ന്യൂഡൽഹി: പാക് പിടിയിൽനിന്നു മോചിതനായി ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന വിങ് കമാൻഡർ അഭിനന്ദൻ വർത്തമന്റെ 'ഡീബ്രീഫിങ്' തുടങ്ങി. തനിക്ക് എത്രയുംവേഗം യുദ്ധവിമാനങ്ങൾ പറത്തണമെന്ന് വ്യോമസേനയുടെ ഉന്നതരോട് ഞായറാഴ്ച അഭിനന്ദൻ പറഞ്ഞതായാണു സൂചന. ഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശത്രുരാജ്യങ്ങളുടെ പിടിയിലകപ്പെട്ടവർ തിരിച്ചെത്തുമ്പോൾ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടിക്രമമാണ് 'ഡീബ്രീഫിങ്'. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗമാണ് അഭിനന്ദനുമായി സംസാരിച്ചത്. ഇതോടൊപ്പം വ്യോമസേനയുടെ ഉന്നതരും ഡോക്ടർമാരും ഞായറാഴ്ച അദ്ദേഹത്തെ കണ്ടിരുന്നു. ഇവരോടാണ് കോക്പിറ്റിലേക്ക് മടങ്ങിപ്പോകണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്. അഭിനന്ദൻ കോക്പിറ്റിലേക്ക് ഉടൻ മടങ്ങിവരുമെന്ന് ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സൈനിക കേന്ദ്രങ്ങൾ വാർത്താ ഏജൻസികളോട് പറഞ്ഞു. പാകിസ്താനിൽ പീഡനങ്ങൾ നേരിടേണ്ടി വന്നെങ്കിലും അഭിനന്ദൻ വളരെ ആവേശത്തിലാണെന്ന് അവർ വ്യക്തമാക്കി. ഞായറാഴ്ചയും അഭിനന്ദന്റെ വൈദ്യപരിശോധന നടന്നു. ഇത് അടുത്ത ദിവസങ്ങളിലും തുടരും. മർദനത്തിൽ വാരിയെല്ലിനു പരിക്ക് വിങ് കമാൻഡർ അഭിനന്ദന്റെ വാരിയെല്ലുകൾക്ക് ചെറിയ ക്ഷതമുണ്ടെന്ന് എം.ആർ.ഐ. സ്കാൻ പരിശോധനയിൽ കണ്ടെത്തിയെന്ന് വാർത്താ ഏജൻസി എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. തകർന്ന വിമാനത്തിൽനിന്ന് പാരച്യൂട്ടിൽ പാക് അധീന കശ്മീരിൽ ഇറങ്ങിയ അദ്ദേഹത്തെ നാട്ടുകാർ മർദിച്ചിരുന്നു. ഇതാവാം ക്ഷതത്തിനു കാരണമെന്നാണ് വിലയിരുത്തൽ. പാക് സൈന്യം മാനസികമായി പീഡിപ്പിച്ചതല്ലാതെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്ന് അഭിനന്ദൻ മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. വാരിയെല്ലിലെ ക്ഷതത്തിനു പുറമെ നട്ടെല്ലിന്റെ കീഴ്ഭാഗത്ത് പരിക്കുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. തകരുന്ന വിമാനത്തിൽനിന്ന് പുറത്തേക്കു തെറിക്കുന്ന സംവിധാനം വഴി രക്ഷപ്പെടുമ്പോൾ സംഭവിച്ചതാവാം ഈ പരിക്കെന്ന് വ്യോമസേനാ ഉദ്യോഗസ്ഥർ പറയുന്നു. രഹസ്യം ചോർത്താൻ പാകിസ്താൻ എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ടോയെന്നും എം.ആർ.ഐ. സ്കാൻ വഴി പരിശോധിച്ചു. എന്നാൽ, ഒന്നും കണ്ടെത്തിയില്ല. സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമാണ് ഈ പരിശോധന. content highlights:abhinandan varthaman wants to return to cockpit at the earliest
from mathrubhumi.latestnews.rssfeed https://ift.tt/2tOfWus
via
IFTTT
No comments:
Post a Comment