ചിറ്റാരിക്കാൽ/പറക്കളായി: കളിയാട്ടത്തിന്റെ ആഹ്ലാദം കണ്ണീരിന് വഴിമാറിയ കാഴ്ചയായിരുന്നു കുളിനീരിലെ ബിരിക്കുളത്ത് കോട്ടയിൽ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് ഞായറാഴ്ച. തെയ്യം കെട്ടുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച കലാകാരൻ സുരേന്ദ്രന്റെ വേർപാട് തികച്ചും അപ്രതീക്ഷിതമായി. ചിറ്റാരിക്കാലിൽനിന്ന് ആറുകിലോമീറ്ററോളം അകലെ തയ്യേനിക്കടുത്താണ് കുണ്ടാരം കോളനി. കോളനി നിവാസികളുടെ തറവാട് ക്ഷേത്രമാണ് കുളിനീരിലെ വീഷ്ണുമൂർത്തി ദേവസ്ഥാനം. ഓലകൊണ്ട്കെട്ടിയ താത്കാലിക ക്ഷേത്രമാണ് ഇവിടെ. ചെങ്കുത്തായ പ്രദേശം. മരപ്പലക കൊണ്ട് താത്കാലികമായി നിർമിച്ച പ്ലാറ്റ് ഫോമിൽനിന്നാണ് ആളുകൾ തെയ്യം വീക്ഷിച്ചിരുന്നത്. എല്ലാവരും നോക്കിനിൽക്കുന്നതിനിടെയാണ് സുരേന്ദ്രൻ കുഴഞ്ഞുവീണത്. പെട്ടെന്ന് ആർക്കും മനസ്സിലായില്ല. ഞെട്ടൽ വിട്ടുമാറി ആളുകൾ ഓടിച്ചെന്ന് കോരിയെടുത്തപ്പോഴേക്കും അനക്കമില്ല. ആരോ വെള്ളം കൊടുത്തെങ്കിലും ഇറക്കിയില്ല. വേഗം തെയ്യവേഷമഴിച്ചുമാറ്റി ആളുകൾ ഓട്ടോറിക്ഷയിൽ ചെറുപുഴയിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു. വർഷങ്ങളായി തെയ്യംകെട്ടുന്ന സുരേന്ദ്രൻ ശനിയാഴ്ച ഉച്ചയോടെയാണ് പറക്കളായി കാലിക്കടവിലെ വീട്ടിൽനിന്ന് പോയത്. സുഹൃത്തുക്കളും ബന്ധുക്കളുമായ സുധീഷ്, ബിജു എന്നിവർക്കൊപ്പം സുരേഷിന്റെ ഓട്ടോറിക്ഷയിൽ എണ്ണപ്പാറ സർക്കാരിയിലെത്തി. അവിടുന്ന് തെയ്യത്തിന്റെ ആടയാഭരണങ്ങളും ചെണ്ടയും സഹായികളെയും കൂട്ടി ജീപ്പിലാണ് ചിറ്റാരിക്കാലിലെത്തിയത്. ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ കളിയാട്ട സ്ഥലത്തുനിന്ന് എല്ലാവരും ഭക്ഷണം കഴിച്ചു. മുന്നമണിയോടെയാണ് തെയ്യം കെട്ടിയാടിയത്. പകൽ 11 മണിവരെ ഏതാണ്ട് എട്ടുമണിക്കൂർ തുടർച്ചയായി പഞ്ചുരുളി കെട്ടിയാടി സുരേന്ദ്രൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. പഞ്ചുരുളിക്കുശേഷം കെട്ടിയാടേണ്ട തെയ്യങ്ങളെല്ലാം സുരേന്ദ്രന്റെ മരണത്തോടെ നിർത്തിവെച്ചു. ആടയാഭരണങ്ങൾ ചിതറിക്കിടന്നു. 800 പേർക്ക് ഉച്ചഭക്ഷണം തയ്യാറാക്കിയത് വെറുതെയായി. കുടിവെള്ളത്തിന് ക്ഷാമമുള്ള കോളനിയിൽ ചിറ്റാരിക്കാലിൽനിന്ന് വൻതുക കൊടുത്ത് വാഹനങ്ങളിലാണ് ഭക്ഷണം പാകം ചെയ്യാനും മറ്റും വെള്ളമെത്തിച്ചിരുന്നത്. പ്ലാറ്റ്ഫോം നിർമിക്കാനുള്ള പലകയും വാടകയ്ക്ക് കരാറുകാരിൽനിന്ന് വാങ്ങിയതായിരുന്നു. കലാകാരന്റെ വേർപാടും കളിയാട്ടം പൂർത്തിയാക്കാൻ കഴിയാഞ്ഞതും കുടുംബാംഗങ്ങൾക്കും തീരാദുഃഖമായി. കോടോം-ബേളൂർ പഞ്ചായത്തിലെ അവികസിത മേഖലയാണ് സുരേന്ദ്രന്റെ വീടിരിക്കുന്ന കാലിക്കടവ് ചീറ്റക്കോളനി. പട്ടികവർഗത്തിൽപ്പെടുന്ന മാവിലൻ സമുദായാംഗമായ സുരേന്ദ്രൻ കുടുംബത്തിന്റെ അത്താണിയാണ്. ചെങ്കല്ല് കെട്ടി ഓടിട്ട വീട് ചോർന്നൊലിക്കുന്നതാണ്. മേൽക്കൂരയിൽ പ്ലാസ്റ്റിക് വലിച്ചുകെട്ടിയാണ് നനയാതെ കിടക്കുന്നത്. തിണ്ണയുടെ മേൽക്കൂര താങ്ങി നിർത്തിയിരിക്കുന്നത് മരക്കാലുകളിലാണ്. തറ ഭാഗികമായേ സിമന്റ് ഇട്ടിട്ടൂള്ളൂ. ബാക്കി ചാണകം മെഴുകിയിരിക്കുന്നു. ഇവിടെയാണ് സുരേന്ദ്രനും അമ്മയും സഹോദരിയും മുന്നുമക്കളും കഴിഞ്ഞിരുന്നത്. തെയ്യക്കാലം തുലാപ്പത്തിന് തുടങ്ങുമെങ്കിലും ഫെബ്രുവരി മുതൽ മേയ് വരെയുള്ള മാസങ്ങളിലാണ് സുരേന്ദ്രൻ അധികവും തെയ്യത്തിന് പോയിരുന്നത്. അതും മാസം അഞ്ചോ ആറോ സ്ഥലത്ത്. പരമാവധി രണ്ടായിരം രൂപയാണ് ഒരിടത്തുനിന്ന് കിട്ടിയിരുന്നത്. തെയ്യം കഴിഞ്ഞ് വന്നാൽ ക്ഷീണം കാരണം മുന്നുദിവസത്തേക്ക് പണിക്കുപോകാൻ പറ്റുമായിരുന്നില്ല. പറ്റുന്ന ദിവസങ്ങളിൽ കൂലിപ്പണിക്ക് പോയിട്ടാണ് ഇവർ ഭക്ഷണത്തിന് വക കണ്ടെത്തിയിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2HedOUI
via
IFTTT
No comments:
Post a Comment