കൃഷ്ണപ്രിയ, അമൃത കാഞ്ഞങ്ങാട്: സഹോദരന്മാർ ജീവനറ്റുകിടക്കുന്നതുകണ്ട് മനസ്സ് പിടയുന്നതിനിടയിലായിരുന്നു ഇവരുടെ പരീക്ഷ. കണ്ണീർ ഉത്തരക്കടലാസിലേക്ക് പടരാതിരിക്കാൻ തൂവാലയുപയോഗിച്ച് തുടച്ചുകൊണ്ടേയിരുന്ന മണിക്കൂറുകൾ. നീറിയ മനസ്സിനും നിറഞ്ഞ കണ്ണുകൾക്കും പക്ഷേ, ഇവരെ തോൽപ്പിക്കാനായില്ല. കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും സഹോദരിമാർ പരീക്ഷകളിൽ മികച്ച വിജയം നേടി. കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയ പ്ലസ്ടു പരീക്ഷയിൽ വിജയിച്ചപ്പോൾ ശരത്ലാലിന്റെ സഹോദരി പി.കെ.അമൃത കണ്ണൂർ സർവകലാശാല എം.കോം. പരീക്ഷയിൽ 78 ശതമാനം മാർക്കുനേടി. കൃഷ്ണപ്രിയയ്ക്ക് മലയാളത്തിൽ എ പ്ലസും മറ്റെല്ലാ വിഷയത്തിലും എ ഗ്രേഡും കിട്ടി. ഫെബ്രുവരി 17-നാണ് ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്ലാൽ വെട്ടേറ്റുകിടക്കുന്നത് ആദ്യം കണ്ടത് അമൃതയാണ്. തകർന്നുപോയ ആ നിമിഷത്തിൽനിന്ന് അവളെ മാറ്റിയെടുക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നന്നേ പാടുപെടേണ്ടിവന്നു. കുറച്ചെങ്കിലും മനസ്സിനെ മുക്തമാക്കാൻ കഴിഞ്ഞപ്പോൾ പരീക്ഷയെഴുതണമെന്ന് എല്ലാവരും പറഞ്ഞു. പെരിയ അംബേദ്കർ കോളേജിൽ രണ്ടാംവർഷ എം.കോം. പരീക്ഷയെഴുതുന്നതിനുമുൻപ് പൊട്ടിക്കരഞ്ഞ അമൃതയെ സാന്ത്വനിപ്പിക്കാനാകാതെ സഹപാഠികൾ വിഷമിച്ചിരുന്നു. ഓരോദിവസവും പുലർച്ചെ വിളിച്ചെഴുന്നേൽപ്പിച്ച് തന്നെ പഠിപ്പിച്ചിരുന്നത് ജ്യേഷ്ഠനാണെന്ന് പറഞ്ഞ് അമൃത വിതുമ്പും. പെരിയ ഹയർ സെക്കൻഡറി സ്കൂളിലാണ് കൃഷ്ണപ്രിയ പ്ലസ്ടുവിന് പഠിച്ചത്. ഹ്യുമാനിറ്റീസായിരുന്നു വിഷയം. പരീക്ഷയ്ക്ക് തൊട്ടുതലേന്നാൾ വരെ എഴുതുന്നില്ലെന്ന് പറഞ്ഞ കൃഷ്ണപ്രിയ ബന്ധുക്കളുടെയും കോൺഗ്രസ് പ്രവർത്തകരുടെയുമൊക്കെ നിർബന്ധത്തിലാണ് മനസ്സുമാറ്റിയത്. എ പ്ലസ് കിട്ടിയ മലയാളം പരീക്ഷയുടെ ദിവസമാണ് രാഹുൽഗാന്ധി കല്യോട്ടെത്തിയത്. പരീക്ഷയെഴുതി തിരിച്ചെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ വഴിയിൽ തടഞ്ഞ കൃഷ്ണപ്രിയയെ ഹൈബി ഈഡൻ എം.എൽ.എ. എത്തിയാണ് വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. ബിരുദകോഴ്സിന് ചേരാനാണ് കൃഷ്ണപ്രിയയുടെ ആഗ്രഹം. ബി.എഡിന് ചേരാനാണ് ആഗ്രഹിക്കുന്നതെന്ന് അമൃത പറഞ്ഞു. ഇരുവരുടെയും തുടർ പഠനത്തിന്റെ മുഴുവൻ ചെലവും വഹിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ ഡോ. രോഹിത്തും മരുമകൾ ഡോ. ശ്രീജയും നേരത്തേ പറഞ്ഞിരുന്നു. അമൃതയ്ക്കും കൃഷ്ണപ്രിയയ്ക്കും കോൺഗ്രസ് അധ്യാപകസംഘടനയായ കെ.പി.എ.സ്.ടി.എ. ഏഴുലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. content highlights:sarath lal, kripesh, kalliot periya,kasargod
from mathrubhumi.latestnews.rssfeed http://bit.ly/2J9H0Oy
via
IFTTT
No comments:
Post a Comment