അകത്തോ പുറത്തോ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, November 22, 2018

അകത്തോ പുറത്തോ

ന്യൂഡൽഹി, തിരുവനന്തപുരം: നിയമസഭാ സമ്മേളനം 27-ന് തുടങ്ങാനിരിക്കെ, ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം. ഷാജിയുടെ നിയമസഭാംഗത്വം അനിശ്ചിതത്വത്തിൽ. ഹൈക്കോടതി വിധിക്കെതിരേ ഷാജി നൽകിയ അപ്പീൽ അടിയന്തരമായി കേൾക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണിത്. സഭാനടപടികളിൽ പങ്കെടുക്കാമെന്ന് കോടതി വാക്കാൽ പരമാർശിച്ചെങ്കിലും സഭയിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിലപാടെടുത്തതോടെ അദ്ദേഹത്തിന് സമ്മേളനത്തിലും പങ്കെടുക്കാനാവില്ല. സുപ്രീംകോടതിയുടെ വാക്കാലുള്ള പരാമർശം നടപ്പാക്കാനുള്ള ബാധ്യത നിയമസഭയ്ക്കില്ലെന്നാണ് സ്പീക്കറുടെ വിശദീകരണം. അയോഗ്യനാക്കിയ വിധിക്കെതിരേ ഹൈക്കോടതി നൽകിയ സ്റ്റേ വെള്ളിയാഴ്ചയാണ് അവസാനിക്കുന്നത്. സുപ്രീംകോടതി ഇനി തിങ്കളാഴ്ചയേ പ്രവർത്തിക്കൂ. അതിനാൽ ശനിയാഴ്ച മുതൽ കേസ് പരിഗണിക്കുന്ന ദിവസംവരെ ഷാജി അയോഗ്യനാകും. മുസ്ലിം ലീഗ് നേതാവായ ഷാജി അഴീക്കോട് മണ്ഡലത്തിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർഥിയായിരുന്ന എൽ.ഡി.എഫിന്റെ എം.വി. നികേഷ് കുമാറിന്റെ ഹർജിയിൽ നവംബർ ഒമ്പതിനാണ് ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്. തിരഞ്ഞെടുപ്പിൽ വർഗീയപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയായിരുന്നു കോടതിനടപടി. സുപ്രീംകോടതിയെ സമീപിക്കാനായി രണ്ടാഴ്ചത്തേക്ക് സ്റ്റേ അനുവദിക്കുകയും ചെയ്തു. സ്റ്റേയുടെ കാലാവധി തീരുന്നതിനാൽ ഹർജി അടിയന്തരമായി കേൾക്കണമെന്ന് അഡ്വ. ഹാരിസ് ബീരാൻ വ്യാഴാഴ്ച സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അംഗീകരിച്ചില്ല. ഹർജി സ്വാഭാവിക ക്രമത്തിൽ ലിസ്റ്റ് ചെയ്യുമ്പോൾ കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീംകോടതി തിരഞ്ഞെടുപ്പ് കേസുകൾ കേട്ടുതുടങ്ങുമ്പോൾ അയോഗ്യതയ്ക്ക് സ്റ്റേ നൽകുകയാണ് പതിവ്. ഉപാധികളോടെ സഭയിൽ പങ്കെടുക്കാനും അനുമതി നൽകും. ഇത്തരം കേസുകളിൽ സഭാനടപടികളിൽ പങ്കെടുക്കാൻ തടസ്സമില്ലെന്ന ചീഫ് ജസ്റ്റിസിന്റെ പരമാർശവും നൽകുന്ന സൂചന ഇതുതന്നെ. ഹർജി മെൻഷനിങ് പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് വീണ്ടും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഷാജിയുടെ അഭിഭാഷകരുടെ നീക്കം. ഷാജിക്ക് മുന്നിൽ * കേസ് സ്വാഭാവികമായി പരിഗണിച്ചുകിട്ടാൻ ഇനി എത്ര നാളെടുക്കുമെന്നത് പ്രതിസന്ധി. * കേസ് സുപ്രീംകോടതി പരിഗണിക്കുംവരെ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാനാവില്ല. * ഹൈക്കോടതിവിധി സുപ്രീംകോടതി തടയുകയോ അനുകൂല ഉത്തരവ് ഇറക്കുകയോ ചെയ്താൽ മാത്രമേ സമ്മേളനത്തിൽ പങ്കെടുക്കാനാകൂ. * ഇതിനായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയാണ് മുന്നിലുള്ള വഴി. കോടതി രേഖാമൂലം നിർദേശിച്ചിട്ടില്ല സുപ്രീംകോടതി ഷാജിക്ക് സഭാനടപടികളിൽ പങ്കെടുക്കാമെന്ന് വാക്കാൽ നിർദേശിക്കുക മാത്രമാണ് ചെയ്തത്. സഭയ്ക്ക് രേഖകളൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സഭയ്ക്കു മുന്നിലുള്ളത് ഹൈക്കോടതി വിധിച്ച അയോഗ്യതയാണ്. ഇക്കാര്യം കെ.എം. ഷാജിയെ അറിയിക്കും. കോടതിയിൽനിന്ന് മറ്റൊരു സമീപനമുണ്ടായാൽ അതനുസരിച്ച് തീരുമാനിക്കും. മുമ്പ് തിരഞ്ഞെടുപ്പ് കേസിൽ തമ്പാനൂർ രവിക്ക് കോടതി അയോഗ്യത പ്രഖ്യാപിച്ചപ്പോൾ ഇതേ സാഹചര്യമുണ്ടായി. അന്നും ഇതേ നിലപാടാണ് നിയമസഭ സ്വീകരിച്ചത്.-പി. ശ്രീരാമകൃഷ്ണൻ, സ്പീക്കർ സ്പീക്കറുടെ പ്രതികരണം അനവസരം സ്പീക്കറുടെ പ്രതികരണം അനവസരത്തിലുള്ളത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയാണ്. വ്യക്തമായ ഉത്തരവില്ലാതെ നിയമസഭയിൽ പ്രവേശിക്കില്ല.-കെ.എം. ഷാജി ചെയ്യേണ്ടത് എന്തെന്നറിയാം കോടിയേരി ബാലകൃഷ്ണന്റെ നാവിൽനിന്നു കേൾക്കേണ്ട കാര്യങ്ങളാണ് സ്പീക്കറുടെ നാവിൽനിന്നുണ്ടായത്. സ്പീക്കറുടെ മുമ്പിൽ ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രശ്നമില്ല. സ്പീക്കർ മഴ പെയ്യുമ്പോൾ കുട നിവർത്തിയാൽ മതി. നിയമസഭയിൽ കയറാൻ എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ബോധ്യം ഷാജിക്കും യു.ഡി.എഫിനുമുണ്ട്.-കെ.സി. ജോസഫ്, കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ്


from mathrubhumi.latestnews.rssfeed https://ift.tt/2BrwlcQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages