അമേഠിയിലെ തോക്കുനിർമാണശാലയുടെ കാര്യത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളം ആവർത്തിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. 2010-ൽ തറക്കല്ലിട്ടശേഷം തോക്കുനിർമാണശാലയിൽ ഒരു തോക്കുപോലും ഉത്പാദിപ്പിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ട്വിറ്ററിലാണ് കോൺഗ്രസ് അധ്യക്ഷന്റെ പ്രതികരണം. “പ്രിയ പ്രധാനമന്ത്രീ, 2010-ൽ ഞാനാണ് തോക്കുനിർമാണശാലയ്ക്ക് തറക്കല്ലിട്ടത്. കുറച്ചുവർഷങ്ങളായി ഫാക്ടറിയിൽ ചെറിയ ആയുധങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. താങ്കൾ ഇന്നലെ അമേഠിയിൽ പോയി, പതിവുപോലെ വീണ്ടും കള്ളം പറഞ്ഞു. താങ്കൾക്ക് ലജ്ജയില്ലേ” -രാഹുൽ ട്വിറ്ററിൽ പരിഹസിച്ചു. രാഹുലിന്റെ മണ്ഡലമായ യു.പി.യിലെ അമേഠിയിൽ ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എ.കെ. 203 റൈഫിൾ നിർമാണശാല ഉദ്ഘാടനം ചെയ്തത്. അമേഠി ഇനി അറിയപ്പെടുക പ്രതിരോധ കേന്ദ്രമെന്ന നിലയിലായിരിക്കുമെന്നും വലിയ രാഷ്ട്രീയക്കാരുടെ പേരില്ലെന്നും പ്രധാനമന്ത്രി അവിടെ പ്രസംഗിച്ചിരുന്നു. 2013 വരെ ഒരൊറ്റ ആയുധംപോലും അമേഠിയിൽ തറക്കല്ലിട്ട ഫാക്ടറിയിൽ ഉത്പാദിപ്പിച്ചില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇതിനെതിരേയാണ് രാഹുൽ രംഗത്തുവന്നത്. രാഹുലിന്റെ ട്വീറ്റിനെ അമേഠിയിൽ അദ്ദേഹത്തോട് തോറ്റ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രൂക്ഷമായി വിമർശിച്ചു. അമേഠിയിൽ വികസനം വരുന്നതിലുള്ള ഭയമാണ് അതിനുവേണ്ടി പരിശ്രമിക്കാത്ത രാഹുലിനെന്ന് സ്മൃതി പ്രതികരിച്ചു. “കോർവയിൽ തുറന്നിട്ടുള്ളത് റഷ്യയുമൊത്തുള്ള സംയുക്തസംരംഭമാണ്. അവിടെ എ.കെ. 203 തോക്കുകളാണ് നിർമിക്കുക” -രാഹുലിനെ ടാഗ് ചെയ്ത ട്വീറ്റിൽ സ്മൃതി പരിഹസിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2IOwi0r
via
IFTTT
No comments:
Post a Comment