ജാഥകൾ കുറഞ്ഞു. ഇരമ്പുന്ന മുദ്രാവാക്യങ്ങളും ഇല്ലാതായി. കാലം മുദ്ര ചാർത്തിയ എത്രയെത്ര ഈരടികളാണ് കേരളത്തിലെ തെരഞ്ഞടുപ്പു കാലങ്ങളെ ത്രസിപ്പിച്ചിരുന്നത്.... ജനാധിപത്യത്തിന്റെ വിളവെടുപ്പുത്സവമാണ് തിരഞ്ഞെടുപ്പുകൾ. ഈ വയലിലെ കൊയ്ത്തുപാട്ടുകളാണ് മുദ്രാവാക്യങ്ങൾ. കാലം മാറി. ജാഥകളും പ്രചാരണ ഘോഷയാത്രകളും കുറഞ്ഞു. മാറ്റം മുദ്രാവാക്യങ്ങളിലും വന്നു. കാലം മുദ്ര ചാർത്തിയ എത്രയെത്ര മുദ്രാവാക്യങ്ങൾ! ഇന്നാണെങ്കിൽ അതിൽ പലതും വിളിക്കാനേ പറ്റില്ല! നേതാവിനെ ധീരാ... വീരാ... എന്നു വിളിക്കുന്നതും, ചോര തരാം.. നീരു തരാം.. വേണേൽ ജീവൻ തന്നേക്കാം.. എന്ന് വാഗ്ദാനം ചെയ്യുന്നതുമൊന്നും മുമ്പ് പതിവില്ല. എതിരാളിയെ നേരിട്ട് ആക്രമിക്കുന്ന രീതിയാണ് അന്നുണ്ടായിരുന്നത്. എതിരാളി എത്ര ഉന്നതനായാലും മുദ്രാവാക്യത്തിന്റെ കടുപ്പം കുറയില്ല. ഗാന്ധി എന്താക്കി..? ഇന്ത്യ മാന്തിപ്പുണ്ണാക്കി.. എന്ന് ഗാന്ധിവിരുദ്ധർ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഇന്നാണെങ്കിൽ രാഷ്ട്രപിതാവിനെ നിന്ദിച്ചതിന് കേസെടുത്തേക്കാം. ഗാന്ധിഭക്തർ ഗാന്ധിനിന്ദ ആരോപിച്ചേക്കാം... ഇ.എം.എസ്സേ നമ്പൂരീ, ഈയം പൂശി ഈയലുപോലെ പറപ്പിക്കും.., ഇല്ലത്തേക്കു പറപ്പിക്കും..എന്ന് മുദ്രാവാക്യം മുഴങ്ങിയിട്ടുണ്ട് കേരളത്തിൽ. ഇന്നാണെങ്കിൽ ഇലക്ഷൻ കമ്മീഷൻ ജാതി പരാമർശത്തിന് കേസെടുക്കും. രാജി വയ്പിക്കും.., ക്ഷ വരപ്പിക്കും.., നമ്പൂരിച്ചനെ കെട്ടുകെട്ടിക്കും.. എന്നതും അലയൊലിയുയർത്തിയ വിമോചന സമരകാല മുദ്രാവാക്യമായിരുന്നു. വ്യക്തിയുടെ പ്രത്യേകതകളെയും എന്തിന്, അംഗപരിമിതിയെപ്പോലും അപഹസിച്ച് മുദ്രാവാക്യം മുഴങ്ങിയത് രാഷ്ടീയകേരളം കേട്ടിട്ടുണ്ട്. ഇ.എം.എസ്. മന്ത്രിസഭയിലെ ഭക്ഷ്യമന്ത്രിയായിരുന്നു കെ.സി.ജോർജ്ജ്. ആന്ധ്ര അരി കുംഭകോണകാലത്ത്, ഒന്നരക്കൊല്ലം കൊണ്ടൊന്നരക്കോടി കട്ടോരൊന്നരക്കാലൻ രാജിവയ്ക്ക് എന്നായിരുന്നു കോൺഗ്രസിന്റെ മുദ്രാവാക്യം. കള്ളാ കുള്ളാ അന്തോണിച്ചാ... എന്ന് മാർക്സിസ്റ്റുകാരും വിളിച്ചിട്ടുണ്ട്. അശ്ലീലസ്പർശമുള്ള മുദ്രാവാക്യങ്ങൾക്കും കുറവൊന്നുമുണ്ടായിട്ടില്ല കേരളത്തിൽ. അതൊന്നും ഇവിടെ കുറിക്കുന്നില്ല. .....ഞങ്ങടെ നേതാവെങ്കിൽ, പോടാ പുല്ലേ.... എന്ന മട്ടിൽ സ്ഥാനാർത്ഥിയുടെയും എതിരാളിയുടെയും പേരുകൾ ചേർത്ത് മുമ്പ് വിളിക്കുമായിരുന്നു. ആണിയടിച്ചേ , ആണിയടിച്ചേ .. എന്നു തുടങ്ങുന്ന മുദ്രാവാക്യം മുഷ്ടിചുരുട്ടി വാനിലേക്ക് എറിഞ്ഞ് വിളിക്കുന്നത് എപ്പോഴും തോറ്റ സ്ഥാനാർത്ഥികൾക്ക് എതിരെയായിരുന്നു. ശവപ്പെട്ടിമേൽ അവസാനത്തെ ആണി അടിച്ചുവെന്നാണ് അനുയായി ഉദ്ദേശിക്കുന്നത്. സ്ഥാനാർത്ഥിക്ക് മുദ്രാവാക്യം വിളിക്കുന്നവർ എതിരാളിക്ക് മൂർദ്ദാബാദ് വിളിക്കാനും മറന്നില്ല. കോൺഗ്രസ്, പി.