തിരുവനന്തപുരം: ശബരിമലയിൽ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉടൻ ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ദേവസ്വം കമ്മീഷണർ, സംസ്ഥാന പോലീസ് മേധാവി, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എന്നിവർ വിഷയത്തിൽ നേരിട്ട് ഇടപെട്ട് പരാതികൾക്ക് പരിഹാരമുണ്ടാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശിച്ചു. ഇപ്പോൾ നടക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നാണ് പരാതിയെന്ന് കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. അടിയന്തിര നടപടികൾ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥർ രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചതായി മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു. ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലിം മടവൂർ നൽകിയ പരാതിയിലാണ് നടപടി. പമ്പയിലും സന്നിധാനത്തും ജോലി ചെയ്യുന്ന പോലീസുകാർക്ക് പോലും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കമ്മീഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി. ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിലെത്തുന്ന ഇതര സംസ്ഥാനക്കാരായ തീർഥാടകർ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നു. ചെങ്ങന്നൂർ, നിലയ്ക്കൽ പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പരാതികൾ കണ്ടില്ലെന്ന് നടിക്കുകയാണ്. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള കമ്മീഷൻ അംഗം കെ. മോഹൻ കുമാറുമായി ആലോചിച്ച ശേഷം ശബരിമല സന്ദർശിക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിൽ തീരുമാനം എടുക്കുമെന്ന് പി. മോഹനദാസ് വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2A1qMA4
via
IFTTT
No comments:
Post a Comment