നിർണായക നിമിഷത്തെക്കുറിച്ച് പറഞ്ഞത് ഫോട്ടോഗ്രാഫർമാരുടെ കുലഗുരുവായ ഹെന്റി കാർട്ടിയർ ബ്രെസ്സനാണ്. ഏതൊരു ഫോട്ടോയ്ക്കും ഒരു നിർണ്ണായക നിമിഷമുണ്ട്. ആ നിമഷത്തിൽ ക്യാമറ ക്ലിക്ക് ചെയ്യുമ്പോഴാണ് ഫോട്ടോ ഫോട്ടോയാവുന്നത്. രാഷ്ട്രീയത്തിലും നിർണ്ണായക നിമിഷങ്ങളുണ്ട്. പുൽവാമയിലെ ഭീകരാക്രമണം അത്തരമൊരു നിമിഷമായിരുന്നു. പുൽവാമ ഭീകരാക്രമണത്തിനു രണ്ടു നാൾ അപ്പുറം കോൺഗ്രസ് നേതാവ് ജയ്പാൽ റെഡ്ഡിയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് പുൽവാമയോടെ കളി മാറുകയാണെന്നാണ്. പുൽവാമ ബിജെപി സർക്കാർ എങ്ങിനെയാണ് കൈകാര്യം ചെയ്യുകയെന്നത് ലോക്സഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമാവുമെന്ന് ജയ്പാൽ പറഞ്ഞു. ഞങ്ങൾ സർക്കാരിനൊപ്പമാണ്. പ്രവർത്തിക്കേണ്ടത് സർക്കാരാണ്. ജയ്പാലിന്റെ വാക്കുകളിൽ പ്രതിപക്ഷത്തിന്റെ മൊത്തം ആശങ്കയും അരക്ഷിതാബോധവും നിഴലിട്ടിരുന്നു. പുൽവാമ വെല്ലുവിളിയും അവസരവുമായിരുന്നുവെന്നതിൽ തർക്കമില്ല. ഏതൊരു പ്രധാനമന്ത്രിയുടെയും ഉറക്കം നഷ്ടപ്പെടുത്തുന്ന പ്രതിസന്ധി. രാഷ്ട്രം ഒറ്റക്കെട്ടായി സർക്കാരിനു പിന്നിൽ നിലയുറപ്പിച്ച ദിനങ്ങൾ കൂടിയായിരുന്നു അത്. ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി മോദി അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. ബാലാകോട്ടിലെ വ്യോമാക്രമണം തുടർന്നുണ്ടായി. പാക്കിസ്താന്റെ അതിർത്തിക്കുള്ളിലേക്ക് കടന്നു കയറിയുള്ള ആക്രമണം . ഇന്ത്യൻ മണ്ണിൽ പാകിസ്താന്റെ സഹായത്തോടെ ഭീകരാക്രമണമുണ്ടായാൽ അതിർത്തി കടന്നും അതിനെ നേരിടുമെന്ന ശക്തമായ സന്ദേശമായിരുന്നു അത്. ഇന്ത്യൻ സൈന്യത്തിനും സർക്കാരിനും മേൽ അഭിവാദ്യങ്ങളും അനുമോദനങ്ങളും പെരുമഴ പോലെ പെയ്തു. പക്ഷേ, ആക്രമണത്തിന്റെ ഒരു വിശദാംശവും പൊതു ജനത്തിന് ലഭ്യമായില്ല. പ്രധാനമന്ത്രിയോ പ്രതിരോധ മന്ത്രിയോ പത്രസമ്മേളനം വിളിച്ചില്ല. പാകിസ്താന്റെ പ്രത്യാക്രമണത്തിനു ശേഷം മൂന്ന് സൈനിക മേധാവികൾ പത്രസമ്മേളനം വിളിക്കുന്ന വിചിത്രമായ കാഴ്ചയും രാഷ്ട്രം കണ്ടു. എന്തുകൊണ്ട് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നില്ല എന്ന ചോദ്യമുയർന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യൻ ആക്രമണത്തിന്റെ വിശദാംശങ്ങൾ ജനത്തോട് പറയേണ്ട ബാദ്ധ്യത മാദ്ധ്യമങ്ങൾക്കാണെന്ന അവസ്ഥയാണ് ഇതിലൂടെ സംജാതമായത്. സൈനിക വൃത്തങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകർ അവർക്കാവുന്ന വിധത്തിൽ റിപ്പോർട്ടുകൾ നൽകി. പക്ഷേ, സർക്കാരിന്റെ ആധികാരിക വെളിപ്പെടുത്തലുകളുടെ അഭാവത്തിൽ കിംവദന്തികൾക്കും കെട്ടുകഥകൾക്കും ഓണവും വിഷുവും ഒരുമിച്ചു വന്നതുപോലെയായിരുന്നു. അഭിനന്ദൻ വർത്തമന്റെ തടവും മോചനവും പുൽവാമയ്ക്ക് അപ്രതീക്ഷിത മാനങ്ങൾ നൽകുകയും ചെയ്തു. ഭീകരതയ്ക്കെതിരെയുള്ള ഇന്ത്യയുടെ ആഖ്യാനവും വ്യാഘ്യാനവും നേരിടുന്നതിനുള്ള സുവർണ്ണാവസരമായി പാകിസ്താൻ അഭിനന്ദന്റെ മോചനം ഉപയോഗിക്കുകയും ചെയ്തു. