ന്യൂഡൽഹി: സംഝോത തീവണ്ടി സ്ഫോടനക്കേസിൽ സ്വാമി അസീമാനന്ദ ഉൾപ്പെടെ നാലു പ്രതികളെ പ്രത്യേക കോടതി വെറുതെ വിട്ടു. സ്വാമി അസീമാനന്ദ (നാഭ കുമാർ സർകാർ), ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരെയാണ് ഹരിയാണ പഞ്ച്കുളയിലെ പ്രത്യേകകോടതി വെറുതെ വിട്ടത്. 2007 ഫെബ്രുവരി 18-ന് പാകിസ്താനിലേക്കു പോവുകയായിരുന്ന സംഝോത എക്സ്പ്രസിലുണ്ടായ സ്ഫോടനത്തിൽ പാകിസ്താനികൾ ഉൾപ്പെടെ 68 പേരാണ് കൊല്ലപ്പെട്ടത്. കുറ്റകൃത്യത്തിൽ പ്രതികൾക്കുള്ള ബന്ധം തെളിയിക്കാൻ എൻ.ഐ.എ.ക്ക് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. ഹരിയാണയിലെ പാനിപത്തിലെത്തിയപ്പോഴായിരുന്നു സ്ഫോടനം. തന്റെ രാജ്യത്തെ ചില ദൃക്സാക്ഷികളെക്കൂടി വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പാക് വനിത നൽകിയ അപേക്ഷ തള്ളിയശേഷമാണ് എൻ.ഐ.എ. പ്രത്യേക കോടതി ജഡ്ജി ജഗദീപ് സിങ് വിധി പറഞ്ഞത്. ഹർജിയിൽ കഴമ്പില്ലെന്ന് കോടതി വിലയിരുത്തി. ഹരിയാണ പോലീസ് അന്വേഷിച്ചിരുന്ന കേസ് 2010 ജൂലായിലാണ് ദേശീയ അന്വേഷണ ഏജൻസിക്കു (എൻ.ഐ.എ.) കൈമാറിയത്. 2011 ജൂലായിൽ എട്ടുപേർക്കെതിരേ ഭീകരാക്രമണത്തിന് എൻ.ഐ.എ. കുറ്റപത്രം നൽകി. എൻ.ഐ.എ. പ്രതിചേർത്ത എട്ടുപേരിൽ അസീമാനന്ദ, ലോകേഷ് ശർമ, കമൽ ചൗഹാൻ, രജീന്ദർ ചൗധരി എന്നിവരാണ് കോടതിക്കുമുമ്പാകെ ഹാജരായി വിചാരണ നേരിട്ടത്. സ്ഫോടനത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സുനിൽ ജോഷി മധ്യപ്രദേശിലെ ദേവാസ് ജില്ലയിൽ തന്റെ വീടിനടുത്തുവെച്ച് 2007 ഡിസംബറിൽ വെടിയേറ്റു മരിച്ചു. മറ്റു മൂന്നൂ പ്രതികളായ രാമചന്ദ്ര കൽസാംഗ്ര, സന്ദീപ് ദംഗെ, അമിത് എന്നിവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റിലായ അസീമാനന്ദയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും മറ്റു മൂന്നു പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, സ്ഫോടകവസ്തു നിയമം, റെയിൽവേ നിയമം എന്നീ വകുപ്പുകൾ ചേർത്താണ് എൻ.ഐ.എ. കുറ്റപത്രം നൽകിയത്. ഗുജറാത്തിലെ അക്ഷർധാം, ജമ്മുവിലെ രഘുനാഥ് മന്ദിർ, വാരാണസിയിലെ സങ്കട് മോചൻ ക്ഷേത്രം എന്നിവിടങ്ങളിൽ നടന്ന ഭീകരാക്രമണത്തിനു പകരംവീട്ടാനാണ് സംഝോതയിൽ സ്ഫോടനം നടത്തിയതെന്നും കുറ്റപത്രത്തിലുണ്ട്. 'ബോംബിന് മറുപടി ബോംബുകൊണ്ട്' എന്ന തത്ത്വമുണ്ടാക്കിയാണ് പ്രതികൾ ആക്രമണത്തിനു പദ്ധതിയിട്ടതെന്നും കുറ്റപത്രത്തിൽ പറഞ്ഞു. 2007 -ൽ ഹൈദരാബാദിലെ മക്ക മസ്ജിദിൽ നടന്ന സ്ഫോടനക്കേസിലും അജ്മേർ ദർഗ സ്ഫോടനക്കേസിലും അസീമാനന്ദ ഉൾപ്പെെടയുള്ള പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. Content Highlights:Swami Aseemanand 3 Others Acquitted In Samjhauta Blast Case
from mathrubhumi.latestnews.rssfeed https://ift.tt/2UN0muY
via
IFTTT
No comments:
Post a Comment