കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനെതിരെ ശക്തമായ നിലപാടുമായി ഹൈക്കോടതി. നാട്ടുകാരെ കാണിക്കാൻ സമരം ചെയ്യരുതെന്ന് പറഞ്ഞ കോടതി പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുമ്പോൾ സമരമെന്തിനെന്നും ചോദിച്ചു. മുൻകൂർ നോട്ടീസ് നൽകി എന്നത് സമരം നടത്താനുള്ള അവകാശമല്ലെന്നും പൊതുഗതാഗത സംവിധാനമെന്ന നിലയിൽ സമരം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കാണ് ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുക, പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, സിംഗിൾ ഡ്യൂട്ടി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. ഒത്തുതീർപ്പു ചർച്ചകളുടെ പുരോഗതി ഉച്ചയ്ക്ക് അറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാകും സമരത്തെ സംബന്ധിച്ച കോടതിയുടെ തുടർനടപടികൾ. കോടതിയുടെ കടുത്തപരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഒത്തുതീർപ്പ് ചർച്ചകൾക്ക് സമയപരിധി നിശ്ചയിക്കണമെന്ന ആവശ്യം തൊഴിലാളി യൂണിയനുകൾക്കായി ഹാജരായ അഭിഭാഷകൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒക്ടോബറിൽ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ മന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്ന് തൊഴിലാളി യൂണിയനുകൾ പരാതിപ്പെടുന്നു. ഇന്ന് എംഡി ടോമിൻ തച്ചങ്കരി വിളിച്ച ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കിൽ ഉറച്ചുനിൽക്കുന്നെന്ന നിലപാടിലാണ് തൊഴിലാളികൾ. കെഎസ്ആർടിസിയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അവർ ആരോപിക്കുന്നു. അതേസമയം, കെഎസ്ആർടിസിയിൽ നിന്നുതന്നെ വരുമാനം കൂട്ടിയാൽ തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ നൽകാമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് ടോമിൻ തച്ചങ്കരി പറഞ്ഞു. അധികം വൈകാതെ വരുമാനം പ്രതിദിനം ഒരുകോടി വർധിപ്പിക്കാനുള്ള എല്ലാ പശ്ചാത്തലവുമുണ്ടെന്നും അങ്ങനെയെങ്കിൽ കോർപ്പറേഷനു തന്നെ തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:high court criticises ksrtc employees strike, ksrtc
from mathrubhumi.latestnews.rssfeed http://bit.ly/2AQV0qC
via
IFTTT
No comments:
Post a Comment