു പറയാം. ഒരുത്തനും ഒരക്ഷരം പോലും ചോദിക്കാനാവില്ല. ഈ ലോകം എത്ര സുന്ദരവും മഹത്തരവുമാണെന്ന് നമ്മളറിയുന്നത് റേഡിയോയിലൂടെയാണ്. മാർക്കോണി എന്നൊരുത്തനാണ് സംഗതി കണ്ടുപിടിച്ചതെന്ന് പറയുന്നുണ്ട്. ഇങ്ങനെയുള്ള നല്ല മനുഷ്യർക്കൊക്കെ ജന്മം കൊടുത്ത ഇറ്റലിയിൽ നിന്നാണല്ലോ നമ്മുടെ അമ്മിയാര് വരുന്നതെന്നോർക്കുമ്പോഴാ ചങ്കിലൊരു കൊളുത്തിപ്പിടി. ഇനിയൊരു വട്ടം കൂടി ഈ കസേരയിലിരിക്കാനായാൽ മരണാനന്തര ബഹുമതിയായി ടിയാന് ഭാരതരത്നം കൊടുക്കണം എന്നതാണ് ഇപ്പോൾ ബാക്കിനിൽക്കുന്ന ഒരു മോഹം. ചെക്കനൊരുത്തൻ തെക്ക് വടക്ക് നടന്ന് പത്രക്കരോട് തോന്നിവാസങ്ങൾ വിളിച്ചു പറയുന്നുണ്ട്. കോളേജായ കോളേജുകളിലൊക്കെ കയറിയിറങ്ങി ചോദ്യങ്ങൾ നേരിടുകയാണ് ചെക്കന്റെ ഒരു ഹോബി. കഴിഞ്ഞയാഴ്ച മദിരാശിയിലൊരു കോളേജിൽ ചെക്കൻ നടത്തിയ പ്രകടനം അസാദ്ധ്യമായിരുന്നെന്നാണ് ശത്രുക്കൾ പറഞ്ഞു പരത്തുന്നത്. പണിയൊന്നുമില്ലാത്തവർക്ക് ഇതും ഇതിനപ്പുറവുമാവാം. ഡിസംബറിലെ കൊടുംതണുപ്പിൽ ഹിമാലയത്തിലൂടെ ചെരിപ്പിടാതെ ചെക്കനൊന്നു നടക്കട്ടെ. പറ്റുമെങ്കിൽ കേദാർനാഥിലെ ആ യമണ്ടൻ തടാകത്തിലിറങ്ങി മുതലയമ്മാനെ രണ്ടായി വലിച്ചു കീറട്ടെ... ഇതൊക്കെയാണ് നമ്മൾ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളത്. ഇതിപ്പോ കണ്ട കോളേജുകളുടെ തിണ്ണ നിരങ്ങി കൊച്ചുപിള്ളേരു ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ ഉത്തരം പറയുക... സുകൃതക്ഷയം എന്നല്ലാതെ മറ്റെന്താ പറയുക. ചോദ്യവുമായി ഒരുത്തനും ഈ പടി കയറി വരരുതെന്ന് ദോവൽ ആശാന് പ്രത്യേകം കൽപന കൊടുത്തിട്ടുണ്ട്. വിദേശങ്ങളിൽ നിന്നുള്ള പത്രക്കാരെക്കൊണ്ട് ഇപ്പോൾ പഴയതുപോലെ ശല്യമൊന്നുമില്ല. അവന്മാരെ കൈകാര്യം ചെയ്യാൻ യോഗിയും ബാബയും ധാരാളം. ച്യവനപ്രാശവും യോഗയും കൊടുത്താൽ തീരുന്ന ചോദ്യങ്ങളേ ഇക്കൂട്ടർക്കുള്ളൂ. ഇതിപ്പോ തിരഞ്ഞെടുപ്പാണ്, മലപ്പുറം കത്തിയാണ് ഒരു പത്രസമ്മേളനമെങ്കിലും നടത്തിക്കൂടേ എന്ന് ചോദിക്കുന്നവരുണ്ട്. ചോദിക്കുന്നവർക്ക് എന്തുമാവാം. മറുപടി പറയേണ്ടത് നമ്മളാണ്. ഒരു നിവൃത്തിയുണ്ടെങ്കിൽ ഒരു ചോദ്യത്തിനും നമ്മൾ മറുപടി കൊടുക്കില്ല. നിർബ്ബന്ധമാണെങ്കിൽ നമ്മൾ തന്നെ ചോദിക്കും നമ്മൾ തന്നെ പറയും. റഫാലായാലും ബാലാകോട്ടായാലും ചോദ്യമൊന്നും ഇങ്ങോട്ടു വേണ്ട. അദ്വാനി ആശാൻ പോലും നമ്മളോട് ഒരു ചോദ്യവും ചോദിക്കാറില്ല. ഗാന്ധിനഗറിൽ ഒരു കൈ നോക്കിയാലെന്താ എന്ന് ആശാന് ഇക്കുറിയും ചെറിയൊരാശ ഉണ്ടായിരുന്നുവെന്നാണ് കേൾക്കുന്നത്. അതിനുള്ള വെള്ളം അങ്ങ് മാറ്റിവെച്ചേരെന്നു പറഞ്ഞപ്പോൾ ആശാൻ കമാന്നൊരക്ഷരം മിണ്ടിയോ. അനുസരണ എന്നു പറഞ്ഞാൽ അതാണ്. ചെറുപ്പത്തിലേ ശാഖയിൽ പോയതിന്റെ ഗുണം. അപ്പോൾ പറഞ്ഞുവന്നത് ഇതാണ്, ഇതു മാത്രമാണ്. ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞാലേ ഇനിയും ഈ കസേരയിലിരിക്കാൻ പാടുള്ളൂ എന്ന് ഭരണഘടനയിലൊന്നും എഴുതിവെച്ചിട്ടില്ലല്ലോ... വഴിയിൽ കേട്ടത്: താൻ ബ്രാഹ്മണനാണെന്നും ബ്രാഹ്മണർ ചൗക്കിദാർമാരാറാവാറില്ലെന്നും ചൗക്കിദാർമാർക്ക് നിർദ്ദേശം കൊടുക്കുകയാണ് പതിവെന്നും സുബ്രഹ്മണ്യൻ സ്വാമി. മെയ് 23 പറയാനിരിക്കുന്നത് സ്വാമി മാനത്തെങ്ങാൻ കണ്ടോ ആവോ ...... content highlights:vazhipokkan, narendra modi, rahul gandhi, ajit Doval, make in india,Rahul Gandhi challenges PM Modi to hold a press conference
from mathrubhumi.latestnews.rssfeed https://ift.tt/2HRAXwA
via
IFTTT
No comments:
Post a Comment