വാഷിങ്ടൺ: ഒരു പതിറ്റാണ്ട് ജോലി ചെയ്ത ഹോട്ടലിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കോടതിയെ സമീപിച്ച വനിതയ്ക്ക് 21 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഞായറാഴ്ചകളിൽ മതപരമായ കാരണങ്ങളാൽ ജോലിക്ക് എത്താതിരുന്നതിനെ തുടർന്നാണ് മേരി ജീൻ പിയറിയെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടത്. 2006 ലാണ് മേരി ജീൻ പിയറി മിയാമിയിലെ കോൺറാഡ് ഹോട്ടലിൽ സഹായിയായി ജോലിക്കെത്തിയത്. ജോലിക്കെത്തിയപ്പോൾ തന്നെ ഞായറാഴ്ച സാബത്ത് ദിനമാണന്നും അന്ന് ദൈവശുശ്രൂഷയിൽ പങ്കെടുക്കണമെന്നും മേരി ഹോട്ടൽ അധികൃതരെ അറിയിക്കുകയും ചെയ്തു. 2015 ഒക്ടോബർ വരെ മേരിക്ക് ഞായറാഴ്ചകളിൽ അവധി ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനു ശേഷം പാചകപ്പുരയുടെ മാനേജർമാരിലൊരാൾ ഇതിൽ അതൃപ്തി പ്രകടിപ്പിച്ചു. ഞായറാഴ്ചകളിലും മേരി ജോലിക്കെത്തണമെന്ന് ഇയാൾ നിർബന്ധിച്ചു. മേരിയുടെ പാസ്റ്റർ മാനേജർക്ക് കത്തയച്ച് വിവരം ധരിപ്പിച്ചെങ്കിലും മേരിയോട് ജോലിക്ക് ഹാജരാകണമെന്ന് മാനേജർ ആവശ്യപ്പെട്ടു. തുടർന്ന് ഞായറാഴ്ച അവധിയെടുത്ത മേരിക്കെതിരെ വിവിധകാരണങ്ങൾ നിരത്തി ജോലിയിൽ നിന്ന് പിരിച്ചു വിടുകയായിരുന്നു. പൗരാവകാശ നിയമം മുൻനിർത്തി മേരി കോടതിയെ സമീപിച്ചു. മതപരമായ അവകാശങ്ങൾ പൗരനെന്ന നിലയിൽ മേരിക്ക് നിഷേധിക്കപ്പെട്ടുവെന്ന് കണ്ടെത്തിയ കോടതി പിരിച്ചു വിട്ട ദിവസം മുതലുള്ള ശമ്പളവും മേരി അനുഭവിച്ച മാനസികവ്യഥയ്ക്കുള്ള നഷ്ടപരിഹാരവും നൽകണമെന്ന് വിധിച്ചു. വിധിയിൽ ഹോട്ടൽ അധികൃതർ അതൃപ്തി പ്രകടിപ്പിച്ചു. പത്തു കൊല്ലം മേരിക്ക് എല്ലാവിധ പരിഗണനകളും നൽകിയിരുന്നതായി അവർ പത്രക്കുറിപ്പിൽ അറിയിച്ചു. Content Highlights: Miami Hotel Dishwasher Forced to Work Sundays Awarded $21 Million by Jury
from mathrubhumi.latestnews.rssfeed http://bit.ly/2RUZ0Aj
via
IFTTT
No comments:
Post a Comment