വെള്ളരിക്കുണ്ട്: ബിവറേജസ് കോർപ്പറേഷന്റെ വെള്ളരിക്കുണ്ടിലെ ചില്ലറ മദ്യവില്പനശാലയിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് തീ പൂർണമായും അണച്ചത്. ഫാനും ഫർണിച്ചറും ബില്ലിങ് മെഷീനും ഉൾപ്പെടെ കത്തിനശിച്ചു. എന്നാൽ ഞായറാഴ്ചത്തെ വിറ്റുവരവായ 21.34 ലക്ഷം രൂപ സുരക്ഷിതമായി വീണ്ടെടുക്കാനായി. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. രാത്രി പത്തോടെയാണ് ജീവനക്കാർ വില്പനശാല പൂട്ടിയത്. പിന്നാലെ ഷട്ടറിട്ട വലിയ മുറിയിൽനിന്ന് പുക ഉയരുന്നതുകണ്ടവർ വിവരം പോലീസിലും ജീവനക്കാരെയും അറിയിച്ചു. കല്ലൻചിറയിൽ ഉറൂസിനെത്തിയവരുൾപ്പെടെ നിരവധിയാളുകൾ ഉടൻ സ്ഥലത്തെത്തി. അപ്പോഴേക്കും തീ പടർന്നിരുന്നു. കുപ്പികൾ പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു. മദ്യംനിറച്ച പ്ലാസ്റ്റിക് കുപ്പികൾ ഉരുകിയൊലിച്ച് തീ പടർന്നു. മദ്യത്തിന്റെയും പ്ലാസ്റ്റിക് കുപ്പികൾ കത്തുന്നതിന്റെയും മണം പരിസരത്ത് നിറഞ്ഞു. ഷട്ടറുയർത്തിയെങ്കിലും തീ നിയന്ത്രിക്കാനായില്ല. പരിസരത്തുനിന്ന് പൈപ്പിലൂടെ വെള്ളമൊഴിച്ചെങ്കിലും തീ കെട്ടില്ല. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. പെരിങ്ങോത്തുനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എത്തുമ്പോഴേക്കും 12.30 കഴിഞ്ഞു. പിന്നാലെ കാഞ്ഞങ്ങാട്ടുനിന്ന് ഒരുയൂണിറ്റുകൂടിയെത്തി. വാഹനത്തിലുണ്ടായിരുന്ന വെള്ളം തീർന്നതിനാൽ തൊട്ടടുത്ത തോട്ടിൽനിന്ന് വെള്ളം ശേഖരിച്ച് തീ കെടുത്തൽ തുടർന്നു. സ്ഥലത്ത് പോലീസ് കാവലേർപ്പെടുത്തി. മാനേജർ ഹിരൺദാസിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.ജില്ലാ പോലീസ് മേധാവി ജയിംസ് ജോസഫ്, അസി. എക്സൈസ് കമ്മിഷണർ എൻ.കെ.മോഹൻകുമാർ, എക്സൈസ് ഇൻസ്പെക്ടർ എം.രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച സ്ഥലം സന്ദർശിച്ചു. ബിവറേജസ് കോർപ്പറേഷന്റെ ഉന്നതോദ്യോഗസ്ഥരും സ്ഥലത്തെത്തി. വിരലടയാളവിദഗ്ധർ സ്ഥലത്ത് പരിശോധനയ്ക്കെത്തി. തീപ്പിടിത്തത്തിനുകാരണം ഷോർട്ട് സർക്യൂട്ടാകാമെന്ന് ബിവറേജസ് അധികൃതർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റാണ് ഇത് പരിശോധിക്കേണ്ടത്. ഫൊറൻസിക് പരിശോധനയും നടക്കും. ബിയറും വൈനും ഉൾപ്പെടെ 1152 കെയ്‌സ് മദ്യമാണ് സ്റ്റോക്കുണ്ടായിരുന്നത്. നഷ്ടം കണക്കാക്കിയിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Uk78Zd
via
IFTTT
No comments:
Post a Comment