തൃശ്ശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയെയുമേറ്റി തെക്കേഗോപുരനട തുറക്കാനെത്തിയ ആദ്യവർഷവും ഉണ്ടായിരുന്നു വിലക്കു ഭീഷണി. അഞ്ചുവർഷങ്ങൾക്കിപ്പുറം തൃശ്ശൂർ പൂരത്തിന്റെ മൊത്തം പ്രശ്നമായി രാമചന്ദ്രന്റെ വിലക്ക് മാറുകയാണ്. 2014-ൽ ആണ് ആദ്യമായി തെക്കേഗോപുരനടയിറങ്ങാൻ രാമചന്ദ്രനെത്തുന്നത്. കൂട്ടാനകളെ കുത്തുമെന്ന ആരോപണത്തിലാണ് അന്നു ഉദ്യോഗസ്ഥതലത്തിൽ വിലക്കുവന്നത്. പിന്നീട് രാഷ്ട്രീയഇടപെടലിലൂടെ അതു മറികടന്നു. തൃശ്ശൂർ പൂരത്തിനെത്തിയതോടെ രാമചന്ദ്രന്റെ ആരാധകർ വർധിച്ചു. തെക്കെഗോപുരനട തുറക്കുന്നതിന് പുരുഷാരമെത്തിത്തുടങ്ങിയതും രാമചന്ദ്രന്റെ വരവിനു ശേഷമായിരുന്നു. തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ അങ്ങനെ തൃശ്ശൂരുകാരുടെ വികാരം കൂടിയായി. കേരളത്തിലിന്നു ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. 317 സെന്റീമീറ്ററാണ് ഉയരം. വിരിഞ്ഞ മസ്തകം, ഉറച്ച കാലുകൾ, ആനച്ചന്തം എന്തെന്ന് ചൂണ്ടിക്കാണിക്കാവുന്ന മട്ടിലുള്ള നടത്തം ഇതൊക്കെ രാമചന്ദ്രനെ വ്യത്യസ്തനാക്കുന്നു. എവിടെപോയാലും ഫാൻസ് രാമചന്ദ്രന്റെ ചുറ്റുമുണ്ടാകും. എന്നാൽ, ആരവങ്ങൾക്കൊപ്പം വിവാദങ്ങളും വളർന്നു. ഒരു കണ്ണിന് കാഴ്ചയില്ലാത്ത ആനയെ എഴുന്നളിക്കാൻ പാടില്ലെന്ന് അഭിപ്രായം വന്നു. കാഴ്ചക്കുറവാണ് ആനയെ പലപ്പോഴും പരിഭ്രാന്തനാക്കുന്നതെന്നും അഭിപ്രായമുണ്ട്. ഫെബ്രുവരിയിൽ കോട്ടപ്പടി ചേമ്പാലക്കുളങ്ങര ക്ഷേത്രത്തിലെ പൂരത്തിനെത്തിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞിരുന്നു. രണ്ടുപേർ സംഭവത്തിൽ മരിക്കുകയും ചെയ്തു. തുടർന്നാണ് ആനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. ആനയിടച്ചിലുമായി ബന്ധപ്പെട്ട് വനംവകുപ്പ് രൂപവത്കരിച്ച വിദഗ്ധസമിതി രാമചന്ദ്രന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ വ്യത്യസ്തമായ നിലപാടാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സ്വീകരിച്ചത്. ഇദ്ദേഹം കളക്ടർക്ക് വിശദമായി കത്ത് അയയ്ക്കുകയും ചെയ്തു. അവസാനനിമിഷം തൃശ്ശൂർ പൂരത്തെ പ്രതിസന്ധിയിലാക്കുന്ന നിലയിലേക്കാണ് രാമചന്ദ്രന്റെ വിലക്ക് എത്തിനിൽക്കുന്നത്. content highlights:thechikkottukav ramachandran, thrissur pooram
from mathrubhumi.latestnews.rssfeed http://bit.ly/2JrBwhn
via
IFTTT
No comments:
Post a Comment