ന്യൂഡൽഹി: ആറുതവണയായി 297 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം വേഗത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി, പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷാ എന്നിവരടക്കമുള്ള ഉന്നതനേതാക്കളും ഇതിലുൾപ്പെടും. ആദ്യ രണ്ടുഘട്ടങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രധാനമായും പ്രഖ്യാപിച്ചത്. യു.ഡി.എഫ്.-എൽ.ഡി.എഫ്. സ്ഥാനാർഥികൾ പ്രചാരണവുമായി മുന്നോട്ടുപോയ സാഹചര്യത്തിൽ, മൂന്നാംഘട്ടത്തിൽമാത്രം വോട്ടെടുപ്പ് നടക്കുന്ന കേരളത്തിലെ പട്ടികയും പുറത്തിറക്കി. മുതിർന്ന നേതാവ് എൽ.കെ. അദ്വാനി വർഷങ്ങളായി പ്രതിനിധാനംചെയ്യുന്ന ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലം അമിത് ഷായ്ക്ക് നൽകി എന്നതാണ് ആദ്യ രണ്ടുഘട്ടങ്ങളിൽ ബി.ജെ.പി. സ്വീകരിച്ച പ്രധാനതീരുമാനം. ബി.ജെ.പി.ക്കുനേരെ കടുത്ത വിമർശനം ഉയർത്തുന്ന നടൻ ശത്രുഘൻ സിൻഹ പട്ടികയിൽനിന്ന് പുറത്തായി എന്നതും ശ്രദ്ധേയമാണ്. ഇദ്ദേഹം നിലവിൽ പ്രതിനിധാനംചെയ്യുന്ന പട്ന സാഹിബ് മണ്ഡലത്തിൽ മന്ത്രി രവിശങ്കർ പ്രസാദാണ് ബി.ജെ.പി. സ്ഥാനാർഥി. എന്നാൽ, പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായി സിൻഹ ഇവിടെ മത്സരിക്കും. ഇതോടെ മത്സരം തീപാറുമെന്നുറപ്പാണ്. ഹിമാചൽപ്രദേശിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ശാന്തകുമാറിനെ മത്സരത്തിൽനിന്ന് ഒഴിവാക്കി. പകരം കിഷൻ കപൂറാണ് സ്ഥാനാർഥി. ജെ.എൻ.യു.വിലെ വിദ്യാർഥിനേതാവ് കനയ്യകുമാർ മത്സരിക്കുന്നതിനാൽ ശ്രദ്ധേയമാകുന്ന ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെയാണ് ബി.ജെ.പി. രംഗത്തിറക്കുന്നത്. നവാദയിലെ സിറ്റിങ് എം.പി.യാണ് ഇദ്ദേഹം. content highlights:bjp candidates,loksabha 2019
from mathrubhumi.latestnews.rssfeed https://ift.tt/2WihDN2
via
IFTTT
No comments:
Post a Comment