ശബരിമല: പകൽ മല കയറരുത്, രാത്രി കയറരുത്, വണ്ടി ഓടരുത്, വിരിവെക്കരുത്.... ശബരിമലയിലെ നിയന്ത്രണങ്ങൾ ഓരോ ദിവസവും ഓരോന്നാണ്. ഓരോ ദിവസവും എന്താണ് പോലീസ് പറയുന്നതെന്ന് കാത്തിരിക്കുകയാണ് ദേവസ്വം ബോർഡും കെ.എസ്.ആർ.ടി.സിയും. പോലീസിന്റെ നിയന്ത്രണങ്ങളിൽ ശക്തമായി പ്രതികരിക്കാൻ കഴിയാതെ ഇവർ വലയുന്നു. ബോർഡ് പ്രസിഡന്റിന് പാർട്ടി നയത്തിന് വിരുദ്ധമായി പറയാനുള്ള പ്രയാസം. കെ.എസ്.ആർ.ടി.സി. ഡിപ്പോ അധികാരികൾക്കുള്ള പ്രതിസന്ധി അവരുടെ എം.ഡി. പോലീസ് മേധാവി കൂടിയാണെന്നതാണ്. ഇരുവരും ഭക്തരുടെ രോഷത്തിന് ഇരയാവുകയാണ്. പകൽ മലകയറാനുള്ള നിയന്ത്രണമാണ് ശബരിമലയിൽ ഞായറാഴ്ച വന്നത്. രാവിലെ 11.30 മുതൽ ഒരു മണി വരെ മല കയറാൻ വിലക്ക് വന്നു. രാത്രി 9.30 മുതൽ പുലർച്ചേ രണ്ട് വരെ നിലവിലുള്ള വിലക്കിന് പുറമേയാണിത്. ബസോട്ടത്തിന് കഴിഞ്ഞ ദിവസം മുതൽ രാത്രി വിലക്ക് വന്നിരുന്നു. രാത്രി 9.30 മുതൽ 12 വരെയുള്ള സമയത്ത് പമ്പാ-നിലയ്കൽ കെ.എസ്.ആർ.ടി.സി. ബസ് ഓട്ടമില്ല. ഞായറാഴ്ച പകൽ 10 മുതൽ 12 വരെയും വിലക്ക് ഏർപ്പെടുത്തി. ഇത് തുടരാനാണ് തീരുമാനവും. പോലീസ് പറയുന്ന പ്രകാരം വണ്ടികൾ ഓടിയാൽ മതിയെന്നാണ് നിർദ്ദേശം. സന്നിധാനത്ത് രാത്രി വിരിവെക്കാനും പ്രസാദം വാങ്ങാനുമുള്ള വിലക്ക് കഴിഞ്ഞ ദിവസം ഇളവ് ചെയ്തു. നടപ്പന്തലിലും തിരുമുറ്റത്തും വിരി അനുവദിക്കുന്നില്ലങ്കിലും അവിടെ നിന്ന് മാറി വിരി അനുവദിക്കുന്നു.രാത്രി കടകൾ അടയ്ക്കണമെന്ന വിലക്കും പിന്നീട് പിൻവലിച്ചു. എന്നാൽ ദർശനം, നെയ്യഭിഷേകം എന്നിവ കഴിയുന്നവർ ഉടൻ സ്ഥലം വിടണമെന്നാണ് പോലീസ് നിർദ്ദേശം. പോലീസ് ലാത്തിയുമായി തന്നെയാണ് അയ്യപ്പൻമാരെ നീക്കുന്നത്. മറ്റുള്ള ഇടത്തെന്നപോലെ പെരുമാറിയാൽ മതിയെന്ന് പോലീസിന് കഴിഞ്ഞ ദിവസം നിർദ്ദേശം കിട്ടിയിരുന്നു. സുരക്ഷാ ഭീഷണിയാണ് വിലക്കുകൾക്ക് കാരണമെന്നാണ് ഡി.ജി.പി. പറഞ്ഞത്. പ്രശ്നക്കാർ നുഴഞ്ഞു കയറുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ പോലും നിലയ്കൽ- പമ്പാ റൂട്ടിൽ വിടുന്നില്ല. പാസ് എടുത്ത വണ്ടികൾ മാത്രമേ പാർക്കിങ് അനുവദിക്കൂ. മടക്കയാത്രയ്ക്ക് അടക്കമുള്ള ടിക്കറ്റ് നിലയ്കൽ കൗണ്ടറിൽ നിന്ന് എടുക്കാനും പൂർണവ്യക്തി വിവരങ്ങൾ നൽകണം.
from mathrubhumi.latestnews.rssfeed https://ift.tt/2A2eUxH
via
IFTTT
No comments:
Post a Comment