മുംബൈ: സ്വയംഭരണാധികാരത്തെച്ചൊല്ലി കേന്ദ്രസർക്കാറുമായുള്ള ഭിന്നതക്കിടെ റിസർവ് ബാങ്കിന്റെ നിർണായക ഭരണസമിതിയോഗം തിങ്കളാഴ്ച ചേരും. ഭരണസമിതിയിലെ സ്ഥിരം അംഗങ്ങളും സർക്കാർ പ്രതിനിധികളും തമ്മിലുള്ള ഏറ്റുമുട്ടലിന് യോഗം വേദിയാകുമെന്നാണ് കരുതുന്നത്. ആർ.ബി.ഐ. ഗവർണർ ഉർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഭരണസമിതിയിലെ 18 അംഗങ്ങളാണ് പങ്കെടുക്കുക. യോഗത്തിൽ ഗവർണർ രാജി പ്രഖ്യാപിക്കുമെന്ന് നേരത്തേ വാർത്തയുണ്ടായിരുന്നെങ്കിലും അതുണ്ടാവില്ലെന്നാണ് അറിയുന്നത്. പകരം അദ്ദേഹവും നാല് ഡെപ്യൂട്ടി ഗവർണർമാരും ആർ.ബി.ഐ.യുടെ സ്വയംഭരണാവകാശത്തിനുവേണ്ടി യോഗത്തിൽ ശക്തമായ നിലപാട് സ്വീകരിക്കും. ആർ.ബി.ഐ. ഗവർണറും നാല് ഡെപ്യൂട്ടിമാരുമാണ് ബോർഡിലെ മുഴുവൻ സമയ ഔദ്യോഗിക അംഗങ്ങൾ. ധനമന്ത്രാലയത്തിലെ രണ്ട് സെക്രട്ടറിമാരുൾപ്പെടെ ബാക്കി 13 പേരെ സർക്കാർ നാമനിർദേശം ചെയ്തതാണ്. ഇതിൽ സർക്കാർപ്രതിനിധികളും ഏതാനും സ്വതന്ത്രാംഗങ്ങളും സർക്കാറിന്റെ നിലപാട് അവതരിപ്പിക്കും. എന്നാൽ, ചില സ്വതന്ത്രാംഗങ്ങൾ ഗവർണറെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്. ചട്ടങ്ങൾ ഇളവുചെയ്ത് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളെ സഹായിക്കണമെന്ന കേന്ദ്രനിർദേശം ആർ.ബി.ഐ. തള്ളിയതോടെയാണ് ഭിന്നതയുടെ തുടക്കം. കിട്ടാക്കടങ്ങൾ കാരണം അടിത്തറ തകർന്ന പൊതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ പ്രവർത്തനമൂലധനം നൽകുക, ചെറുകിടവ്യവസായങ്ങൾക്ക് കൂടുതൽ വായ്പ അനുവദിക്കാൻ നിയമങ്ങളിൽ ഇളവുവരുത്തുക തുടങ്ങിയ നിർദേശങ്ങളും ആർ.ബി.ഐ. അംഗീകരിച്ചില്ല. കരുതൽധനത്തിൽനിന്ന് 3.6 ലക്ഷം കോടി നൽകണമെന്ന കേന്ദ്രനിർദേശം ആർ.ബി.ഐ. തള്ളിയതോടെയാണ് ഭിന്നത മൂർച്ഛിച്ചത്. നോട്ടുനിരോധനസമയത്ത് കേന്ദ്രസർക്കാർ നിർദേശം പൂർണമായി നടപ്പാക്കിയതിന്റെ പേരിൽ ഏറെ പഴികേട്ട ഉർജിത് പട്ടേൽ രാജ്യത്തിന്റെ സാമ്പത്തികനില വഷളാവുന്ന ഘട്ടമെത്തിയപ്പോഴാണ് ചെറുത്തുനിൽക്കാൻ തുടങ്ങിയത്. ഇതേത്തുടർന്നുള്ള ചർച്ചകളിൽ റിസർവ്ബാങ്ക് നിയമത്തിലെ ഏഴാം വകുപ്പ് പ്രയോഗിക്കാൻ മടിക്കില്ലെന്ന് സർക്കാർ മുന്നറിയിപ്പുനൽകുകയും ചെയ്തു. സർക്കാർ തീരുമാനം നടപ്പാക്കാൻ റിസർവ്ബാങ്കിനെ ബാധ്യസ്ഥമാക്കുന്ന ഈ വകുപ്പ് ചരിത്രത്തിൽ ഇതുവരെ പ്രയോഗിച്ചിട്ടില്ല. ഇതേത്തുടർന്നാണ് പട്ടേൽ രാജിവെക്കുമെന്ന വാർത്ത പരന്നത്. പിടിച്ചടക്കാൻ നീക്കമെന്ന് ചിദംബരം ഒമ്പതുലക്ഷം കോടി രൂപയോളം വരുന്ന റിസർവ് ബാങ്ക് കരുതൽ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചടക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം കുറ്റപ്പെടുത്തി. ഇരുപക്ഷവും തമ്മിലുണ്ടെന്ന് പറയുന്ന മറ്റ് ഭിന്നതകൾ വെറും പുകമറ മാത്രമാണ്. തിങ്കളാഴ്ച നടക്കുന്ന ആർ.ബി.ഐ. ഭരണസമിതിയോഗം, പിടിച്ചടക്കാനും അതിനെ ചെറുക്കാനുമുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തെ കേന്ദ്രബാങ്ക്, ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സമ്പ്രദായം ലോകത്ത് ഒരിടത്തുമില്ല. എങ്ങനെ പ്രവർത്തിക്കണമെന്ന് സ്വകാര്യ ബിസിനസുകാർ ഗവർണറോട് നിർദേശിക്കുന്നത് തലതിരിഞ്ഞ ആശയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. content highlights: Reserve Bank of india, bjp, central government, rss,RBI board meeting
from mathrubhumi.latestnews.rssfeed https://ift.tt/2QSxwYd
via
IFTTT
No comments:
Post a Comment