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുപോയ പാകിസ്താന്റെ പിടിവള്ളിയായിരുന്നു അഭിനന്ദന്റെ മോചനം. അഭിനന്ദനെ മോചിപ്പിക്കാൻ വൈകുന്ന ഓരോ നിമിഷവും തങ്ങളുടെ സ്ഥിതി വഷളാക്കുമെന്ന് പാക്ക് ഭരണാധികാരികൾ തിരിച്ചറിഞ്ഞു. ഈ തിരിച്ചറിവന്റെ ബോധോദയമാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാന്റെ വാക്കുകളിൽ കണ്ടത്. പാക്ക് മണ്ണിൽ വിളയാടുന്ന ഭീകരർക്കെതിരെയുള്ള ആത്മാർത്ഥമായ നിലപാടാണ് ഇമ്രാൻഖാന്റേതെന്ന് അദ്ദേഹത്തിന്റെ കടുത്ത ആരാധകർ പോലും പറയില്ല. പാക്ക് സൈന്യമാണ് ഇമ്രാനെ നിയന്ത്രിക്കുന്നതെന്നും പാകിസ്താനിലെ ജനാധിപത്യം വെറുമൊരു ബലൂൺ മാത്രമാണെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്. പക്ഷേ, അഭിനന്ദന്റെ കാര്യത്തിൽ പാകിസ്താൻ വളരെ പെട്ടെന്ന് തീരുമാനമെടുത്തു. ഒരു കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതെങ്ങിനെയാണെന്നുള്ളതിന് ഉത്തമോദാഹരണമായി അത് മാറുകയും ചെയ്തു. പാകിസ്താന്റെ ഈ പ്രതികരണം കൃത്യമായി അടയാളപ്പെടുത്തുന്നതിലും നേരിടുന്നതിലും മോദി സർക്കാർ പിന്നാക്കം പോയി എന്ന വിമർശം പരിശോധിക്കപ്പെടേണ്ടതുണ്ട്. അഭിനന്ദന്റെ മോചനത്തിൽ തീരുന്ന ഒന്നല്ല ഭീകരപ്രവർത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം എന്ന് സംശയാതീതമായി വ്യക്തമാക്കപ്പെടേണ്ടതുണ്ട്. അഭിനന്ദന്റെ മോചനം മറയാക്കി പുൽവാമയുടെ ഉത്തരവാദിത്തത്തിൽ നിന്ന് തലയൂരാനുള്ള പാകിസ്താന്റെ ശ്രമം എല്ലാ തലത്തിലും തടയപ്പെടേണ്ടതുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ ബ്രിട്ടന്റെ പ്രഗത്ഭനും പ്രശസ്തനുമായ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പരാജയപ്പെട്ടു. യുദ്ധ കാലത്തിനു പറ്റിയ പ്രധാനമന്ത്രിയാണെങ്കിലും സമാധാന കാലത്തിന് ചർച്ചിൽ പോരെന്നാണ് ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. ചർച്ചിലിന്റെ ചരിത്രം പാഠവും പാഠപുസ്തകവുമാണ്. 1971 ലെ വിഖ്യാതമായ യുദ്ധ വിജയവും 77 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ തുണയ്ക്കെത്തിയില്ല. പ്രധാനമന്ത്രി മോദിക്ക് ഈ പാഠഭാഗങ്ങൾ ഇടയ്ക്കൊക്കെ ഒന്ന് മറിച്ചു നോക്കാവുന്നതാണ്. നിർണ്ണായക നിമിഷങ്ങൾ കൈവിട്ടുപോയാൽ കാലവും ചരിത്രവും നമ്മളെ കൈകകാര്യം ചെയ്യുന്നത് മാർദ്ദവമായ കൈയ്യുറകൾ ധരിച്ചുകൊണ്ടാവില്ല. content highlights:pulwama, balakot attack, modi, india, pakistan
from mathrubhumi.latestnews.rssfeed https://ift.tt/2SIgpbM
via
IFTTT
No comments:
Post a Comment