നിലയ്ക്കൽ: സന്നിധാനത്തേക്ക് പോകുന്നതിനായി നിലയ്ക്കലിൽ എത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനെ പോലീസ് തടഞ്ഞു. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, പോലീസ് ഉദ്യോഗസ്ഥർ കെ സുരേന്ദ്രനുമായി ചർച്ച നടത്തി. ദർശനം നടത്താൻ അവകാശമുണ്ടെന്നും തന്നെ തടയാൻ ആർക്കും അവകാശമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കെ. സുരേന്ദ്രൻ അടക്കമുള്ളവരെ തടഞ്ഞത്. ക്രമസമാധാന പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഇപ്പോൾ സന്നിധാനത്തേക്ക് പോകരുതെന്ന് യതീശ് ചന്ദ്ര അഭ്യർഥിച്ചു. എന്നാൽ, പോലീസ് വെടിവെപ്പുണ്ടായാലും ശബരിമലയിലേക്ക് പോകുമെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ. അതിനിടെ, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികല വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചതോടെ നിലയ്ക്കലിൽ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മരക്കൂട്ടത്തുനിന്ന് പോലീസ് അറസ്റ്റുചെയ്ത ശശികലയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് വീണ്ടും സന്നിധാനത്തേക്ക് എത്തുന്നത്. ശബരിമലയിലേക്കുള്ള യാത്രാമധ്യേ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്ത കെ.പി ശശികലയ്ക്ക് ശനിയാഴ്ച വൈകീട്ടോടെയാണ് ജാമ്യം ലഭിച്ചത്. ഇതേത്തുടർന്ന് കരിക്ക് കുടിച്ച് ഉപവാസം അവസാനിപ്പിച്ച ശശികല ആരോഗ്യം അനുവദിച്ചാൽ സന്നിധാനത്തേക്ക് പോകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അവർ വീണ്ടും സന്നിധാനത്തേക്ക് എത്തുന്നുവെന്ന വിവരം പോലീസിന് ലഭിച്ചത്. ശശികലയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധക്കാർ മണിക്കൂറുകൾ നീണ്ട സമരം അവസാനിപ്പിക്കാൻ തയ്യാറായത്. പോലീസ് ജാമ്യാപേക്ഷയെ എതിർത്തില്ലെന്ന് ശശികല വ്യക്തമാക്കി. പോലീസ് അപമര്യാദയായി പെരുമാറിയില്ല. തൃപ്തി ദേശായ്ക്ക് എല്ലാ സൗകര്യവും ഒരുക്കാൻ തയ്യാറായ പോലീസാണ് തന്നെ തടഞ്ഞതെന്ന് അവർ ആരോപിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Pw6p8N
via
IFTTT
No comments:
Post a Comment