മുംബൈയിൽ കർഷകരും ആദിവാസികളും നടത്തിയ റാലിയിൽനിന്ന്. ഫോട്ടോ: പി ടി ഐ മുംബൈ: കർഷക പ്രതിഷേധം വീണ്ടും മുംബൈയിൽ ഇരമ്പിയാർത്തു. മഹാനഗരം വീണ്ടും പ്രക്ഷുബ്ധമായതോടെ പ്രക്ഷോഭം ഒത്തുതീർപ്പിലാക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന് രംഗത്തുവരേണ്ടിവന്നു. കർഷകർ ഉന്നയിച്ച പ്രധാന ആവശ്യത്തിന് ഒരു മാസത്തിനുള്ളിൽ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷകരും ആദിവാസികളും അടങ്ങിയ ഇരുപതിനായിരത്തേിലേറെ പേരാണ് ലോക് സംഘർഷ മോർച്ച എന്ന സംഘടനയുടെ നേതൃത്വത്തിൽ റാലിയിൽ അണിനിരന്നത്. താനെയിൽ സംഗമിച്ച ശേഷം കാൽനടയായി രണ്ടു ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് മുംബൈയിലെത്തിയത്. മഗ്സസെ പുരസ്കാര ജേതാവും ജലസംരക്ഷണ പ്രവർത്തകനുമായ ഡോ. രാജേന്ദ്ര സിങ്, പശ്ചിമ മഹാരാഷ്ട്രയിലെ കർഷകനേതാവ് രാജുഷെട്ടി എന്നിവർ റാലിക്ക് നേതൃത്വം നൽകി. വനാവകാശ നിയമപ്രകാരം പരിഹരിക്കപ്പെടാതെ കിടക്കുന്ന അപേക്ഷകളിൽ ഡിസംബറോടെ തീർപ്പുണ്ടാകുമെന്ന് സർക്കാർ സമരക്കാർക്ക് ഉറപ്പു നൽകി. ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ലാത്ത കർഷകർക്ക് വിള നഷ്ടത്തിന്റെ നഷ്ടപരിഹാരം ഉടൻ അനുവദിക്കാനും തീരുമാനമായി. കർഷകർക്ക് ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലയിൽ നൽകാമെന്നും സർക്കാർ ഉറപ്പു നൽകി. ആദിവാസി ക്ഷേമമന്ത്രി വിഷ്ണു സാവ്റയും ചർച്ചയിൽ പങ്കെടുത്തു. വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചുകിട്ടുന്നതിനായി 3.6 ലക്ഷം അപേക്ഷകൾ ലഭിച്ചു. അതിൽ 1.74 ലക്ഷം അപേക്ഷകളിൽ അനുകൂലമായ തീരുമാനം ഉണ്ടായി. ബാക്കിയുള്ള അപേക്ഷകളിൽ അടുത്ത മാസം തീരുമാനമുണ്ടാകും. കാർഷികകടം എഴുതിത്തള്ളുക, വിളകൾക്ക് ന്യായവില ഉറപ്പാക്കുക, സ്വമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക, വനാവകാശ നിയമപ്രകാരം അർഹരായവർക്ക് ഭൂമി പതിച്ചു നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആയിരക്കണക്കിന് കർഷകർ വീണ്ടും സമരത്തിറങ്ങിയത്. ആസാദ് മൈതാനത്ത് എത്തിയപ്പോൾ വിവിധപാർട്ടികളിൽപ്പെട്ട നേതാക്കൾ കർഷകർക്ക് പിന്തുണയുമായെത്തി. കഴിഞ്ഞ മാർച്ചിൽ കിസാൻസഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്നും മുംബൈയിലേക്ക് നടന്ന ലോങ് മാർച്ച് ദേശീയതലത്തിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. അന്നും മുഖ്യമന്ത്രിയുടെ ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2QjB8W2
via
IFTTT
No comments:
Post a Comment