നാഗ്പുർ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ രണ്ടാം ഏകദിനം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ നാഗ്പുരിൽ. അതേസമയം ആദ്യ ഏകദിനത്തിൽ കളിച്ച ടീമിൽ ഏതാനും മാറ്റങ്ങൾ വരുത്താൻ ഇന്ത്യ തയ്യാറായേക്കുമെന്നാണ് സൂചന. ഫോമിലല്ലാത്ത ശിഖർ ധവാനു പകരം ഇന്ന് കെ.എൽ രാഹുലിനെ പരീക്ഷിച്ചേക്കും. ട്വന്റി 20 പരമ്പരയിൽ ഓസ്ട്രേലിയയോടേറ്റ തോൽവിയുടെ (2-0) ക്ഷീണം ആദ്യ ഏകദിനത്തിൽത്തന്നെ ഇന്ത്യ മാറ്റി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഓസീസിനെക്കാൾ ഒരുപടി മുന്നിൽനിന്ന ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുത്തെന്ന് മാത്രമല്ല, ലോകകപ്പിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ആദ്യ ഏകദിനത്തിൽ ആറുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ഒരു ഘട്ടത്തിൽ നാലുവിക്കറ്റിന് 99 എന്ന നിലയിൽ തകർന്നെങ്കിലും ധോനിയും (59*) കേദാർ ജാദവും (81*) ചേർന്ന് ജയിപ്പിച്ചു. മുൻനിര പ്രതിസന്ധിയിലാകുമ്പോൾ മധ്യനിര ബാറ്റ്സ്മാൻമാർ അവസരത്തിനൊത്തുയരുന്നു എന്നത് ടീം മാനേജ്മെന്റിന് നൽകുന്ന ആശ്വാസം ചെറുതല്ല. ഏറെക്കാലമായി ഇന്ത്യയുടെ ദുർബല കണ്ണിയായിരുന്നു ഈ മധ്യനിര. മറുഭാഗത്ത് ഓട്രേലിയയ്ക്കാകട്ടെ, ലോകകപ്പിനു മുന്നോടിയായി പഴയ ഫോം തിരിച്ചെടുത്തേ മതിയാകൂ. ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിൽ തുടക്കത്തിൽ ഇന്ത്യയെ സമ്മർദത്തിലാക്കാൻ കഴിഞ്ഞെങ്കിലും അത് നിലനിർത്താനായില്ല. ഓസീസിന്റെ മുൻനിരയിലെ അഞ്ചു ബാറ്റ്സ്മാൻമാരുടേയും സ്ട്രൈക്ക് റേറ്റ് എൺപതിൽ താഴെയായിരുന്നു. ക്യാപ്റ്റൻ ആറോൺ ഫിഞ്ചിന്റെ ഫോമില്ലായ്മയും അവർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. നാഗ്പുരിലെ പിച്ചിൽ നേരത്തേ മൂന്നുതവണ ഓസീസുമായി കളിച്ചപ്പോഴും ജയം ഇന്ത്യയ്ക്കായിരുന്നു. ധാനിയുടെ ഫിറ്റ്നെസ്സിൽ സംശയമുണ്ട്. എന്നാൽ തിങ്കളാഴ്ച ധോനി ഏറെസമയം പരിശീലിച്ചു. സ്പിന്നർ കുൽദീപിന് പകരം യുസ്വേന്ദ്ര ചാഹലിനെ പരീക്ഷിക്കാനും സാധ്യതയുണ്ട്. ഓസ്ട്രേലിയൻ നിരയിൽ ആഷ്ടൺ ടർണർക്കുപകരം ഷോൺ മാർഷ് തിരിച്ചെത്തും. കഴിഞ്ഞ അഞ്ച് ഏകദിനങ്ങളിൽ ഇന്ത്യ ഒരു മത്സരം മാത്രമാണ് തോറ്റതെങ്കിൽ ഓസ്ട്രേലിയ ഒന്നിൽ മാത്രമാണ് ജയിച്ചത്. സാധ്യത ടീം: ഇന്ത്യ: ശിഖർ ധവാൻ, രോഹിത് ശർമ, വിരാട് കോലി (ക്യാപ്റ്റൻ), അമ്പാട്ടി റായുഡു, ധോനി, കേദാർ, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ. ഓസ്ട്രേലിയ: ഉസ്മാൻ ഖവാജ, ആറോൺ ഫിഞ്ച് (ക്യാപ്റ്റൻ), ഷോൺ മാർഷ്, മാർകസ് സ്റ്റോയ്നിസ്, പീറ്റർ ഹാൻഡ്സ്കോമ്പ്, മാക്സ്വെൽ, അലക്സ് കാരി, കൂൾട്ടർനൈൽ, പാറ്റ് കമ്മിൻസ്, ബെയറൻഡോർഫ്, ആദം സാംപ. Content Highlights:india vs australia 2nd odi today
from mathrubhumi.latestnews.rssfeed https://ift.tt/2XF82Bl
via
IFTTT
No comments:
Post a Comment