എസ്.പി., ലീഗ് എന്നിവ ചേർന്ന മുന്നണി മുക്കൂട്ടുമുന്നണി എന്ന് പരിഹസിക്കപ്പെട്ടു. മുദ്രാവാക്യവുമുണ്ടായി. മൂന്നു കൊടി കൂട്ടിക്കെട്ടി, മൂന്നിനുമൂന്നും വിപരീതം..... സി.പി.ഐ.യുടെ സമുന്നത നേതാവ് എം.എൻ.ഗോവിന്ദൻ നായരെയും സ്വതന്ത്ര പാർട്ടിയുടെ നേതാവ് പി.ഡി. തൊമ്മനെയും പരിഹസിച്ച് എമ്മനും തൊമ്മനും കൂട്ടുചേർന്ന്.. എന്ന മുദ്രാവാക്യവുമുണ്ടായി. താളം, പ്രാസം, കവിത്വം ഒക്കെ മുദ്രാവാക്യങ്ങളിൽ പ്രതിഫലിച്ചിരുന്നു. മാർക്സിസ്റ്റിന്റെ ഭരണം വന്നാൽ, കുരങ്ങിന്റെ കയ്യിലെ പൂമാല, നാട് കുരങ്ങിന്റെ കയ്യിലെ പൂമാല എന്ന് വിളിപ്പിച്ചത് പനമ്പിള്ളി ഗോവിന്ദമേനോനാണ്. കോൺഗ്രസ് കാള കൊഴുപ്പുള്ള കാള നെഹ്രൂനെത്തന്നെ കുത്തുന്ന കാള എന്ന് മറുവാക്കുമുണ്ടായി. നുകം വച്ച കാളയായിരുന്നു അന്ന് കോൺഗ്രസിന്റെ ചിഹ്നം. വ്യക്തിയെന്ന നിലയിൽ ഇന്ദിരാഗാന്ധിയേപ്പോലെ എതിർത്തും അനുകൂലിച്ചും മുദ്രാവാക്യങ്ങൾ ഏറ്റുവാങ്ങിയ നേതാവ് വേറെ ഉണ്ടാവില്ല. ഭാരതയക്ഷി എന്നു വരെ ഇന്ദിര വിശേഷിപ്പിക്കപ്പെട്ടു. പ്രിയദർശിനി എന്ന് നെഹ്റുവും ഇന്ദുവെന്ന് മഹാത്മാഗാന്ധിയും വിളിച്ചിരുന്ന ഇന്ദിരയെയാണ് എതിരാളികൾ യക്ഷിയാക്കിയത്. ഇന്ദിരയാണ് ഇന്ത്യയെന്നും, ഇന്ദിരയെ വിളിക്കൂ.. ഇന്ത്യയെ രക്ഷിക്കൂ എന്നും ഏറ്റുവിളിക്കപ്പെട്ട കാലത്തുതന്നെ അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന മുദ്രാവാക്യം കേരളത്തിൽ അലയുയർത്തി. ധാരിയ പോയി, ധാരണപോയി, ബഹുഗുണ പോയി ഗുണവും പോയി എന്നതായിരുന്നു മറ്റൊന്ന്. അടിയന്തരാവസ്ഥയ്ക്കു ശേഷം മോഹൻ ധാരിയയും ഹേമവതി നന്ദൻ ബഹുഗുണയും ഇന്ദിരാഗാന്ധിയെ തള്ളിയതാണ് പശ്ചാത്തലം. പശുവും കിടാവും കോൺഗ്രസ് ചിഹ്നമായപ്പോൾ അത് ഇന്ദിരയും സഞ്ജയുമാണെന്ന് കാണിച്ച് മുദ്രാവാക്യമുണ്ടായി. രണ്ടുപേരും തോറ്റപ്പോൾ ഇതായിരുന്നു മുദ്രാവാക്യം. പശുവും പോയി, കിടാവും പോയി, നിങ്ങളറിഞ്ഞോ നാട്ടാരേ.. യാഥാർത്ഥ്യമാവാതെ പോയ മുദ്രാവാക്യങ്ങൾ എത്ര വേണമെങ്കിലുമുണ്ട്. എം. എ. ജോൺ നമ്മെ നയിക്കുമെന്നു പരിവർത്തനവാദികൾ മുദ്രാവാക്യം മുഴക്കി. കേരം തിങ്ങും കേരള നാട് കെ.ആർ.ഗൗരി ഭരിച്ചീടും എന്ന് തെക്കൻ ജില്ലകളിൽ മുദ്രാവാക്യം അലയടിച്ചതും ഓർക്കാം. ജോൺ ഒന്നുമായില്ല, ഗൗരിയമ്മ മുഖ്യമന്ത്രിയുമായില്ല. ഇപ്പോൾ ജാഥകൾ കുറഞ്ഞു. ഇരമ്പുന്ന മുദ്രാവാക്യങ്ങളും ഇല്ലാതായി. ആവേശത്തോടെ അതേറ്റുവിളിക്കാനും ആളില്ല. ജാഥയിൽ വരുന്നവർ കൂലിക്കാരോ അന്യസംസ്ഥാനക്കാരോ ആവുമ്പോൾ അങ്ങിനെയല്ലേ വരൂ. അപ്പോൾ ഇല്ലാതാവുന്നത് കാലം മുദ്ര ചാർത്തിയ കുറെ മനോഹരമായ ഈരടികൾ കൂടിയാണ്.. Content Highlights:kerala political slogans, politics,
from mathrubhumi.latestnews.rssfeed http://bit.ly/2GoNR3Z
via
IFTTT
No comments:
Post a Comment