കടയ്ക്കൽ : വാക്കുതർക്കത്തെത്തുടർന്ന് ചിതറ വളവുപച്ചയിൽ സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗം കുത്തേറ്റുമരിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. മഹാദേവർകുന്ന് തടത്തരികത്തുവീട്ടിൽ മുഹമ്മദ് ബഷീർ കൊല്ലപ്പെട്ട കേസിൽ കൊച്ചുകോടാനൂർ മുബീന മൻസിലിൽ ഷാജഹാനെയാണ് റിമാൻഡ് ചെയ്തത്. ഇരട്ടപ്പേര് വിളിച്ചതിനെത്തുടർന്നുള്ള തർക്കം കൊലപാതകത്തിലെത്തുകയായിരുന്നെന്നാണ് പോലീസ് കേസ്. ഷാജഹാൻ മരച്ചീനി ആവശ്യപ്പെട്ടതിനെത്തുടർന്ന് തർക്കമുണ്ടാവുകയും ബഷീറിനെ ഇരട്ടപ്പേര് വിളിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഇരുവരും വാക്കേറ്റമായി. പിന്നീട് വീട്ടിലെത്തിയ ബഷീർ കുളിക്കാൻ തുടങ്ങുമ്പോൾ പിന്തുടർന്നെത്തിയ ഷാജഹാൻ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബഷീറിന് ഒൻപത് കുത്തുകളേറ്റിരുന്നു. കടയ്ക്കൽ, വളവുപച്ച ചന്തകളിൽ വർഷങ്ങളായി മരച്ചീനിക്കച്ചവടം നടത്തിവരികയായിരുന്നു ബഷീർ. റൂറൽ എസ്.പി. സൈമൺ, ഡിവൈ.എസ്.പി. സതീഷ്കുമാർ, കടയ്ക്കൽ സി.ഐ. പ്രദീപ്കുമാർ, എസ്.ഐ.മാരായ വി.സജു, സജീർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വിരലടയാളവിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൃതദേഹപരിശോധനയ്ക്കുശേഷം ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വിലാപയാത്രയായി ബഷീറിന്റെ വീട്ടിലെത്തിച്ചു. നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിച്ചു. തുടർന്ന് കാനൂർ മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ കബറടക്കി. ഞായറാഴ്ച വൈകീട്ട് എൽ.ഡി.എഫ്. അനുശോചനയോഗം നടത്തി. Cotent Highlights:Chithara Murder case
from mathrubhumi.latestnews.rssfeed https://ift.tt/2HangbI
via
IFTTT
No comments:
Post a Comment